2012, ഫെബ്രുവരി 8, ബുധനാഴ്‌ച

നോസ്ട്രദാമസും മുല്ലപ്പെരിയാര്‍ ഡാമും ദൈവവും

ഡിസംബര്‍ അവസാനം ആരോ ഫോര്‍വേര്‍ഡുചെയ്ത് ഒരു ഇ-മെയില്‍ എനിക്കു കിട്ടി. ശീര്‍ഷകം കണ്ടതേ വായിക്കാന്‍ തോന്നി. 'നോസ്ട്രദാമസിന്റെ പ്രവചനങ്ങളില്‍ മുല്ലപ്പെരിയാര്‍ ദുരന്തവും?!' കത്തിന്റെ അവസാനം കൊടുത്തിരുന്ന വാക്യങ്ങള്‍ ശ്രദ്ധേയമായിത്തോന്നി: ''ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ ഞാനിവിടെ പങ്കുവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അല്ലാതെ ആരെയെങ്കിലും പേടിപ്പിക്കാനോ ഭീതിയിലാഴ്ത്താനോ ഒന്നുമല്ല. ഡാം തകരരുത് എന്നാഗ്രഹിക്കുന്ന ഒരാള്‍ തന്നെയാണ് ഞാനും. കാരണം ഡാം തകര്‍ന്നാല്‍ ഇല്ലാതെയാവുന്ന നാല് ജില്ലയില്‍പ്പെട്ട ഒരാള്‍ എന്ന ആശങ്ക എനിക്കുമുണ്ട്. ആരെയും പേടിപ്പിച്ചു പ്രാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല . പക്ഷേ വായിച്ച ഒരു കാര്യം ഷെയര്‍ ചെയ്യുന്നത് തെറ്റായി എനിക്ക് തോന്നാത്തത് കൊണ്ട് പോസ്റ്റ് ചെയ്തു എന്നുമാത്രം. ഞാന്‍ ഇത് എഴുതി എന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ അണക്കെട്ട് പൊട്ടിയാല്‍ അഗസ്ത്യമുനി വെള്ളം ഭൂമിയില്‍ ഒഴുകാതെ താങ്ങി കൊള്ളും അതുകൊണ്ട് പുതിയ ഡാം വേണ്ട എന്ന് പ്രചരിപ്പിക്കുന്നവര്‍ ഈ കാലഘട്ടത്തില്‍ അല്ല ജീവിക്കുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.'' 
ഇ-മെയിലിന്റെ തുടക്കം ഇങ്ങനെയായിരുന്നു:
''ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രദാമസ്. രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട് . അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്ന ചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ദുരന്തത്തിലാണ്. ലണ്ടനില്‍ താമസിക്കുന്ന കുറച്ചു മലയാളികള്‍ ആണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. ബൂലോകം ഓണ്‍ലൈനിന്റെ എഡിറ്റര്‍മാരും ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്മാരും നോസ്ട്രദമാസ് രചിച്ച 'ലെ പ്രോഫസിസ്' എന്ന ഗ്രന്ഥത്തില്‍ നിപുണന്മാാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍ ആണത്രേ മുല്ലപ്പെരിയാര്‍ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്.''
അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ - ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ കവിതാരൂപത്തിലുള്ള പ്രവചനം - മലയാളത്തില്‍ ചുവടെ ചേര്‍ത്തിരുന്നു:
''ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും
ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും
ഇരു മലകള്‍ അത് തടയാന്‍ വിഫലമായ്‌പൊരുതും
പിന്നെ ജലദേവി പുതിയൊരു അരുണനദി തീര്‍ക്കും''



പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്: ഈ പ്രവചനം രണ്ടായിരത്തി പന്ത്രണ്ടു ജൂലായ് മാസം ആറ്, ഏഴ്, എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണ്. പാശ്ചാത്യ ജ്യോതിഷത്തില്‍ ദേവീസ്ഥാനത്തുള്ള വീനസ് തന്റെ ചലനത്തിനാല്‍ തെക്കേ ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടു മെയ് ജൂണ്‍ മാസം വിനാശം വിതക്കും. ഇത് പ്രളയം, ഭൂകമ്പം, മുതലായവയിലൂടെ ആയിരിക്കും. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നുവരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലമായ ശ്രമം നടത്തും. ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍, കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു
ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാരതാണ്ഡവമാടും. ഒരു പുതിയ വന്‍നദി രൂപപ്പെടും. ചുവന്ന ജലം എന്നതുകൊണ്ട് ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജലപ്രവാഹം എന്നായിരിക്കണം നോസ്ട്രദാമസ് അര്‍ഥമാക്കുന്നത്.
കത്തു തുടരുന്നു: ''ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്‌നിബാധ, ഇവ കൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത് ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നോസ്ട്രദാമസ് നടത്തിയ ഈ പ്രവചനം നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല. അഥവാ അങ്ങനെ നടന്നാല്‍ തടയാന്‍ കഴിയുമായിരുന്ന ഒരു ദുരന്തം തടയാതിരുന്നതിന്റെ പേരില്‍ ലോകത്തോട് ഉത്തരം പറയുന്നതില്‍നിന്ന് ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ഒരിക്കലും കഴിയുകയില്ല.''


നവംബറില്‍ എനിക്കു കിട്ടിയ ഒരു ഇ-മെയിലിന്റെ കാര്യം പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു. Center of the Bible എന്ന പേരിലുള്ള ഒരു പ്രസന്റേഷനായിരുന്നു അത്. 'എന്തുകൊണ്ട് ഇതിങ്ങനെ ആയി എന്നത് തികച്ചും വിചിത്രമായി തോന്നിയേക്കാം. നിങ്ങള്‍ക്കു മതപരമായ ആഭിമുഖ്യമില്ലെങ്കിലും ഇതൊന്നു വായിക്കുക' എന്നായിരുന്നു അതിന്റെ ആമുഖം.
ക്ലിക്കു ചെയ്തപ്പോള്‍ സുന്ദരമായ ചിത്രങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ രണ്ടാമത്തെ സ്ലൈഡ്. അതില്‍ തെളിഞ്ഞുവന്നത് കുറെ ചോദ്യങ്ങള്‍: അതിലെ അവസാനത്തെ ചോദ്യം ഇങ്ങനെ: 'ബൈബിളിന്റെ കേന്ദ്രസ്ഥാനത്തുള്ള വാക്യമേത്?' അടുത്ത ക്ലിക്കില്‍ ഉത്തരം തെളിഞ്ഞുവന്നു: 'സങ്കീര്‍ത്തനം 118: 8. കര്‍ത്താവില്‍ അഭയം തേടുന്നതാണ് മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ ഉത്തമം.'

