2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

10-ാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്


ഇന്ത്യാ സിറ്റിസെന്‍സ് ഫോറത്തിന്‍റെ പ്രതികരണ കുറിപ്പുകള്‍
(Comments by India Citizen's Forum, Pala)


10-ാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്  14-07-2015 ചൊവ്വാഴ്ചത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം 8,500 രൂപയില്‍നിന്ന് 17,000 രൂപയായി വര്‍ദ്ധിക്കുന്നു.

1958 ഏപ്രിലില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വേതന സ്‌കെയില്‍ 30-01-40 രൂപയായിരുന്നു. പുതിയ നിരക്കില്‍ ഏറ്റവും കുറഞ്ഞ സ്‌കെയില്‍ 17,000 - 500 - 20,000 550 - 22, 200 - 600 - 25, 200 - 650 - 27,80  - 700 - 29,900 - 800 - 33, 900 - 900 - 35700. അന്ന് വാര്‍ഷിക ഇന്‍ക്രിമെന്റ് 1 രൂപാ. ഇന്ന് തുടക്കത്തില്‍ 500 രൂപാ. അവസാനം 900 രൂപാ. കുറഞ്ഞ അടിസ്ഥാനശമ്പളത്തിന്റെ തുടക്കം അന്ന് 30 രൂപാ. ഇന്ന് 17,000 രൂപാ. അതായത് 567 മടങ്ങുവര്‍ദ്ധന.
ഡി.എ, വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, സൗജന്യരോഗ ചികിത്സ, കുട്ടികള്‍ക്കു വിദ്യാഭ്യാസാനുകൂല്യങ്ങള്‍, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍, ആശ്രിത നിയമനം, ബോണസ്, വിരമിച്ചു കഴിഞ്ഞാല്‍ ആയുഷ്‌കാല പെന്‍ഷന്‍, മരണശേഷം ആശ്രിതര്‍ക്കു കുടുംബ പെന്‍ഷന്‍ തുടങ്ങി നിരവധി മറ്റാനുകൂല്യങ്ങള്‍.

ചുരുക്കത്തില്‍, മാസശമ്പളമൊന്നുമില്ലാത്ത സാധാരണ പൗരന്റെ വരുമാനത്തിന്റെ 5-6 ഇരട്ടി വരുമാനവുമായിട്ടാണ് സര്‍വ്വീസ് ആരംഭിക്കുന്നതുതന്നെ.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണം കടുത്ത അനീതിയും വിവേചനവുമാണെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, ഈ സംസ്ഥാനത്ത് ജോലിയേയും വേതനത്തേയും ട്രാന്‍സ്ഫറിനേയും സംബന്ധിക്കുന്ന കാര്യങ്ങള്‍ നിശ്ചയിക്കുന്നതു യൂണിയനുകളായതുകൊണ്ട് ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചു നടപ്പാക്കാന്‍ ഗവണ്‍മെന്റു നിര്‍ബന്ധിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും വര്‍ദ്ധിപ്പിക്കുമോ എന്നേ സംശയിക്കേണ്ടതുള്ളൂ. എങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

1. സ്വതന്ത്ര ഏജന്‍സി
ശമ്പളകമ്മീഷന്റെ ശുപാര്‍ശമൂലം പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്പത്തികലാഭം ലഭിക്കുന്ന വ്യക്തിയോ, വ്യക്തികളോ, രാഷ്ട്രീയക്കാരോ അവരുടെ ഏജന്റുമാരോ കമ്മീഷന്റെ തലവനോ അംഗമോ ആയി നിയമിക്കപ്പെടരുത്. കാരണം ഇതു കമ്മീഷന്റെ നിഗമനങ്ങളുടെയും ശുപാര്‍ശകളുടെയും വിശ്വാസ്യതയ്ക്കു കോട്ടം വരുത്തും. അങ്ങനെ വന്നാല്‍ കമ്മീഷനും ഗുണഭോക്താവിന്റെ സ്ഥാനത്തു വരികയാണ്. അതുകൊണ്ട് ആരോടും പ്രത്യേക വിധേയത്വമൊന്നും ഇല്ലാത്ത ഒരു സ്വതന്ത്ര ഏജന്‍സിയായിരിക്കണം കമ്മീഷനായി നിയമിക്കപ്പെടേണ്ടത്.

