ജോസാന്റണി
എന്റെ ഗുരു നിത്യചൈതന്യയതി 1983-ല്‍
ഗുരുകുലത്തില്‍നിന്ന് എന്നെ ഉപരിപഠനത്തിനയച്ചത് കഞ്ഞിപ്പാടത്തേക്കായിരുന്നു. അവിടെ
ഡി. പങ്കജാക്ഷക്കുറുപ്പിന്റെ വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം ഏതാനും ദിവസം
താമസിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കുക എന്നതായിരുന്നു,
ദൗത്യം.
ഗുരുവിന്റെയും കുറുപ്പുസാറിന്റെയുമൊക്കെ കാഴ്ചപ്പാടുകള്‍
സ്വാംശീകരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പ്രായോഗികമായി
ഇല്ലെന്നേ സത്യസന്ധമായ ഉത്തരം പറയാനാവൂ. പക്ഷേ, ഭാവിലോകത്തിന്
ഇവര്‍ രണ്ടുപേരെയും അവഗണിക്കാനാവില്ലെന്ന ഉത്തമബോധ്യം എനിക്കിന്നുണ്ട്. അവരുടെ
ആശയപ്രചാരണത്തിനായി എന്നാലാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകുക എന്നാണ് എനിക്കിന്നു
കിട്ടിയിട്ടുള്ള ഉള്‍വിളി. അതനുസരിച്ചാണ് എന്റെ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും ദര്‍ശനം
മാസികയില്‍നിന്നും കുറുപ്പുസാറിന്റെ പുസ്തകങ്ങളില്‍നിന്നുമുള്ള ഉദ്ധരണികള്‍കൊണ്ട്
സമ്പന്നമാക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും
navamukhan.blogspot.com എന്ന ബ്ലോഗില്‍
പങ്കജാക്ഷക്കുറുപ്പ് എഴുതിയതോ ദര്‍ശനം മാസികയില്‍ വന്നിട്ടുള്ളതോ ആയ ഒരു ലേഖനമോ
കുറിപ്പോ ഉണ്ടാവും. ഫേസ്ബുക്കിലെ എന്റെ josaantany പേജില്‍
അതിന്റെ ലിങ്കും ഉണ്ടാകും. ഫേസ്ബുക്കില്‍ എന്റെ സുഹൃത്തായാല്‍ പോസ്റ്റുകള്‍
പങ്കുവച്ചുകൊണ്ട് യഥാര്‍ഥ ഭൂമിക്കാരനായ പങ്കജാക്ഷക്കുറുപ്പിന്റെ രാഷ്ട്രാതീത
സൗഹൃദദര്‍ശനം ലോകമെങ്ങും എത്തിക്കാം.
ഇന്നത്തെ പോസ്റ്റ് 25-08-2002-ന് ഡി.
പങ്കജാക്ഷക്കുറുപ്പ് ദര്‍ശനം മാസികയില്‍ പ്രസിദ്ധീകരിച്ചതും 2013 ഡിസംബര്‍ലക്കത്തില്‍ പുനഃപ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനമാണ്.
പുതുവര്‍ഷ സന്ദേശം
ഡി. പങ്കജാക്ഷക്കുറുപ്പ്
ആത്മമിത്രമേ, സാദര പ്രണാമം.
നമുക്ക് ഒന്ന് ഉണര്‍ന്നു
ചിന്തിക്കാം.ഇവിടെ അന്യരായി ആരുമില്ല. സകല മതക്കാരും സമുദായക്കാരും പാര്‍ട്ടിക്കാരും
പാശ്ചാത്യരും പൗരസ്ത്യരും കറുത്തവരും വെളുത്തവരും, എല്ലാവരും
ഒരേയൊരു വീട്ടുകാര്‍, ഭൂമിക്കാര്‍. സൗകര്യത്തിന് വേണ്ടി
വേറെ വേറെ താമസിക്കുുവെന്ന് കരുതി ശീലിക്കാം. രാഷ്ട്രാതിര്‍ത്തികളും മതാതിര്‍ത്തികളും
സാമ്പത്തികാതിര്‍ത്തികളും, ഗൃഹാതിര്‍ത്തികളും പരസ്പരം
തുറന്നിടാം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭൂമിയില്‍ നമ്മളില്‍ ഒരാള്‍ പോലും
ഉണ്ടാവില്ലെന്നതുറപ്പല്ലേ? കിട്ടിയ അല്‍പ്പകാലം നമുക്ക്
സ്വസ്ഥമായി, സന്തോഷമായി അന്യോന്യ ജീവിതം നയിക്കാം.
അതല്ലേ ഉചിതം? മനുഷ്യസ്‌നേഹികളായ പ്രവാചകന്മാരും
ചിന്തകന്മാരും ആയിരമായിരം വര്‍ഷങ്ങളായി ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്ന
കാര്യമാണിത്.