അപ്പോള്‍ ക്രിസ്തീയതയുടെ ആത്മാവ് ക്രിസ്തുവിന്റെ വചനങ്ങളിലാണെന്നു ബോധ്യപ്പെടുത്തിത്തന്ന ഗുരു നിത്യചൈതന്യയതി എഴുതിയിട്ടുള്ള 'ലോകശാന്തി' എന്ന ലേഖനം പണ്ടു വായിച്ചത് ഓര്‍മ്മ വന്നു. ''1982 മെയ്മാസത്തില്‍ മോസ്‌കോയില്‍വച്ചു കൂടിയ മതനേതാക്കന്മാരുടെ സമ്മേളനത്തില്‍ വിശ്വവിഖ്യാതരായ റഷ്യന്‍, അമേരിക്കന്‍, ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് ശാസ്ത്രജ്ഞ ന്മാര്‍സന്നിഹി തരായി ന്യൂക്ലിയര്‍യുദ്ദം കൊണ്ടുണ്ടാകാവുന്ന കെടുതികളെപ്പറ്റി വളരെ ആവേശത്തോടെ സംസാരിക്കുകയുണ്ടായി. ആ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടിരുന്നവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കകം ലോകം ഇല്ലായ്മചെയ്യപ്പെടുമെന്ന ഭയമാണ് മനസ്സില്‍ ഉദിച്ചത്.....അപ്പോല്‍ കിഴക്കേ ആഫ്രിക്കയില്‍നിന്നുവന്നവളരെ ചെറിയ ഒരു കറുത്ത മനുഷ്യന്‍  (നീഗ്രോ) ആ ശാസ്ത്രജ്ഞരെയും നയതന്ത്രജ്ഞന്മാരെയും മതപ്രതിനിധികളെയും ഒട്ടനേകം രാജ്യങ്ങളുടെ നേതാക്കനമാരെയും സംബോധനചെയ്തുകൊണ്ടു പറഞ്ഞു:
'ഈ ലോകം ദൈവം സൃഷ്ടിച്ചതാണ്. ഇവിടെ നിങ്ങള്‍ ഭയപ്പെടുന്നമാതിരി ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഈ നല്ല ലോകത്തെ സംരക്ഷിക്കുവാനല്ലാതെ നശിപ്പിക്കുവാന്‍ ദൈവം ഒരിക്കലും ഇച്ഛിക്കുകയല്ല. നിങ്ങള്‍ സമാധാനമായി വീട്ടില്‍ പോയ്‌ക്കൊള്ളുവിന്‍!'


അതുവരെ വീര്‍പ്പുമുട്ടിയിരുന്ന എണ്ണൂറോളം ഡലിഗേറ്റുകളും അതിഥികളായി വന്ന   ശാസ്ത്രജ്ഞന്മാരുമെല്ലാം സകല ദുഃഖവും പരാജയബോധവും ഒരു നിമിഷത്തേക്കെങ്കിലും മറന്നുകൊണ്ട് പൊട്ടിച്ചിരിച്ചു. കറുത്തിരുണ്ട മാനസികാന്തരീക്ഷത്തെ പെട്ടെന്നു തെളിച്ചമുള്ളതാക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞു. എനിക്ക് ആ മനുഷ്യനെ കെട്ടിപ്പുണര്‍ന്ന് ഉമ്മവയ്ക്കുവാന്‍ തോന്നിപ്പോയി''


നിത്യചൈതന്യയതി തുടരുന്നു: '' ....ലോകത്തിനു മുഴുവന്‍ സമാധാനമുണ്ടാക്കുവാന്‍ നമുക്കുടനെ കഴിയില്ലെങ്കിലും സമാധാനമുള്ളവരായി ലോകത്തു കഴിയാന്‍ സാധിക്കും. ആദ്യം സമാധാനം കാണേണ്ടത് അവരവരുടെ കൊച്ചുകൊച്ചു ലോകങ്ങളിലാണ് -- ഭാവനയില്‍, വാക്കില്‍, പ്രവൃത്തിയില്‍, തന്നോടു ബന്ധപ്പെട്ടിരിക്കുന്ന പ്രിയ മിത്രവുമായുള്ള വേഴ്ചയില്‍, സ്വന്തം കുടുംബത്തില്‍, അയല്‍ക്കാരനുമായുള്ള സൗഹൃദത്തില്‍, സ്വദേശത്ത്, സ്വരാജ്യത്ത്, അങ്ങനെ ലോകം മുഴുവന്‍ സ്വാത്മാവില്‍നിന്നു പരന്നൊഴുകുന്ന പ്രശാന്തിയില്‍ ആമഗ്നമാകണം. ഇതിന്റെ ആദ്യപടി 'ലോകശാന്തിക്ക് ഞാന്‍ ഉത്തരവാദി' എന്ന ബോധം ഉണ്ടാകുകയാണ്. വലിയ സമാധാനഉടമ്പടി ഒപ്പു വയ്ക്കുന്നതിനുമുമ്പ് സമാധാനത്തിന്റെ മാധുര്യം സ്വയം നുകരണം.''


