2020, നവംബർ 10, ചൊവ്വാഴ്ച

കേരളത്തിലെങ്ങും 2021 മുതല്‍ തൂക്കുഭരണസമിതികള്‍! അവയെ നിയന്ത്രിക്കാന്‍ നിസ്വാര്‍ഥമതികള്‍!!

ബേബി. ടി. ജി.

അടുത്ത പഞ്ചായത്തു തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഭൂരിപക്ഷം പഞ്ചായത്തുക ളിലും തൂക്കുഭരണസമിതികളായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇടംകാലിലെ ചെളി വലംകാലിലേക്കും വലംകാലിലെ ചെളി ഇടംകാലിലേക്കുംമാത്രം മാറ്റാനേ ആവുകയുള്ളു എന്നു കരുതുന്ന ഇണ്ടനമ്മാവന് (അയ്യപ്പപ്പണിക്കരോട് കടപ്പാട്) കാലുകള്‍ കഴുകിത്തുടയ്ക്കുക എന്നൊരു വലിയ സാധ്യതകൂടിയുണ്ടെന്ന് ബോധ്യപ്പെടുന്ന വര്‍ഷമായിരിക്കും ഇത്. ഇന്നു കേരളത്തില്‍ ഏവര്‍ക്കും അജ്ഞാതനായിത്തുടരുന്ന ഒരു മഹാത്മാവാണ് ഇതു പറയുന്നത്. തന്റെ പേരോ താമസ സ്ഥലമോ വെളിപ്പെടുത്തില്ലെന്ന ഉറപ്പുനല്കിയതിനാല്‍ മാത്രമാണ് ഈ പ്രവചനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം അനുമതി തന്നത്. എങ്കിലും അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളും അറിവുകളുടെ ഉറവിടങ്ങളുമെല്ലാം വെളിപ്പെടുത്തിക്കൊള്ളാന്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ കണ്ടുമുട്ടാനിടയായ സന്ദര്‍ഭം വിവരിച്ചുകൊണ്ട് ഞാന്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണം പകര്‍ത്താം.
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ടുയാത്രയ്ക്കിടയിലാണ് 'ശുദ്ധമായ തെങ്ങിന്‍കള്ളും മീനും ചോറും' എന്ന ബോര്‍ഡുകണ്ട് ഞാന്‍ കുട്ടനാട്ടിലെ ഒരു ബോട്ടുജെട്ടിയില്‍ ഇറങ്ങിയത്. അവിടെ ഷാപ്പില്‍  ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കറുത്തു നീണ്ട താടിയുള്ള, കറുത്ത തലമുടി നീട്ടിവളര്‍ത്തിയ, കറുത്തവസ്ത്രം ധരിച്ച ഒരു വെളുത്ത മനുഷ്യന്‍ അങ്ങോട്ടു കടന്നുവന്ന്  ഒരു പാത്രം കപ്പയും മീന്‍കറിയും ഒരു കൂജ തെങ്ങിന്‍കള്ളും ഓര്‍ഡര്‍ചെയ്യുന്നത് . അവ ആസ്വദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം:
''നിങ്ങളറിഞ്ഞോ, കേരളത്തിന് നല്ല കാലം വരുന്നു.'' ആ ഷാപ്പില്‍ അപ്പോള്‍ ഉണ്ടായിരുന്നവരെല്ലാം കഴിഞ്ഞവര്‍ഷത്തെ പ്രളയം ഇക്കൊല്ലവും നാശംവിതയ്ക്കുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്നവരായിരുന്നു. എന്നാല്‍, ആ മനുഷ്യന്റെ പ്രവചനത്തെ ആരും പരിഹാസപൂര്‍വമല്ല, വീക്ഷിക്കുന്നത് എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. എങ്കിലും എനിക്കു ചോദിക്കാതിരിക്കാനായില്ല.
''എന്തടിസ്ഥാനത്തിലാണ് നിങ്ങളിതു പറയുന്നത്?''
