2013, മാർച്ച് 21, വ്യാഴാഴ്‌ച

മറ്റു പാര്‍ട്ടികളില്‍നിന്നു വ്യത്യസ്തമായ ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്‍റെ പാര്‍ട്ടി)

ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്‍റെ പാര്‍ട്ടി) 

എങ്ങനെ രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍നിന്നു  വ്യത്യസ്തമാണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ അഴിമതിക്കെതിരെയുള്ള
ജനമുന്നേറ്റത്തില്‍ നിന്നും ഉടലെടുത്ത രാഷ്ട്രീയ പാര്‍ട്ടി ആണ് ആം ആദ്മി
പാര്‍ട്ടി (AAP) അഥവാ സാധാരണക്കാരന്‍റെ പാര്‍ട്ടി. രാജ്യത്ത് നിലവിലുള്ള
ബഹുഭൂരിപക്ഷം പാര്‍ട്ടികളും സാധാരണ ജനങ്ങളെ മറന്നു കഴിഞ്ഞിരിക്കുന്ന ഈ
അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി അവരുടെ ശബ്ദമായി മാറുവാന്‍ ഒരു
പാര്‍ട്ടി ആവശ്യമായിരുന്നു എന്ന വസ്തുത മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു
പാര്‍ട്ടി ഉടലെടുക്കാന്‍ തന്നെ കാരണം. അഴിമതിക്കാരെ തുറുങ്കില്‍
അടയ്ക്കാന്‍ പര്യാപ്തമായ ശക്തമായ ഒരു ജനലോക്പാല്‍ നിയമം പാസ്സാക്കുവാന്‍
നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
പാര്‍ട്ടികള്‍ മിക്കവയും തന്നെ കോര്‍പ്പറേറ്റ് ലോബികളുമായുള്ള അവിശുദ്ധ
കൂട്ടുകെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അവ അധികാരം കിട്ടിയാല്‍ ഈ
കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്നു.
പ്രതിപക്ഷം എന്നൊരു കൂട്ടര്‍ നിലവില്‍ ഇന്ത്യാ മഹാരാജ്യത്ത് ഇല്ല
എന്നതാണ് മറ്റൊരു വലിയ തമാശ. ഇക്കൂട്ടര്‍ ഭരണപക്ഷ പാര്‍ട്ടികളുമായി അകമേ
പങ്കുകച്ചവടം ആണ് നടത്തുന്നത്. മാധ്യമങ്ങളിലൂടെയും, പ്രഹസന സമര
കോലാഹലങ്ങള്‍ കാണിച്ചും ജനങ്ങളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
സാധാരണക്കാരന്‍ ഈ അവസരത്തില്‍ എവിടെപോകും? എന്ത് ചെയ്യും?
ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ പാര്‍ട്ടി. സുശക്തമായ ഒരു ഭരണഘടനയും
നീതിന്യായ വ്യവസ്ഥയും നിലവില്‍ ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തു ഒരു
സമൂല മാറ്റം വരണമെങ്കില്‍ രാജ്യസ്നേഹമുള്ള നല്ല സ്ഥാനാര്‍ഥികള്‍
പാര്‍ലമെന്‍റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടണം. ഇന്ന് അതാണോ നടക്കുന്നത്?
ഒരു നല്ല നിസ്വാര്‍ത്ഥനായ രാജ്യസ്നേഹിക്ക് ഏതെങ്കിലും പാര്‍ട്ടി
ടിക്കറ്റ്‌ നല്‍കുമോ? സ്വതന്ത്രനായി മത്സരിച്ചാല്‍ ഇവര്‍ ജയിക്കുമോ?
അപ്പോള്‍ നിസ്വാര്‍ത്ഥമായ രാജ്യസേവനം ലക്ഷ്യമാക്കി
പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ലമെന്‍റില്‍ എത്തുവാന്‍ ഒരു വഴി വേണം.
അതിനായി രൂപീകരിച്ചതാണ് ഈ സാധാരണക്കാരന്‍റെ പാര്‍ട്ടി.

ഇനി ഈ പാര്‍ട്ടിയുടെ വ്യത്യസ്ഥത എന്തൊക്കെ ആണെന്ന് നോക്കാം.