ഈ ദര്‍ശനം തന്റെ ജീവിതത്തില്‍ അനുഭവവേദ്യമായതിന്റെ ഏതാനും ഉദാഹരണങ്ങളും അദ്ദേഹം തുടര്‍ന്ന് പങ്കുവയ്ക്കുന്നു. അതില്‍ ഒന്നിതാണ്:
''....... ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്ന കാലം. ഈസ്റ്റ് പാക്കിസ്ഥാനില്‍നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കല്‍ക്കത്തയിലേക്ക് വരാന്‍ തുടങ്ങി. നെഹ്‌റു തന്റെ നയതന്ത്രങ്ങള്‍ എല്ലാം ഉപയോഗിച്ചു. ഒന്നിനും പാക്കിസ്ഥാനില്‍നിന്നുള്ള അഭയാര്‍ഥിപ്രവാഹത്തെ തടയുവാന്‍ കഴിയുകയില്ലെന്നായപ്പോള്‍ അദ്ദേഹത്തിന്റെ ക്ഷമ കെട്ടു. അക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ ഗുല്‍സാരിലാല്‍ നന്ദ മിക്കപ്പോഴും എന്റെ സൈക്കിക്ക് ആന്‍ഡ് സ്പിരിച്വല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ വരുമായിരുന്നു. അദ്ദേഹമായിരുന്നു ഇന്‍സ്റ്റിട്യൂട്ടിന്റെ ചെയര്‍മാന്‍. ഒരു രാത്രിയില്‍അദ്ദേഹം വന്നപ്പോള്‍ വളരെ ചിന്താധീനനായി കാണപ്പെട്ടു. അപ്പോള്‍ പാക്കിസ്ഥാനുമായി ഒരു യുദ്ധം അനിവാര്യമായിരിക്കുന്നു എന്ന വസ്തുത അദ്ദേഹം ഉത്കണ്ഠാകുലനായി എന്നോടു പറഞ്ഞു. അതുണ്ടാക്കാവുന്ന നാശനഷ്ടവും ഇരു രാജ്യങ്ങളുടെയും ഇടയില്‍ പിന്നെയും ദീര്‍ഘനാള്‍ നീണ്ടു നില്ക്കാവുന്ന ശത്രുതയും ഒഴിവാക്കുവാന്‍ വേണ്ടി ഇരു രാജ്യങ്ങളിലെയും ആഭ്യന്തരമന്ത്രിമാര്‍ ഒരു ഉന്നതതല ചര്‍ച്ചയ്ക്ക് ഒന്നിച്ചു കൂടാനുള്ള സാധ്യത തേടണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ആദ്യം, അതു തീരെ സാധ്യമല്ല, നെഹ്‌റു അത്രയ്ക്കു കുപിതനായിരിക്കുകയാണ് എന്ന് നന്ദ പറഞ്ഞു. ഏതായാലും ആ ആശയം നെഹ്‌റുവിന്റെ മുമ്പില്‍ വയ്ക്കാമെന്നു പറഞ്ഞ് അന്നു പിരിഞ്ഞു. പാക്കിസ്ഥാന്‍ 'സമ്മിറ്റ് മീറ്റിങ്ങി'നു സമ്മതിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ സമ്മതമായേക്കാവുന്ന അഞ്ചു വ്യവസ്ഥകള്‍ എഴുതി ഞാന്‍ ശ്രീ നന്ദയെ ഏല്പിച്ചു. അത് ഒരു പാക്കിസ്ഥാനിയായിട്ടോ ഇന്ത്യാക്കാരനായിട്ടോ ചിന്തിച്ച് ഞാന്‍ എഴുതിയതായിരുന്നില്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ജനങ്ങളെ സ്വസഹോദരങ്ങള്‍ എന്നു കരുതി നിഷ്പക്ഷനിലയില്‍നിന്നു രൂപം കൊടുത്ത വ്യവസ്ഥകളായിരുന്നു. എന്നാല്‍, പിന്നീട് അതിന്റെ കൂടെ ഭാരതസര്‍ക്കാറിന്റെ മുഖ്യോപദേശകന്മാര്‍ മറ്റു വ്യവസ്ഥകളും എഴുതിച്ചേര്‍ത്തു. ആ കരടുമായിട്ടാണ് ശ്രീ നന്ദ കോണ്‍ഫറന്‍സിനു പോയത്. മുകളില്‍ പറഞ്ഞ അഞ്ചു വ്യവസ്ഥകളും രണ്ടുവശത്തുനിന്നും നിരുപാധികം ഇരു രാജ്യങ്ങളിലുമുള്ള ആഭ്യന്തരമന്ത്രിമാര്‍ സ്വീകരിച്ചു. യുദ്ധം ഒഴിവായി.''