എന്റെ അടുത്തിരുന്നിരുന്ന ഒരാള്‍ പറഞ്ഞു: ''നിങ്ങളൊന്നും ചോദിക്കേണ്ട.'    
ആ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ് വണ്ടര്‍മാന്‍' പറഞ്ഞുതുടങ്ങി: ''കഴിഞ്ഞവര്‍ഷം ഞാന്‍ ഇവിടെവന്ന് ഇവിടെയില്ലാത്ത വില നല്കി വെള്ളം കേറുമെന്നുറപ്പുള്ള സ്ഥലം വാങ്ങിയപ്പോള്‍ എന്നെ ഈ നാട്ടിലുള്ളവരെല്ലാം വിഡ്ഡിയെന്നു കരുതി. ഞാന്‍ ആരോടും ഒന്നും വിശദീകരിച്ചില്ല. ഞാന്‍ ഒരു ഫ്‌ളോട്ടിങ്ങ് ഹൗസ് ഉണ്ടാക്കിയപ്പോള്‍ ഇവര്‍ക്കെല്ലാം മറുപടി കിട്ടി. മാതൃകകള്‍ കാണിച്ചുകൊടുക്കുക എന്നതുമാത്രമാണ് എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ മാര്‍ഗവും ലക്ഷ്യവും. ഇവര്‍ എന്നെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതും നിര്‍ത്തിയത് അതു മനസ്സിലാക്കിട്ടുള്ളതുകൊണ്ടാണ്. എന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുതിരുന്നവര്‍ ഈ നാട്ടുകാരായിരിക്കില്ല. എന്നാല്‍ ഉറച്ച അടിസ്ഥാനമില്ലാതെ ഞാന്‍ ഒന്നും പറയുകയും ചെയ്യുകയുമില്ലെന്ന് ഈ നാട്ടുകാര്‍ക്കറിയാം. ഇനിയും ഞാന്‍ ചെയ്യാന്‍ പോകുന്നത് അടുത്ത വര്‍ഷം എന്റെ പുരയിടത്തില്‍ വീഴുന്ന മഴവെള്ളം മുഴുവന്‍ സംഭരിച്ച് ഗള്‍ഫിലേക്ക് കയറ്റിയയയ്ക്കുകയായിരിക്കും. അതിനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തുകൊണ്ടി രിക്കുകയാണ്.
ഫ്‌ളോട്ടിങ് ഹൗസ് എന്ന ആശയം ചങ്ങനാശ്ശേരി വാഴപ്പള്ള യിലുള്ള ഗോപാലകൃഷ്ണന്‍ ആചാരി (ഫോണ്‍ 9846751102) യുടേതാണ്. ചതുപ്പില്‍ പണിയാവുന്ന ഈ വീടിന് കോണ്‍ക്രീറ്റ് വീടിനെ അപേക്ഷിച്ച് 30 ശതമാനം ചെലവു കുറവുണ്ട്.(യുട്യൂബ് ലിങ്ക്  https://www.youtube.com/watch?v=G9C10pDI2JM) മഴവെള്ളം വിദേശത്തേക്കു കയറ്റിയയച്ച് കോടികള്‍ സമ്പാദിക്കുക എന്ന ആശയം ലോകസഞ്ചാരിയും സഫാരി ടിവി ഡയറക്ടറും ആയ സന്തോഷ് ജോര്‍ജ് കുളങ്ങരയുടേതാണ്. ഇങ്ങനെയൊക്കെ കിട്ടുന്ന അറിവുകള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണു ഞാന്‍.''
എനിക്ക് അദ്ദേഹവുമായി കൂടുതല്‍ പരിചയപ്പെടണം എന്നുതോന്നി. സ്വന്തം കാര്യങ്ങള്‍ പറയുന്നതില്‍ അദ്ദേഹം ഒട്ടും താത്പര്യം കാണിച്ചില്ല. ''നമ്മുടെ നാടിന്റെ ശോഭനമായ ഭാവിയെക്കുറിച്ചു സംസാരിക്കാനാണെങ്കില്‍ എന്റെ വീട്ടിലേക്കു സ്വാഗതം'' എന്നു പറഞ്ഞ് അദ്ദേഹം തന്റെ വീട്ടിലേക്കു ക്ഷണിച്ചു.