പരമകാരുണികനും സര്‍വ്വശക്തനുമായ
ജഗദീശ്വരനില്‍ വിശ്വസിക്കുവരോടും വിശ്വസിക്കാത്തവരോടും ഒരു കാര്യം വീണ്ടും
അപേക്ഷിക്കട്ടെ. ഈ ഭൂമി നമുക്ക് കലഹിക്കുവാനുള്ളതല്ല. അന്യോന്യം തോളോടുതോള്‍ ചേര്‍ന്ന്, സന്തോഷമായി ഒന്നിച്ച് മുന്നോട്ടു നീങ്ങുവാനുള്ളതാണ്. ഒരാള്‍ പോലും
ഒറ്റപ്പെട്ടുപോകരുത്. ഭൂമിയില്‍ ഒരാള്‍പോലും അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനാകാതെ
അനാഥനാവാതിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും ശ്രദ്ധിച്ചാല്‍ അത്
സാധിക്കും. അത്തരത്തില്‍ ഒരു ശ്രമം നമുക്കാരംഭിക്കാം. അതിനെന്ത് ചെയ്യണം? ഒന്നാമതായി വേണ്ടത് നമ്മുടെ ഉള്ളില്‍ എല്ലാവരെയും നമുക്കുള്ളവരായി
കരുതുകയാണ്. സംഭവിച്ചുപോയ പിണക്കങ്ങളും വെറുപ്പുകളും അതിര്‍ത്തിത്തര്‍ക്കവും
കോടതിക്കേസുകളും ഉള്‍പ്പെടെ അകലങ്ങളെല്ലാം ഓരോരുത്തരും മനസ്സില്‍
വച്ചുകൊണ്ടിരിക്കാതെ വേണ്ടെന്നുവയ്ക്കുവാന്‍ സാധന ചെയ്തു തുടങ്ങണം.
അകലങ്ങളും കലഹങ്ങളും വിഭാഗീയതകളും നീക്കി ഹൃദയശുദ്ധി
കൈവരുത്തുന്നതിനാവണം നമ്മുടെ ഇനിയുള്ള സകല നീക്കങ്ങളും. ആരുടെ ഭാഗത്താണ് ശരി, ആര്‍ക്കാണ്
തെറ്റ് പറ്റിയത് എന്നൊന്നും പുറകോട്ടുപോയി ചികഞ്ഞുനോക്കാന്‍ ശ്രമിക്കാതെ, നല്ലൊരു ഭാവിജീവിതത്തിനു വേണ്ടി എല്ലാ കലഹങ്ങളും
സുല്ലിട്ടവസാനിപ്പിക്കുവാന്‍ ഇന്നുമുതല്‍ ഓരോരുത്തരും ശ്രമം തുടങ്ങണം.
എനിക്കാരോടും പകയില്ല, ഞാന്‍ എല്ലാവര്‍ക്കും വേണ്ടി
എന്നാലാവുന്നതു ചെയ്യാം എന്നു പറയുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം.
പിണക്കങ്ങള്‍ എല്ലാം അവസാനിപ്പിച്ച് അന്യോന്യജീവിതം തുടങ്ങാം. അപമാനിതനായും
തോറ്റും നഷ്ടം സഹിച്ചും ബന്ധം നിലനിര്‍ത്തണം. അപ്പോഴേ അതിന്റെ മഹത്വവും സുഖവും
ശാന്തിയും സുരക്ഷിതത്വവും നമുക്കനുഭവമാകൂ.
ഓരോ ദിവസവും
പ്രഭാതത്തില്‍ നാം ഓരോരുത്തരും ഉണരുന്നത് എല്ലാവര്‍ക്കും വേണ്ടിയാവട്ടെ. എല്ലാ
ദിവസവും മുപ്പത് മിനിട്ടെങ്കിലും രാത്രിയോ പകലോ സൗകര്യം പോലെ തൊട്ടടുത്ത
വീട്ടുകാര്‍ തുറന്ന മനസ്സോടെ ഒന്നിച്ചിരുന്ന് ശീലിക്കണം. മണ്ണില്‍ മുപ്പത്
മിന്നിട്ടെങ്കിലും ദിവസേന ഒന്നിച്ചു പണിയെടുക്കുവാന്‍ എല്ലാവരും തയ്യാറാകണം.
നമ്മുടെ കയ്യില്‍ വരുന്നത് അത് ആവശ്യമുള്ളവര്‍ക്കുകൂടിയാണെന്ന് കരുതി, യഥാശക്തി കൊടുത്തുകൊണ്ടേയിരിക്കണം. മറ്റുള്ളവര്‍ തരുന്നത് സന്തോഷമായി
വാങ്ങുകയും വേണം. അങ്ങനെ കൊടുത്തും വാങ്ങിയും ഒന്നിച്ച് അദ്ധ്വാനിച്ചും
പങ്കിട്ടനുഭവിച്ചും കൂടി ആലോചിച്ചും ജീവിക്കുന്ന ഒരു ജനത ആയി നമുക്ക് ഉയരാം. ഒരേ
ഒരു വീട്ടുകാര്‍ എന്ന ബോധത്തില്‍, യാതൊരു പ്രതിഫലവും
ആഗ്രഹിക്കാതെ, നമുക്ക് ഒന്നിച്ച് പണിയെടുക്കാം. വില
വാങ്ങാതെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൊടുക്കാം. ഒന്നിച്ച് അദ്ധ്വാനിച്ച്
പങ്കിട്ടനുഭവിച്ച് ഒത്തൊരുമയോടെ ജീവിച്ച് ഈ ഭൂമിയെ ആനന്ദഗോളമാക്കാം. നോട്ടും
വോട്ടും ഭരണകൂടങ്ങളും മനുഷ്യന്റെ സ്വസ്ഥജീവിതത്തിന് വേണ്ടതാണോ എന്നൊരാലോചന എല്ലാ
മനസ്സിലും മുള ഇടണം. വിലയും കൂലിയും കുടുംബത്തിനകത്ത് വേണ്ടാത്തതുപോലെ നാട്ടിലും
വേണ്ടെന്നു വയ്ക്കരുതോ?
