അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നു. തുടർന്നുനടന്ന ഒരു പഠനത്തിൽ വ്യക്തമായത് കോൺഗ്രസിന് മുൻതിരഞ്ഞെടുപ്പിൽ കിട്ടിയിരുന്ന അത്രയുംതന്നെ വോട്ടുകൾ കിട്ടിയിരുന്നു എന്നും പ്രതിപക്ഷ പാർട്ടികൾ ഒരു പാർട്ടിയായി ഒന്നിച്ചു നിന്നതിനാൽമാത്രമാണ് ജനതാപാർട്ടിക്ക് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞത് എന്നുമാണ്. ഇതു കണ്ടെത്തിയ ഇന്ദിരാഗാന്ധി അന്നത്തെ ഭരണകക്ഷിയെ പഴയ പ്രതിപക്ഷകളാക്കി ഭിന്നിപ്പിക്കാൻ ചെയ്യേണ്ട കുതന്ത്രങ്ങളെല്ലാം നടപ്പാക്കി, 5 വർഷം എന്നല്ല 2 വർഷം പോലും ജനതാഭരണം നിലനില്ക്കാൻ അനുവദിച്ചില്ല.
ആ തിരഞ്ഞെടുപ്പിനെത്തുടർന്ന് എനിക്കുണ്ടായ ഒരു ഉൾക്കാഴ്ച കേരളത്തിലെ എല്ലാ പത്രങ്ങൾക്കും പത്രാധിപർക്കുള്ള കത്തായി അയച്ചുകൊടുക്കുകയുണ്ടായി. ഒരു പത്രം മാത്രം അതു പ്രസിദ്ധീകരിച്ചു. ആ കുറിപ്പ് ഇന്നും പ്രസക്തമാണെന്നു തോന്നുന്നതിനാൽ ഓർമയിൽനിന്ന് ഒന്നു പകർത്തുകയാണ്.
ഒരു നിയോജകമണ്ഡലത്തിൽ മൂന്നു സ്ഥാനാർഥികൾ മത്സരിച്ചാൽ അവിടെ 33.33 ശതമാനത്തിലും ഒരു വോട്ടു കൂടുതൽ നേടിയാലും ഒരാൾക്ക് ജനപ്രതിനിധിയാകാം. സ്ഥാനാർഥികളുടെ എണ്ണം 4 ആയാൽ ജയിക്കുന്നയാൾക്ക് 25 ശതമാനത്തിലും ഒരു വോട്ടുകൂടി കൂടുതൽ കിട്ടിയാൽ മതി. യഥാർഥത്തിൽ ആ മണ്ഡലത്തിൽ വിജയിക്കുന്ന ആളെക്കാൾ വോട്ട് രണ്ടോ മൂന്നോ പേർമാത്രം മത്സരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുന്നവർക്ക് കിട്ടാറുണ്ടെന്നർഥം. ഇത് ജനാധിപത്യപരമായ പ്രാതിനിധ്യ സങ്കല്പത്തിന് ഇണങ്ങുന്നില്ലാത്ത ഒരു വസ്തുതയല്ലേ? ഈ പ്രശ്‌നം പരിഹരിക്കാൻ എന്താണൊരു വഴി?
അടുത്തടുത്തുള്ള രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കുക എന്നതാണ് പരിഹാരം. അവിടെ എത്രപേർ മത്സരിച്ചാലും നാല്പതു ശതമാനത്തിലധികം വോട്ടു നേടുന്നവരെയെല്ലാം പ്രതിനിധികളാക്കുക. രണ്ടു പേരിൽ കൂടുതൽ പേർക്ക് അർഹത കിട്ടുകയില്ലല്ലോ. ആർക്കും നാല്പതു ശതമാനം വോട്ടുപോലും കിട്ടുന്നില്ലെങ്കിൽ ആ മണ്ഡലങ്ങൾക്ക് പ്രതിനിധിയേ വേണ്ട. ഒരാൾതന്നെ 80 ശതമാനത്തിലധികം വോട്ടു നേടുകയാണെങ്കിൽ അയാൾക്ക് രണ്ടു മണ്ഡലങ്ങളുടെയും പ്രാതിനിധ്യവും നിയമസഭയിൽ രണ്ട് വോട്ടും നല്കുക. ഇത് നിയമസഭകളിൽ ഒരു കക്ഷിക്കും അമിതഭൂരിപക്ഷം ഉണ്ടാകാതിരിക്കാനും സഹായകമായിരിക്കും.
ഏതാനും വർഷം കഴിഞ്ഞപ്പോൾ ചില ഗാന്ധിയൻ സുഹൃത്തുക്കളുമായുള്ള സംവാദത്തിനിടയിൽ കൂടുതൽ വികേന്ദ്രീകൃതവും ജനകീയവുമായ ഒരു ജനപ്രാതിനിധ്യ സമ്പ്രദായത്തെപ്പറ്റി ചില നല്ല നിർദേശങ്ങൾ ഉരുത്തിരിഞ്ഞുവന്നത് ഒരു പാട്ടായി ഞാൻ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അയൽപക്കത്തായം
ജോസാന്റണി
ശ്രീനാരായണഗുരുവിനോട് ചിലർ ചോദിച്ചു: മക്കത്തായമാണോ മരുമക്കത്തായമാണോ നല്ലത്? അദ്ദേഹം മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും കുഴപ്പമില്ല. 'അയൽപക്കത്തായം' ഉണ്ടായാൽ മതി. ക്രാന്തദർശിയായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത് സൂക്ഷ്മദൃഷ്ടികൾ ആയ ആർക്കും കാണാൻ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി തുടങ്ങിവച്ച ഈ ദിശയിലുള്ള നീക്കങ്ങൾ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാൻ പോന്നതാണ്.
നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ: അത് താഴെ കൊടുക്കുന്നു:
ജനാധികാരമാർഗം
അയലുകൾ തമ്മിൽ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികൾ വരണ,മവർ ചേർ-
ന്നിവിടുള്ളൊരു വാർഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിൻ പ്രതിനിധിയാകുമവർക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങൾ.
അവരുടെ പാർട്ടിക്കാർ പറയുന്നതു
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിൻ നാവായവർ
അറിയണ, മപ്പോളവർ ചേർന്നീടിൽ
അയലുകൾ ചേർന്നു പറഞ്ഞീടുന്നവ
പറയാൻ ബ്ലോക്കിൽ, ജില്ലയി, ലതുപോൽ
സംസ്ഥാനത്തിൽ, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷൻ വന്നാൽ
കക്ഷികൾ, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയിൽനിന്നും
നമ്മൾ മോചിതരായിടു, മറിയൂ!
https://nityadarsanam.blogspot.com/2015/03/blog-post_21.html
ആ ഗാന്ധിയൻസുഹൃത്തുക്കൾ എഴുതിയിട്ടുള്ള ദീർഘമായ ലേഖനങ്ങൾ ജീവധാര എന്നൊരു മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ഡിജിറ്റൽ കോപ്പി താത്പര്യമുണ്ടെങ്കിൽ അയച്ചുതരാം.
സോഷ്യൽമീഡിയയുടെ സ്വാധീനം വർധിച്ചിട്ടുള്ള ഇക്കാലത്ത് വ്യാപകമായി ഈ നിർദേശങ്ങൾ പ്രചരിപ്പിക്കാൻ എനിക്ക് താത്പര്യമുണ്ട്. നടപ്പിലാക്കാൻ ജനകീയ പിന്തുണയോടൊപ്പം ഭരണഘടനാപരമായ ചില ഭേദഗതികളും വേണ്ടിവന്നേക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