അദ്ദേഹത്തോടൊപ്പം നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്നെ കുഞ്ഞേട്ടനെന്നു വിളിച്ചാല്‍മതി. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. എന്നുവച്ച് എന്റെ ജീവിതത്തില്‍ ദുഃഖങ്ങളും ദുരിതങ്ങളും ഒന്നും ഉണ്ടായിട്ടില്ലെന്നു കരുതരുത്. അവയെല്ലാം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഇപ്പോഴത്തെ എന്റെ ശാന്ത സുന്ദരമായ ജീവിതത്തിലേക്കുള്ള മുള്ളും മുരടും മൂര്‍ഖന്‍ പാമ്പും നിറഞ്ഞ വഴിയിലെ അനിവാര്യസാന്നിധ്യങ്ങള്‍ മാത്രമായിരുന്നു എന്നു ഞാനറിയുന്നു. എത്രയെത്ര കുന്നുകള്‍ ഇറങ്ങിയും പാറക്കൂട്ടങ്ങളെ തഴുകിയുമാണ് ഓരോ പുഴയും കടലിലേക്കൊഴുകുന്നത് എന്ന ചോദ്യം വ്യക്തികളോടു മാത്രമല്ല സമൂഹങ്ങളോടുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഏതോ ഒരു കവി 'നെല്ലിനും താമരയ്ക്കും പൂവിടാന്‍ ചെളി-മണ്ണാണു വേണ്ടതെന്നിന്നറിഞ്ഞൂ' എന്നെഴുതിയത് എന്റെ ജീവിതത്തെ പ്പറ്റി ആണെന്ന ഉള്‍ക്കാഴ്ചയില്‍നിന്നാണ് എന്റെ തുടക്കം. ഇപ്പോള്‍ അത് സമൂഹത്തപ്പറ്റിയും സത്യമാണെന്ന ഉള്‍ക്കാഴ്ചയില്‍ ഞാന്‍ എത്തിയിരിക്കുന്നു. കാറല്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ ഒരു വ്യവസ്ഥിതി അപചയം പ്രാപിക്കു മ്പോള്‍ അതു വളമാക്കി കൂടുതല്‍ നല്ല മറ്റൊരു വ്യവസ്ഥിതി ഉരുത്തിരിയും എന്ന് എനിക്കിപ്പോള്‍ ബോധ്യമുണ്ട്. ഞാന്‍ ഷാപ്പില്‍വച്ചുനടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.''
''കേരളത്തില്‍ അടുത്തവര്‍ഷം എന്തുസംഭവിക്കും എന്നാണ് അങ്ങു കരുതുന്നത്?'' ഞാന്‍ ചോദിച്ചു.
''നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം  പുതിയ ഭരണസമിതികള്‍ ജനുവരി ആദ്യമായിരിക്കും നിലവില്‍ വരുന്നത്. വിശ്വാസ്യതയും അച്ചടക്കവും നഷ്ടപ്പെട്ടതും അഴിമതിക്കു കൂട്ടുനില്ക്കാന്‍ ലജ്ജയില്ലാത്തവരുമായ ഇടതോ വലതോ ബിജെപിയോ നേതൃത്വം നല്കുന്ന  ഭരണസമിതികളാണല്ലോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ഇന്നുള്ളത്.  കഴിഞ്ഞ 4 വര്‍ഷത്തിനിടെ മിക്ക പഞ്ചായത്തുകളിലും ഭരണനേതൃത്വം, പലയിടത്തും ഭരണപക്ഷംതന്നെ, മാറിയിട്ടുണ്ട്. എന്നാല്‍, ജനപ്രതിനിധികള്‍ മാറിയിട്ടില്ല.  