1) ഈ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡ് ഇല്ല. ഇവിടെ ജനങ്ങളാണ് കാര്യങ്ങള്‍
തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥിയെ
നിശ്ചയിക്കുന്നതും അതത് പ്രദേശത്തെ ജനങ്ങള്‍ ആയിരിക്കും. (വേറെ ഏത്
പാര്‍ട്ടിയാണ് ജനങ്ങളുടെ അഭിപ്രായം തേടി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്?
ഇവിടെ പണവും കയ്യൂക്കും വേണ്ടേ സ്ഥാനാര്‍ഥി ആകുവാന്‍)

2) പാര്‍ട്ടിയുടെ എല്ലാ കണക്കു വിവരങ്ങളും സുതാര്യമായിരിക്കും. വിവരാവകാശ
നിയമം ഉപയോഗിച്ച് ഏതൊരു പൗരനും ഇത് ലഭ്യമാക്കാവുന്നതാണ്). എല്ലാ വിധ
സംഭാവനകളും വെബ്സൈറ്റില്‍ മുഴുവന്‍ വിശദാംശങ്ങളോടു കൂടി
പ്രദര്‍ശിപ്പിക്കും. (നിലവില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടികളും വിവരാവകാശ
നിയമത്തിന്‍ കീഴില്‍ വരുവാന്‍ ആഗ്രഹിക്കുന്നില്ല. സംഭാവന നല്‍കിയ
കോര്‍പ്പറേറ്റ് ഭീമന്മാരുടെ പേര് വിവരം പുറത്ത്‌ വരും എന്ന് പേടിച്ചാണ്
ഇത്).

3) ഒരു കുടുംബത്തില്‍ നിന്നും ഒരു അംഗത്തിന് മാത്രമേ പാര്‍ട്ടിയുടെ
ഏതെങ്കിലും ഒരു പദവി ഏറ്റെടുക്കാന്‍ കഴിയൂ. (മറ്റു പാര്‍ട്ടികളിലെ
നേതാക്കള്‍ തങ്ങളുടെ മക്കളെ അടുത്ത നേതാവാക്കുന്ന തിരക്കിലാണ്. ഇതിന് ഒരു
അന്ത്യം വരുത്തേണ്ടത് ആവശ്യമാണ്).

4) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച സ്ഥാനാര്‍ഥി പാര്‍ലമെന്റില്‍ പോയി
തന്‍റെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ നിന്നും പുറകോട്ടു പോയാല്‍ അയാളെ
തിരികെ വിളിക്കാനുള്ള അധികാരം (റൈറ്റ് ടു റീകോള്‍) ഈ പാര്‍ട്ടി
സ്റ്റേറ്റ് കൗണ്‍സിലിന് നല്‍കിയിരിക്കുന്നു. (വോട്ട് കിട്ടിയാല്‍ ജനങ്ങളെ
മറക്കുന്ന നമ്മുടെ നേതാക്കളെ തിരികെ വിളിക്കുവാനുള്ള അധികാരം അവരെ
കൂടുതല്‍ കര്‍മനിരതനായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും).

5) പാര്‍ട്ടി ഭാരവാഹികളോ തിരഞ്ഞടുക്കപ്പെടുന്ന സ്ഥാനാര്‍ഥികളോ അഴിമതി
നടത്തുകയോ മറ്റെന്തെങ്കിലും ക്രമക്കേടു നടത്തുകയോ ചെയ്താല്‍ അവരെ
പിടികൂടി ശിക്ഷിക്കാന്‍ ഉള്ള സംവിധാനം (സ്വതന്ത്ര ലോക്പാല്‍)
പാര്‍ട്ടിക്കുള്ളില്‍ തന്നെ നടപ്പാക്കും. ഈ ലോക്പാലിന്‍റെ പാനലില്‍
സിറ്റിംഗ് ജഡ്ജിമാര്‍ അംഗമായിരിക്കും. ഇവര്‍ കുറ്റം കണ്ടെത്തിയാല്‍
അതാരായാലും അയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. ഈ ലോക്പാലിലേക്ക്
ഏതൊരു പൗരനും പരാതിപ്പെടാം. (മറ്റു പാര്‍ട്ടികളിലെ നേതാക്കന്മാര്‍ ചെയ്ത
അഴിമതിയ്ക്ക് കുട പിടിക്കുകയാണ് അതതു പാര്‍ട്ടികള്‍ ചെയ്യുന്നത്.
സ്വതന്ത്ര അന്വേഷണം നടത്തുവാന്‍ സ്വതന്ത്ര ഏജന്‍സിയെ അവര്‍ നിയമിക്കുകയും
ഇല്ല).

6) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ജനങ്ങള്‍ക്ക്
അംഗീകരിക്കാന്‍ പറ്റുന്നില്ല എങ്കില്‍ കൂടിയും മത്സരിക്കുന്നവരില്‍
നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും എന്നതാണ് ഇന്നത്തെ
അവസ്ഥ. എന്നാല്‍ ഒരു സ്ഥാനാര്‍ഥിയ്ക്കും വോട്ടില്ല (റൈറ്റ് ടു റിജക്റ്റ്)
എന്ന ഒരു ബട്ടണ്‍ ഏര്‍പ്പെടുത്തിയിട്ട് അതിനാണ് ഭൂരിപക്ഷം വോട്ട്
കിട്ടുന്നതെങ്കില്‍ ആ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുകയും തിരഞ്ഞെടുപ്പ്
റദ്ദ് ചെയ്ത് ഒരു മാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം.
ഇതാണ്‌ റൈറ്റ് ടു റിജക്റ്റ് അഥവാ നിരാകരിക്കുവാനുള്ള അവകാശം.
അധികാരത്തില്‍ വന്നാല്‍ ആം ആദ്മി പാര്‍ട്ടി ഈ നിയമം പ്രാബല്യത്തില്‍
കൊണ്ട് വരും.

7) ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എ മാരും
അവരവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ല.
(ഇന്ന് ചുവന്ന ലൈറ്റ് കിട്ടാന്‍ നേതാക്കന്മാര്‍ പരക്കം പായുകയാണല്ലൊ.
ട്രാഫിക്‌ നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമായിരിക്കണം).

8) എംപിമാരും എംഎല്‍എമാരും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍
ഉപയോഗിക്കില്ല. പൊതു ജനത്തിന് വേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ തന്നെ
ജനപ്രതിനിധികള്‍ക്ക് മതി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. (നാല്
പോലീസുകാരുടെ അകമ്പടി ഇല്ലാതെ പോകുന്ന ഒരു നേതാവിനെ ഇന്ന് കിട്ടുമോ?)

9) എംപിമാരും എംഎല്‍എമാരും ആഡംബര സര്‍ക്കാര്‍ മന്ദിരങ്ങള്‍ താമസിക്കാന്‍
ഉപയോഗിക്കില്ല. (ഈ മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ഇന്ന് പൊതു
ഘജനാവില്‍ നിന്ന് കോടികളാണ് ചിലവഴിക്കുന്നത്).

10) ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും ഈ പാര്‍ട്ടി ടിക്കറ്റ്‌
കൊടുക്കില്ല. സ്ഥാനാര്‍ഥിയുടെ മുന്‍ കാലയളവിലെ ജീവിത സാഹചര്യവും മറ്റും
വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ്‌ കൊടുക്കുകയുള്ളൂ. (ഇത്
മറ്റു പാര്‍ട്ടികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മത്സരിക്കാന്‍
ആളുണ്ടാവുകയില്ല).

ഇനി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ
കാലയളവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങള്‍ ഏതൊക്കെ
എന്ന് കൂടി നോക്കാം.

1) പതിനഞ്ച് ദിവസത്തിനകം ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കും.

2) ആറ് മാസത്തിനകം എല്ലാ അഴിമതിക്കാരെയും തുറുങ്കിലടയ്ക്കുകയും അവരുടെ
സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യും.

3) അധികാര വികേന്ദ്രീകരണം നടപ്പിലാക്കും. ഗ്രാമസഭയ്ക്ക് പൂര്‍ണ്ണ അധികാരം
നല്‍കും. ഇത് വഴി ഒരു വാര്‍ഡിലെ ജനങ്ങള്‍ അവരവരുടെ സ്ഥലത്തെ കാര്യങ്ങള്‍
തീരുമാനിക്കുകയും ഫണ്ട്‌ വിനിയോഗിച്ച് നടപ്പിലാക്കുകയും ചെയ്യും.
(ഇപ്പോള്‍ അധികാരം മുഴുവന്‍ കേന്ദ്രീകൃത രീതിയിലാണ്. അതായത്, കാര്യങ്ങള്‍
തീരുമാനിക്കുന്നത് ജന പ്രതിനിധികളാണ്. ഇത് മാറണം. രാജ്യത്തിന്‍റെ
യഥാര്‍ത്ഥ ഉടമയായ സാധാരണക്കാരന് അധികാരം ലഭിച്ചെങ്കില്‍ മാത്രമേ
ജനാധിപത്യം പൂര്‍ണമാകു). [വിളപ്പില്‍ശാല, കൂടംകുളം തുടങ്ങിയ പ്രാദേശിക
പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നത് നേതാക്കളല്ല, സ്ഥലവാസികള്‍
ആയിരിക്കും. അതാണ്‌ യഥാര്‍ത്ഥ ജനാധിപത്യം].