നാം
അടുത്തടുത്തുകൂടി ആലോചിച്ച് ജീവിക്കുവാന്‍ തുടങ്ങുതിനനുസരിച്ച് സാവധാനം
വിഭാഗീയതകളും സ്വകാര്യതകളും കുറഞ്ഞ് സ്‌നേഹസമൂഹമായി നാം പരിണമിക്കും.
നമുക്ക് മനുഷ്യരായി, ബന്ധുക്കളായി, പരസ്പരം സ്‌നേഹാദരങ്ങളോടെ ഇവിടെ ജീവിച്ചുനോക്കാം. നമുക്കിത് സാധിച്ചാല്‍ നമ്മുടെ ജീവിതം ലോകത്തിനാകെ ഒരു പുതിയ വഴിവിളക്കാകും. നമുക്കോരോരുത്തര്‍ക്കും ഓരോ കൈത്തിരിയായി ചുറ്റുവട്ടത്തില്‍ പ്രകാശം പരത്താം. ഒന്നിച്ചുപരിശ്രമിച്ചാല്‍ നമുക്കും നമ്മുടെ ലോകത്തിനും ഭാവിതലമുറയ്ക്കും അതെത്ര മഹത്തായ അനുഭവമായിരിക്കും!
വീട്ടിലും നാട്ടിലും സ്വസ്ഥമായി ജീവിക്കുന്നതിന് ഇതാവശ്യമാണ്. തലമുറതലമുറയായി തുടരേണ്ട ഒരു ജീവിതശൈലിയാണിത്. ഈ രംഗത്തേക്ക് ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവ രണ്ടിനോടും അതതിന്റെ ചുറ്റുപാടില്‍ കലഹം ഒഴിവാക്കണമെന്നും പട്ടിണിക്കും രോഗത്തിനും എതിരെ വേണ്ടത് ചെയ്യണമെന്നും അപേക്ഷിക്കുന്നു. പഞ്ചായത്തുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സംഘടനകള്‍ എന്നിവയോടും നീതിന്യായ സ്ഥാപനങ്ങളോടും അതതിന്റെ ചുറ്റുവട്ടത്തില്‍ സന്തുഷ്ട ജീവിതം ആവിഷ്‌ക്കരിച്ച് നിലനിര്‍ത്തുന്നതിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും അപേക്ഷിക്കുന്നു.
നമുക്ക് മനുഷ്യരായി, ബന്ധുക്കളായി, പരസ്പരം സ്‌നേഹാദരങ്ങളോടെ ഇവിടെ ജീവിച്ചുനോക്കാം. നമുക്കിത് സാധിച്ചാല്‍ നമ്മുടെ ജീവിതം ലോകത്തിനാകെ ഒരു പുതിയ വഴിവിളക്കാകും. നമുക്കോരോരുത്തര്‍ക്കും ഓരോ കൈത്തിരിയായി ചുറ്റുവട്ടത്തില്‍ പ്രകാശം പരത്താം. ഒന്നിച്ചുപരിശ്രമിച്ചാല്‍ നമുക്കും നമ്മുടെ ലോകത്തിനും ഭാവിതലമുറയ്ക്കും അതെത്ര മഹത്തായ അനുഭവമായിരിക്കും!
വീട്ടിലും നാട്ടിലും സ്വസ്ഥമായി ജീവിക്കുന്നതിന് ഇതാവശ്യമാണ്. തലമുറതലമുറയായി തുടരേണ്ട ഒരു ജീവിതശൈലിയാണിത്. ഈ രംഗത്തേക്ക് ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവ രണ്ടിനോടും അതതിന്റെ ചുറ്റുപാടില്‍ കലഹം ഒഴിവാക്കണമെന്നും പട്ടിണിക്കും രോഗത്തിനും എതിരെ വേണ്ടത് ചെയ്യണമെന്നും അപേക്ഷിക്കുന്നു. പഞ്ചായത്തുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സംഘടനകള്‍ എന്നിവയോടും നീതിന്യായ സ്ഥാപനങ്ങളോടും അതതിന്റെ ചുറ്റുവട്ടത്തില്‍ സന്തുഷ്ട ജീവിതം ആവിഷ്‌ക്കരിച്ച് നിലനിര്‍ത്തുന്നതിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും അപേക്ഷിക്കുന്നു.
ഡി. പങ്കജാക്ഷക്കുറുപ്പ് (25-08-2002)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