ഈ അവസ്ഥമാറ്റാന്‍ എന്തുണ്ടു മാര്‍ഗം? തിരഞ്ഞെടുക്കപ്പെ ടുന്ന പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ എങ്ങനെ സാധിക്കും? അതിന് സഹായകമായ ഒരു മാര്‍ഗവും സമൂഹജീവിത മാതൃകയും  ദര്‍ശനം എന്ന ചെറുമാസികയിലൂടെ അമ്പലപ്പുഴ ക്കാരനായ ഡി. പങ്കജാക്ഷക്കുറുപ്പ് എന്ന അധ്യാപകന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നു ഓരോ തദ്ദേശഭരണ കേന്ദ്രത്തോടുമൊപ്പം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ എന്ന സംവിധാനം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് അമ്പലപ്പുഴ ക്കാരനായ ശ്രീ തോമസ് ഐസക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവും പങ്കജാക്ഷക്കുറുപ്പുസാറും സ്‌നേഹിതരായിരുന്നു എന്നതും ചേര്‍ത്തുവായിക്കാവുന്നതാണ്.
കുടുംബശ്രീ ദരിദ്രസ്ത്രീകള്‍ക്കുമാത്രമായി ആരംഭിച്ചിടത്തു വലിയൊരു തെറ്റുണ്ട്. ജാതി,മത,ധനിക,ദരിദ്രഭേദമെന്യേ, സ്ത്രീപുരുഷഭേദമെന്യേ, ഓരോ നാട്ടിലെയും പത്തോ പതിനഞ്ചോ അയല്‍ക്കാര്‍ എല്ലാ ആഴ്ചയും ഓരോ വീട്ടില്‍ മാറിമാറി സമ്മേളിച്ച് അത്രയും കുടുംബങ്ങള്‍ക്കിടയ്ക്ക് ബന്ധുത്വബോധമുറപ്പിക്കുക എന്നതായിരുന്നു കുറുപ്പു സാറിന്റെ അടിസ്ഥാന ആശയം. അയല്‍ക്കാര്‍ക്കിടയ്ക്ക് ബന്ധുത്വബോധം ആഗ്രഹിക്കുന്ന ഓരോരുത്തരും അതി രാവിലെ സ്വന്തം വീട്ടിലിരുന്ന് അവരുടെ പത്ത് അയല്‍ വീടുകളിലുള്ള ആബാലവൃദ്ധം അംഗങ്ങളുടെയും പേരും രൂപവും അനുസ്മരിച്ച് ഓരോ ദിവസവും അവരുടെ നന്മയ്ക്കായി തനിക്കാവുന്നതു ചെയ്യും എന്നു മനസ്സില്‍ പ്രതിജ്ഞയെടുത്തുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിവയ്ക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എല്ലാ ഗ്രാമങ്ങളിലും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഔപചാരികതകളൊന്നുമില്ലാതെ പരസ്പരം പറയാനും പങ്കുവയ്ക്കാനും വേദി ഒരുക്കുക. എവിടെയും ആര്‍ക്കും ഈ സംരംഭം തുടങ്ങാനാവും. ഓരോ അയല്‍ക്കൂട്ടത്തിന്റെയും മാതൃകകണ്ട് സമീപത്തുള്ള മറ്റു വീടുകള്‍ ചേര്‍ന്നു വേറെയും അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാകട്ടെ. ഇതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ആശയം.