2. ശമ്പളസ്‌കെയിലുകളും പ്രതിശീര്‍ഷ വരുമാനവും
കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 80 ലക്ഷം എന്നാണു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങി ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഏതാണ്ടു 10 ലക്ഷം വരും. ഈ പത്തുലക്ഷം കുടുംബങ്ങളുടെ കുറഞ്ഞ വരുമാനം സര്‍ക്കാര്‍ ശമ്പളം പറ്റാത്ത ശരാശരി കുടുംബത്തിന്റെ വരുമാനത്തിന്റെ 5-6 ഇരട്ടിയെങ്കിലും വരും. ഈ അനുപാതം രണ്ടിരട്ടിയില്‍ കൂടുന്നത് സമൂഹത്തില്‍ കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കും. കേരളത്തില്‍ ഈ സ്ഥിതി വന്നു കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ ഏറെയായി. ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണെങ്കില്‍ അസന്തുലിതാവസ്ഥ കൂടുതല്‍ വര്‍ദ്ധിക്കുന്നു.

3. റവന്യൂ വരുമാനവും ശമ്പള ബില്ലും
സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാന്‍വേണ്ടി ചിലവഴിക്കപ്പെടുന്നു എന്നാണു കണക്ക്. ഈ ചെലവ് റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തിലധികമായാല്‍ വികസനോന്മുഖമാകേണ്ട സമ്പദ്‌വ്യവസ്ഥതന്നെ തകിടം മറിക്കപ്പെടുമെന്നതാണ് വസ്തുത. ഇനിയും ശമ്പള വര്‍ദ്ധനവു നല്‍കിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ വരുമാനവും ഉപയോഗപ്പെടുത്തിയാലും ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ വരും. കെ.എസ്.ആര്‍.ടി.സി. സാമ്പത്തിക ബുദ്ധിമുട്ടുതന്നെ ഉദാഹരണം. കെ.എസ്.ആര്‍.ടി.സി-യുടെ കടം 3,200 കോടി കവിഞ്ഞു എന്ന് 13-07-2015-ലെ ഒരു പത്രറിപ്പോര്‍ട്ടു കണ്ടു. സംസ്ഥാനത്തെ യാത്രാവശ്യത്തിന്റെ 20 ശതമാനം മാത്രം നിറവേറ്റുന്ന കെ.എസ്.ആര്‍.ടി.സി-യുടെ പ്രതിമാസ നഷ്ടം 100 കോടി രൂപാ വരുമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ യാത്രാ ആവശ്യം നിറവേറ്റുന്ന പ്രൈവറ്റ് ബസ് കമ്പനികളെല്ലാം ലാഭത്തില്‍ സര്‍വ്വീസ് നടത്തുന്നു. മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സര്‍വീസുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി-യില്‍ 1/3 ജീവനക്കാര്‍ അധികം. വേതനനിരക്കും കൂടുതല്‍. നഷ്ടത്തിന്റെ കാരണവും ഇതുതന്നെ.

4. ഡി.എ. സിസ്റ്റം നിര്‍ത്തലാക്കണം
സാധനങ്ങളുടെ വിലക്കയറ്റം മൂലം ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ഡി.എ. വര്‍ദ്ധനവു നല്‍കുന്നത് ശമ്പളവര്‍ദ്ധനവ് അനിയന്ത്രിതമായി പോകാനൊരു കാരണമാണ്. പുതിയ ശമ്പള സ്‌കെയില്‍ നിലവില്‍ വന്നു കഴിയുമ്പോഴുള്ള വര്‍ദ്ധനകൊണ്ട് അധികജീവിതച്ചെലവ് അഡ്ജസ്റ്റു ചെയ്യാവുന്നതേയുള്ളൂ. തന്നെയുമല്ല, സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളില്‍ 10 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമാണ് ഡി.എ. ആനുകൂല്യം ലഭിക്കുന്നത്. ഇതു സാമാന്യനീതിക്കു നിരക്കാത്ത വിവേചനവുമാണ്. അതുകൊണ്ട് ഡി.എ. സിസ്റ്റം നിര്‍ത്തലാക്കുകയാണു വേണ്ടത്.