ഏതു മതസ്ഥര്‍ക്കും ഉള്‍ക്കൊള്ളാനാകേണ്ട ദൈവം നമ്മുടെ ഹൃദയത്തില്‍ത്തന്നെയാണെന്ന് നിത്യചൈതന്യയതി പറഞ്ഞതിന്റെ അനുഭവാധിഷ്ഠിതമായ വിശദീകരണമാണല്ലോ ഇത്. ഈ ദൈവം നമ്മുടെയുള്ളിലും ഉണ്ട്. ഈ ദൈവത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാനാവും എന്നാണ് നാം മനസ്സിലാക്കേണ്ടത്.



മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച് മലയാളികളായ ശ്രീ സി. ആര്‍ നീലകണ്ഠനും മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാനായിരുന്ന പ്രൊഫ. സി. പി റോയിയും ഈയടുത്തകാലത്തെടുത്ത ചില നിലപാടുകള്‍ അനേകം മലയാളികളുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എങ്കിലും അവരുടെ നിലപാടുകള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്ക് അവസരം നല്കിയ ഒരു യോഗത്തില്‍പങ്കെടുത്ത് അവരെ ശ്രവിച്ചപ്പോള്‍ മുന്‍വിധികളില്ലാതെ കാര്യങ്ങള്‍ കേള്‍ക്കാന്‍ കാതുകൊടുക്കുന്നതുകൊണ്ടുള്ള നേട്ടം വ്യക്തമായി. നിഷ്പക്ഷവും പ്രായോഗികവുമായ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ആണ് അവരില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. 
ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷ-വേളയില്‍ ഗുരു നിര്‍ദേശിച്ചതുപോലെ, കേരളത്തിനോ തമിഴ്‌നാടിനോ ഉള്ള താത്പര്യങ്ങള്‍ക്കതീതമായി നിന്നുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെയും സമീപിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണല്ലോ ഇതും എന്നാണ് അവരുടെ അഭിപ്രായങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ തോന്നിയത്്. ഇങ്ങനെ കാര്യങ്ങള്‍ കാണാന്‍ കഴിയുന്നവരുടെ കണ്ണ് ദൈവത്തിന്റെ കണ്ണ് എന്നു വിളിക്കപ്പെടാന്‍ യോഗ്യമാണ്. തന്റെ ഉള്ളില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ പോലും തന്റേതായാവില്ല, ദൈവാനുഗ്രഹത്താല്‍ തന്നിലൂടെ വെളിപ്പെട്ട ഒരാശയം എന്നു മാത്രമായിരിക്കും ഇക്കൂട്ടര്‍ കാണുക. ഇക്കൂട്ടരില്‍ നിന്നേ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ശാശ്വതപരിഹാരം നമുക്കു പ്രതീക്ഷിക്കാനാവൂ. 


മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ശ്രീ സി. ആര്‍ നീലണ്ഠന്റെയും പ്രൊഫ. സി. പി. റോയിയുടെയും നിഗമനങ്ങളുടെ സംഗ്രഹം ഇതാണ്:
തമിഴ്‌നാട്ടിലെ ജലദൗര്‍ലഭ്യംമൂലം കളവും കൊള്ളയും തൊഴിലാക്കേണ്ടിവന്ന അവിടുത്തെ ജനങ്ങളുടെ സാമ്പത്തികവും ധാര്‍മികവുമായ നിലവാരം, കൃഷിക്കനിവാര്യമായ ജലം ലഭ്യമാക്കി, മെച്ചപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെയായിരുന്നു, വളരെയേറെ പഠിച്ച് തിരുവിതാംകൂര്‍ രാജാവ് മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പുവച്ചത്. അക്കാലത്ത് തിരുവിതാംകൂറിലെ ദളവായും പിന്നീട് കരാറില്‍ വൈദ്യുതി ഉത്പാദനം ഉള്‍പ്പെടുത്തണമെന്നു വാദമുണ്ടായപ്പോള്‍ എതിര്‍ത്ത സര്‍സി.പി. രാമസ്വാമിഅയ്യരും തമിഴരായിരുന്നെങ്കിലും തികച്ചും നിഷ്പക്ഷമതികളായിരുന്നു.


കരാറനുസരിച്ച് മുല്ലപ്പെരിയാറ്റിലെ ജലം തമിഴ്‌നാടിന്റേതാണ്. നിയമപരമായി അവര്‍ക്കവകാശപ്പെട്ട ആ ജലം അവര്‍ എടുക്കുന്നതിനെ തടസ്സപ്പെടുത്താന്‍ കേരളീയര്‍ക്കവകാശമില്ല.


മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പു താഴത്തുകയാണ് നിലവിലുള്ള വൃദ്ധമായ ഡാം ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് കേരളീയര്‍ക്ക് മോചനം കിട്ടാന്‍ അനിവാര്യമായും ചെയ്യേണ്ടത്.
ജലനിരപ്പു താഴ്ത്തുമ്പോഴും തമിഴ്‌നാടിന് ഇപ്പോഴത്തെയളവില്‍ത്തന്നെ വെള്ളം ലഭ്യമാക്കാന്‍ അമ്പതടി ഉയരത്തില്‍ ഒരു തുരങ്കമുണ്ടാക്കി തമിഴ്‌നാട്ടിലേക്ക് ജലമൊഴുക്കിയാല്‍മതി. താരതമ്യേന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അധികമില്ലാത്ത തമിഴ്‌നാട്ടില്‍ത്തന്നെ ചെറിയ ഡാമുകള്‍ നിര്‍മിച്ച് തമിഴ്‌നാടിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ വികേന്ദ്രീകൃതമായി ജലം സംഭരിക്കുക, വിതരണം ചെയ്യുക.

ഇതാണ് ഏറ്റവും അപകടരഹിതവും യുക്തിസഹവും ശാശ്വതവുമായ പരിഹാരമാര്‍ഗം. മുല്ലപ്പെരിയാറില്‍ താരതമ്യേന വളരെച്ചെറിയ ജലാശയം മാത്രം നിലനിര്‍ത്തുകയാണെങ്കില്‍, ഭൂകമ്പത്താല്‍ ഡാം തകരുകയാണെങ്കില്‍പോലും ആളപായം കുറയുകയും ചെയ്യും.