ഈ ആശയത്തില്‍നിന്ന് സാവധാനം ഓരോ കുടുംബക്കൂട്ടാ യ്മയും അതിന്റെ താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് ഉറപ്പുനല്കുന്നവരെ (ഒരു സ്ത്രീയെയും ഒരു പുരുഷനെയും വീതം) അയല്‍ക്കൂട്ടങ്ങളുടെ പ്രതിനിധികളായി തെരഞ്ഞടുക്കുകയും അവര്‍ ചേര്‍ന്ന്   ഒരാളെ ആ പഞ്ചായത്തു വാര്‍ഡിലേക്കുള്ള  അംഗമാക്കുകയും ചെയ്ത് ജനാധികാര രാഷ്ട്രീയം തുടങ്ങിവയ്ക്കാന്‍ കഴിയുമെന്നായിരുന്നു കുറുപ്പു സാറിന്റെ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ  ഗാന്ധിമാര്‍ഗികള്‍ കണ്ടെത്തിയത്. എല്ലാ വാര്‍ഡുകളിലും ഇങ്ങനെ തെരഞ്ഞെ ടുക്കപ്പെടുന്ന പഞ്ചായത്തംഗങ്ങള്‍  തൃപ്തികരമായി പ്രവര്‍ത്തി ക്കുന്നില്ലെങ്കില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രതിനിധികളിലൂടെ അവരെ പിന്‍വലിക്കാന്‍ സാധിക്കണം.
ഇങ്ങനെയൊക്കെ ചിന്തിക്കുന്നവര്‍ ഈയടുത്തകാലംവരെ ഒരു ന്യൂനപക്ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് സോഷ്യല്‍മീഡിയാ ഉപയോഗിച്ച് വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ അവരുടെ വലിയ കൂട്ടായ്മകള്‍തന്നെ വിപുലമാക്കിയിട്ടുണ്ട്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യവുമായി ചിലര്‍ സോഷ്യല്‍മീഡിയായില്‍ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഇതുപോലെയുള്ള നിരവധി സംഘടനകളെ ഏകോപിപ്പിക്കുന്ന തിനുള്ള ശ്രമം പലരും തുടങ്ങിയിട്ടുണ്ട്. ഏതായാലും ആത്മാര്‍ ഥതയും ഉദ്ദേശ്യശുദ്ധിയുമുള്ള നിരവധി സ്ഥാനാര്‍ഥികള്‍ അടു ത്ത തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനും സാ ധ്യതയുണ്ട്. ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലാത്ത സാഹചര്യത്തില്‍  അവര്‍ക്ക് പത്തനംതിട്ട ജില്ലാ രൂപീകരണത്തിനായി കെ. കെ. നായര്‍ ചെയ്തതുപോലെ നിര്‍ണായകപങ്കു വഹിക്കാനാവും.
പഞ്ചായത്തുതെരഞ്ഞെടുപ്പിന്റെ സ്വാധീനം അടുത്തനിയമ സഭാതെരഞ്ഞടുപ്പിനെ വളരെയേറെ സ്വാധീനിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.  
നിയമസഭാ തിരഞ്ഞെടുപ്പ്            
പകുതി പഞ്ചായത്തുകളിലെങ്കിലും ജനങ്ങളുടെ സ്വന്തംസ്ഥാനാര്‍ഥികള്‍ നിര്‍ണായകസ്വാധീനം നേടും. ഇടതോ വലതോ ബിജെപിയോ അല്ലാത്ത അനേകരിവിടെ വിജയിക്കും. ഭരതനെ വനവാസിയായിരുന്ന രാമന്‍ സ്വാധീനിച്ചിരുന്നതു പോലെ സ്വന്തംസ്വാധീനം ഭരണത്തില്‍ നടക്കുന്നതു കാണുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സ്വന്തം ശക്തി മനസ്സിലാകും. നിസ്വാര്‍ഥമതികള്‍ ഭരിച്ചാലേ നാടുനന്നാവൂ എന്ന ഉത്തമ ബോധ്യമുണ്ടാകുന്ന അവര്‍ നിയമസഭയില്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ കഴിയുന്ന 15 സ്ഥാനാര്‍ഥികളെയെങ്കി ലും വിജയിപ്പിക്കും. കേരളം നേര്‍വഴിയിലാകാന്‍ ഇതുമതി!!''
സംസാരം ഇത്രയുമായപ്പോള്‍ കുഞ്ഞേട്ടന്റെ വീട്ടിലെത്തി!!!    


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