5. അക്കൗണ്ടബിലിറ്റി
അക്കൗണ്ടബിലിറ്റി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കണം. ആരോടും ഒരു ബാധ്യതയുമില്ലാതെ ശമ്പളം കൈപ്പറ്റുന്ന അവസ്ഥ മിക്ക ഓഫീസുകളിലും കാണാറുണ്ട്.
6. സമരംകൊണ്ടുള്ള നാശനഷ്ടങ്ങള്‍
സമരങ്ങള്‍കൊണ്ട് ഓഫീസിനും വസ്തുവകകള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സമരം നടത്തുന്നവരില്‍നിന്നും അതിനു പ്രേരണ നല്‍കുന്നവരില്‍നിന്നും ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കണം.

7. ജീവനക്കാരെ കുറയ്ക്കല്‍
കമ്പ്യൂട്ടറൈസേഷനും യന്ത്രവല്‍ക്കരണവും എല്ലാ മേഖലകളിലും വ്യാപകമാവുകയാണ്. അതുകൊണ്ട് ജീവനക്കാരുടെ സംഖ്യ കുറയ്ക്കാന്‍ നടപടി ഉണ്ടാകണം. പല വകുപ്പുകളിലും പുതിയ നിയമനങ്ങളേ ആവശ്യമില്ലാത്ത അവസ്ഥയുണ്ട്.

8. പെന്‍ഷന്‍
a.            പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍നിന്ന് യാതൊരു കാരണവശാലും പിന്‍വാങ്ങാന്‍ പാടില്ല. ഇന്ത്യയില്‍ ഇതു നടപ്പാക്കാത്തത് കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
b.            പരമാവധി പെന്‍ഷന്‍ 30,000 രൂപാ എന്നു നിജപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഒരു വ്യക്തിക്ക് രണ്ടു പെന്‍ഷനു അര്‍ഹതയുണ്ടെങ്കില്‍ ഉയര്‍ന്ന പെന്‍ഷന്‍ മാത്രം നിലനിര്‍ത്തുക.
9. പുതിയ ആനുകൂല്യങ്ങള്‍/ശമ്പള പരിഷ്‌കാരം
നിലവിലുള്ള അനിയന്ത്രിതമായ ഡി.എ. വര്‍ദ്ധനവ് ഉള്ളിടത്തോളംകാലം പുതിയ ആനുകൂല്യങ്ങള്‍ അപ്രസക്തമാണ്.
സാധാരണ പൗരന്റെ പ്രതിശീര്‍ഷവരുമാനം സര്‍ക്കാര്‍ ജീവനക്കാരന്റെ കുറഞ്ഞ വേതനത്തിന്റെ പകുതിയെങ്കിലുമാകുന്നതുവരെ ശമ്പളപരിഷ്‌കരണം നിര്‍ത്തിവയ്ക്കണം.