മുകളില്‍പറഞ്ഞ പരിഹാരമാര്‍ഗം ഭീകരമായ ദുരന്തസാധ്യത ശാശ്വതമായി ഒഴിവാക്കും. അതി നുപുറമെ ഇപ്പോള്‍ ജലാശയത്തിനടിയിലായിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം നമുക്കു കരഭൂമിയായി ലഭിക്കുന്നതിനും ഇടനല്കുന്നതാണ് ഈ നിര്‍ദ്ദേശം. അവിടെ സസ്യജാലങ്ങളും മൃഗങ്ങളും ജീവിച്ചു തുടങ്ങും. കുറെയേറെ പ്രദേശങ്ങളില്‍ ജനജീവിതവും കൃഷിയും സുഗമമാകും.
'വലിയ അണക്കെട്ടില്ലാതെ, കേരളീയരുടെ സുരക്ഷയുറപ്പാക്കി തമിഴ്‌നാടിനു വെള്ളം' എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുകയും അങ്ങനെ ആവശ്യപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ അടിയന്തിരമായി മുന്നോട്ടുവരുകയുമാണു ജനങ്ങള്‍ ചെയ്യേണ്ടത്.


മുല്ലപ്പെരിയാര്‍ ഡാം തകരാനുള്ള സാധ്യതയെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളൊന്നും ഭീതിജനകമായ റിപ്പോര്‍ട്ടുകള്‍ നല്കുന്നില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.5 വരുന്ന ഭൂകമ്പം കേരളത്തിലുണ്ടാകാന്‍ സാധ്യത വളരെ കുറവാണെന്നും അങ്ങനെയുണ്ടായാല്‍ മുല്ലപ്പെരിയാറിനു മാത്രമല്ല മറ്റെല്ലാ ഡാമുകള്‍ക്കും അതു ഭീഷണിയാണെന്നും നാമോര്‍ക്കണം. മുല്ലപ്പെരിയാര്‍ വിഷയം പഠിക്കുന്ന വിദഗ്ധസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റീസ് കെ.ടി. തോമസ്, ശ്രീ തട്ടേയെപ്പോലെയുള്ള മറ്റു വിദഗ്ധാംഗങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള അംഗീകാരവും നിഷ്പക്ഷമായ ശാസ്ത്രബുദ്ധിയും അനിഷേധ്യമാണെന്ന് അഭിപ്രായപ്പെടുന്നു.
മുല്ലപ്പെരിയാറിനു പകരം മറ്റൊരു ഡാം പാരിസ്ഥിതികവും നിയമപരവും രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ അപ്രായോഗികമായ നിര്‍ദ്ദേശമാണ്. '



 കേരളം വിലവാങ്ങി തമിഴ്‌നാടിനു ജലം നല്കുന്ന കുറെ കരാറുകളുണ്ട്. പലതും പുതുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവ പുതുക്കുമ്പോള്‍ ന്യായമായ വില ചോദിക്കാനും അതു കിട്ടുന്നില്ലെങ്കില്‍ വെള്ളം കൊടുക്കാതിരിക്കാനും കേരളസര്‍ക്കാരിനു കഴിയും. മുല്ലപ്പെരിയാറ്റിലെ ജലത്തില്‍നിന്ന് ഇപ്പോല്‍ തമിഴ്‌നാട് വൈദ്യുതിയുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനു ന്യായമായ വില ചോദിക്കാനും കേരളത്തിനു കഴിയണം.
ശ്രീ സി. ആര്‍. നീലകണ്ഠന്‍, പ്രൊഫ.സി പി റോയി എന്നിവരോട് മുല്ലപ്പെരിയാര്‍കേസില്‍ കക്ഷിചേരാന്‍ ഹൈക്കോടതി നിര്‍ദേശം നല്കിയിട്ടുള്ളതും മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരമായി ഡാം കൂടുതല്‍ ബലപ്പെടുത്തിയാല്‍ മതി എന്നു നിര്‍ദ്ദേശിച്ച് അതിനായി കോടികള്‍ സംഭാവന ചെയ്യാന്‍ വരെ തയ്യാറായ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ജസ്റ്റീസ് കെ.ടി. തോമസും ഒക്കെ അവരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായി മുമ്പോട്ടു വന്നിട്ടുള്ളതും ദൈവികമായ ഇടപെടലായാണ് എനിക്കു തോന്നുന്നത്.