4) സ്ഥലം ഏറ്റെടുക്കുന്നത് സ്ഥല ഉടമയുടെ പൂര്‍ണ സമ്മതത്തോടു കൂടി മാത്രമേ
പാടുള്ളൂ. അല്ലായെങ്കില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല.
ഈ നിയമം കൊണ്ടുവരും. (അതിവേഗ റെയില്‍ കോറിഡോര്‍, വിമാനത്താവളം തുടങ്ങിയ
വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ പൌരന്‍റെ സമ്മതം വേണ്ടി വരും.
നേതാക്കള്‍ മുകളില്‍ ഇരുന്നു തീരുമാനിച്ചാല്‍ പദ്ധതി
യാഥാര്‍ത്ഥ്യമാവില്ല. മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ ഇനി ഉണ്ടാവില്ല).

5) ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ് കൊണ്ടുവരും. (തിരഞ്ഞെടുത്ത
ജനപ്രതിനിധികള്‍ അല്ല, പകരം അതതു സ്ഥലത്തെ ജനങ്ങള്‍ തന്നെ ആ സ്ഥലത്തെ
കാര്യങ്ങള്‍ നടപ്പിലാക്കും).

6) റൈറ്റ് ടു റിജക്റ്റ് നിയമം കൊണ്ടുവരും.

7) റൈറ്റ് ടു റീകോള്‍ നിയമം നടപ്പിലാക്കും.

മുകളില്‍ പ്രദിപാദിച്ച കാര്യങ്ങള്‍ കൂടാതെ മറ്റനേകം പൊതുജന നന്മ
മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ കൂടിയുണ്ട്. അവയെല്ലാം അറിയുവാനും
സാധാരണക്കാരന്‍റെ പാര്‍ട്ടിയെ കൂടുതല്‍ അടുത്തറിയുവാനും ശ്രമിക്കുമല്ലോ.
ഇതൊക്കെ നടക്കുമോ എന്ന് വിലപിക്കുന്നവരോട് ഒരു വാക്ക്. ഈ രാജ്യം
സ്വാതന്ത്ര്യം നേടിയതും ഇതുപോലെ സാധാരണക്കാരന്‍റെ നീതിക്ക് വേണ്ടി
പോരാടിയ ഒരുപാട് ധീര രാജ്യസ്നേഹികളുടെ പ്രയത്നഫലമായാണ്‌ . അവരില്‍ പലരും
തങ്ങളുടെ ജീവന്‍ ഹോമിച്ചു. താങ്കള്‍ സ്വയം ചോദിച്ചു നോക്കൂ രാജ്യത്തിന്‌
വേണ്ടി, അടുത്ത തലമുറയ്ക്ക് വേണ്ടി താങ്കള്‍ക്ക് എന്ത് ചെയ്യാന്‍
സാധിക്കുമെന്ന്. അടിമയെപ്പോലെ ജീവിക്കുന്നതിലും ഭേദം മരണമാണ്. രാജ്യത്തെ
ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും തലപ്പത്ത് മിക്ക രാഷ്ട്രീയ
പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റ് ലോബികള്‍ക്കും സ്വാധീനമുണ്ട്. ഇവര്‍
ഇതുപയോഗിച്ച് ഇത്തരം ആശയങ്ങളെ മുളയിലേ നുള്ളാന്‍ പരമാവധി ശ്രമിക്കും
എന്ന്കൂടെ മനസ്സിലാക്കുന്നതും നല്ലതാണ്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ 2014-ല്‍ പാര്‍ലമെന്‍റ്
തിരഞ്ഞെടുപ്പ് നടക്കുകയാണ്. ചിലപ്പോള്‍ നേരത്തെയും നടന്നേക്കാം.
ജോക്പാല്‍ എന്ന ദുര്‍ബല നിയമം പാസ്സാക്കി ലോക്പാല്‍ പാസ്സാക്കി എന്ന്
പറഞ്ഞ് നിങ്ങളുടെ അടുക്കല്‍ വോട്ട് ചോദിയ്ക്കാന്‍ വരുന്ന ആട്ടിന്‍
തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുക. ഭരണ-പ്രതിപക്ഷം എന്ന
വ്യത്യാസമില്ലാതെ നമ്മെ ഭരിച്ചു മുടിപ്പിയ്ക്കുന്ന എല്ലാ കള്ള
നാണയങ്ങളെയും തിരിച്ചറിയുക. ഇന്ത്യാമഹാരാജ്യത്തിന്‍റെ യഥാര്‍ത്ഥ
ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ നിങ്ങളും പങ്കാളികളാവുക. ഇങ്ങനെ
ഒരു സുവര്‍ണ്ണാവസരം എല്ലായ്പ്പോഴും കൈവരുന്നതല്ല എന്ന് തിരിച്ചറിഞ്ഞ്
താന്‍താങ്കളുടെ വോട്ടവകാശം വിനിയോഗിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