10. പെന്‍ഷനില്ലാത്തവര്‍ക്കു പെന്‍ഷന്‍
എ.പി.എല്‍. വിഭാഗത്തിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് (ഏകദേശം 60 ലക്ഷം) പ്രത്യേകിച്ച്, കര്‍ഷകര്‍ക്ക്, പറയത്തക്ക ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാരില്‍നിന്നു ലഭിക്കുന്നില്ല. എന്നാല്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനസമൂഹത്തെ തീറ്റിപ്പോറ്റുന്നവരാണു താനും. അതുകൊണ്ട് സര്‍ക്കാര്‍ വേതനം പറ്റുന്നവര്‍, അവര്‍ക്കു വന്‍ വര്‍ദ്ധന ലഭിക്കുന്ന മുറയ്ക്ക് അവരുടെ വരുമാനത്തിന്റെ ഒരു ചെറിയ അംശം ഇടത്തരക്കാര്‍ക്കായി നീക്കിവയ്ക്കുന്നത് ഒരു കടമയായി കരുതാനുള്ള ഔദാര്യം കാണിച്ചാല്‍ ഇപ്പോള്‍ പെന്‍ഷനില്ലാത്തവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള ഒരു പദ്ധതിക്കു രൂപം നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ വേതനം വാങ്ങുന്നവര്‍ തങ്ങളുടെ വരുമാനത്തിന്റെ 5 ശതമാനം ഇപ്രകാരം മാറ്റിവച്ചാല്‍ ഒരു വര്‍ഷംകൊണ്ട് 1500 കോടി രൂപയോളം സമാഹരിക്കപ്പെടും. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ബിസിനസ്സുകാരും സമ്പന്ന കര്‍ഷകരുംകൂടി സഹകരിച്ചാല്‍ 500 കോടിരൂപ സമാഹരിയ്ക്കാം. രണ്ടുംകൂടി 2,000 കോടി രൂപാ. സര്‍ക്കാര്‍ ഒരു 4,000 കോടിരൂപ വകയിരുത്തിയാല്‍ ആകെ 6,000 കോടിരൂപാ. ഇടത്തരം കുടുംബത്തിന് 10,000 രൂപയുടെ ചെറിയ വാര്‍ഷിക പെന്‍ഷന്‍ എങ്കിലും നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്താം.
സര്‍ക്കാര്‍ കണക്കനുസരിച്ച്  സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുംകൂടി ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ വരും. ഇവര്‍ക്കുവേണ്ടി 2011-12-ല്‍ ചെലവഴിച്ചത്. 23,536 കോടി രൂപയാണ്. അതായത് പ്രസ്തുത ആണ്ടിലെ റവന്യൂ വരുമാനമായ 29,197 രൂപയുടെ 80 ശതമാനം ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും 10 ലക്ഷം കുടുംബങ്ങള്‍ക്കുവേണ്ടി 23,536 കോടിരൂപാ ചെലവാകുന്ന ഗവണ്‍മെന്റ് 60 ലക്ഷത്തോളം വരുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് 4,000 കോടിരൂപാ വകയിരുത്താന്‍ മടിയ്ക്കാന്‍ പാടില്ല. ഇതുവരെ നിഷേധിക്കപ്പെട്ട നീതി എളിയ തോതിലെങ്കിലും നിറവേറ്റിക്കൊടുക്കാനുള്ള ശ്രമം എന്നു കരുതിയാല്‍ മതി. ഈ തുക റവന്യൂ വരുമാനത്തിന്റെ 15%-ല്‍ താഴെയേ വരികയുള്ളൂ എന്നതും ഓര്‍മ്മയില്‍ വയ്ക്കാം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് 23,536 രൂപാ ചെലവിടുന്ന സര്‍ക്കാര്‍ 80 ശതമാനം വരുന്ന സാധാരണക്കാര്‍ക്കായി 4,000 കോടിരൂപാ വകയിരുത്തണമെന്ന ആവശ്യം വെറും ന്യായംമാത്രം.

വാല്‍ക്കഷണം
മുന്‍ സുപ്രീംകോടതി ജഡ്ജി അശോക് കുമാര്‍ മാത്തൂര്‍ അദ്ധ്യക്ഷനായ നാലംഗ 7-ാം കേന്ദ്ര ശമ്പള കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കപ്പെട്ട നിര്‍ദ്ദേശം:
''രാജ്യത്തെ സാധാരണ പൗരന്റെ വരുമാനവുമായി ബന്ധപ്പെടുത്തി വേണം ഗവണ്‍മെന്‍രു ജീവനക്കാരന്റെ ശമ്പളം നിശ്ചയിക്കേണ്ടത്. ലോകബാങ്കിന്റെ സര്‍വ്വേ അനുസരിച്ച് ബ്രിട്ടണിലെ ഗവണ്‍മെന്റു ജീവനക്കാരന്റെ വേതനം 1995-2000 കാലഘട്ടത്തില്‍ ബ്രിട്ടീഷു പൗരന്റെ ശരാശരി വരുമാനത്തിന്റെ 1.4 ഇരട്ടിയായിരുന്നു. ഈ അനുപാതം ഇന്‍ഡോനേഷ്യയില്‍ 1.00, ചൈനയില്‍ 1.2, യു.എസ്സില്‍ 1.4, തെക്കന്‍ കൊറിയയില്‍ 1.5 എന്ന കണക്കിലായിരുന്നു. ഇന്ത്യയില്‍ ആ അനുപാതം 4.8 ആയിരുന്നു.

5-ാം ധനകാര്യകമ്മീഷന്‍ 10 കൊല്ലംകൊണ്ട് ജീവനക്കാരുടെ സംഖ്യ 30% കുറവുചെയ്യണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല (Times of India dated 09/07/2015).