നമുക്കു സ്വയം ചോദിക്കാം: മറ്റൊരു മാര്‍ഗത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടു മാത്രമല്ലേ നാം പുതിയ ഡാം എന്ന് ഇതുവരെ പറഞ്ഞുപോന്നത്. കേരളീയരുടെ അബോധമനസ്സില്‍ എന്നും ഉണ്ടായിരുന്ന ശാശ്വതമായ പരിഹാരമാര്‍ഗം ചെറിയ ജലാശയവും ചെറിയൊരു ഡാമും ഉപയോഗിച്ചു വെള്ളം കൊടുക്കുക എന്നതായിരുന്നില്ലേ?

താഴെക്കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് വിവരമുള്ളവര്‍ വിവേകപൂര്‍വം മറുപടിതന്നാല്‍ സ്വന്തം ഉള്ളിലുള്ള ദൈവത്തെ കണ്ടെത്താനും ദൈവത്തിന്റെ കണ്ണോടെ കാര്യങ്ങള്‍ കാണാനും നമുക്കെല്ലാവര്‍ക്കും കഴിയും എന്നും പ്രശ്‌നങ്ങളെല്ലാം പരിഹൃതമാകും എന്നും ആണ് എന്റെ വിശ്വാസം:

മുല്ലപ്പെരിയാറ്റില്‍ മറ്റൊരു ഡാം ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനമെന്താണ്?

പുതിയ ഡാം പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ അവ എന്തൊക്കെയാണ്?

മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണശേഷി കുറച്ചാല്‍ ഇന്നത്തേതുപോലെ വൈദ്യുതി നിര്‍മ്മിക്കാന്‍ മുല്ലപ്പെരിയാര്‍ വെള്ളം തമിഴ്‌നാടിന് ഉപയോഗിക്കാനാകാതെവരില്ലേ?

അമ്പതോ നൂറോ അടിയായി ജലനില താഴ്ത്തിയാലും മുല്ലപ്പെരിയാര്‍ ഡാം അപകടഭീഷണിയില്‍ത്തന്നെ ആയിരിക്കില്ലേ?
മുല്ലപ്പെരിയാര്‍ഡാം ബലപ്പെടുത്താന്‍ കോടികള്‍ സംഭാവനചെയ്യാന്‍ തയ്യാറായ മഹദ്‌വ്യക്തിയോട്:
92 അടികുഴിച്ചു ചെന്നിട്ടും സുര്‍ക്കി കാണുന്നില്ല എന്നും പുറമേ പൊതിഞ്ഞിരിക്കുന്ന കോണ്‍ക്രീറ്റിന്റെ ബലമേ അണക്കെട്ടിനുള്ളു എന്നും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തടയണപോലും താങ്ങാന്‍ ഈ outer concrete covering പോരാ എന്നിരിക്കെ അണക്കെട്ടു ബലപ്പെടുത്താനുള്ള ശ്രമം ഫലവത്താകുമോ?

ജോസാന്റണി PIN: 686579, Phone: 9447858743, e-mail: josantonym@gmail.com

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ ഒരു ഒത്തുതീര്‍പ്പിന്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രൊഫ. സി പി റോയിയുടെ നിലപാട്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രൊഫ. സി പി റോയിയുടെ നിലപാട് രമ്യമായ ഒരു ഒത്തുതീര്‍പ്പിന് സഹായകവും തമിഴ്്‌നാട്ടിലെ കര്‍ഷകരുടെ നിലപാടുമായി പൊരുത്തപ്പെടുന്നതും ആണ് എന്നു വ്യക്തമാക്കുന്ന ഈ വീഡിയോക്ലിപ്പ് ഈ ബ്ലോഗില്‍ ഇടാന്‍ അനുവദിച്ച പ്രൊഫ. സി പി. റോയിക്ക് ഹൃദയംഗമമായ നന്ദി