2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച
''ഒളിവെട്ടു വെട്ടുന്നതാരാണ്
ഉറക്കത്തില്‍ കൊല്ലുന്നതാരാണ്...''
ജോണി ജെ. പ്ലാത്തോട്ടം
പ്രമുഖ ജേര്‍ണലിസ്റ്റും കോളമിസ്റ്റുമായ ശ്രീ കെ. എം റോയി ഇടയ്‌ക്കൊക്കെ ചില അപ്രിയ സത്യങ്ങള്‍ കൂസലെന്യേ പറയുന്ന ആളാണ്. ജനാധിപത്യവാദിയും സോഷ്യലിസ്റ്റുമായിട്ടാണ് അദ്ദേഹം കരുതപ്പെടുന്നത്. കടുത്ത പാര്‍ട്ടിരാഷ്ട്രീയം അദ്ദേഹത്തിനുള്ളതായി അറിയില്ല- ചുരുങ്ങിയത് എനിക്കെങ്കിലും.
ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യത്തെക്കുറിച്ച് തനിക്കുള്ള ധാരണകളുടെ പാപ്പരത്തം ഉദ്‌ഘോഷിക്കുന്ന ലേഖനമാണ് ഓഗസ്റ്റ് 29-ന്റെ മംഗളത്തില്‍ ''ഒടുവില്‍ അന്നാഹസാരേയ്ക്കു സംഭവിച്ച അബദ്ധം'' എന്ന തലക്കെട്ടില്‍ അദ്ദേഹം 'തുറന്ന മനസോടെ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല തന്റെ രാഷ്ട്രീയനിലപാടുകളുടെ പക്ഷപാതിത്തവും വികലതയും അദ്ദേഹം വിളംബരം ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും തന്റെ ചതഞ്ഞ നിലപാടുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കാതെ വരുമ്പോള്‍ അദ്ദേഹം രോഷം കൊള്ളുന്നത് എന്നേപ്പോലെ മറ്റു പലരും കണ്ടിട്ടുണ്ടാകും.
ശ്രീ റോയിയുടെ രാഷ്ട്രീയ ബോധത്തിന്റെയും ആത്യന്തിക നിലപാടിന്റെയും 'എസ്സന്‍സ്' തന്റെയീ ലേഖനത്തിന്റെ ഒടുവില്‍ ഉപസംഹാരമായി അദ്ദേഹം ചേര്‍ത്തിരിക്കുന്ന രണ്ടു വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ''പക്ഷെ അന്തിമമായി ഇന്നത്തെ ഇന്‍ഡ്യയെന്നത് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ഇന്‍ഡ്യയാണ്. അതുകൊണ്ടാണ് ഇന്‍ഡ്യയിലെ അന്നാഹാസാരെമാരും അനുയായികളുമല്ലാത്ത സാധാരണ ജനങ്ങള്‍ അവരെ മാറി മാറി അധികാരിത്തിലേറ്റിക്കൊണ്ടിരിക്കുന്നത്'' അതെ, ഇക്കൂട്ടരെ മാറി മാറി അധികാരത്തിലേറ്റുക എന്നതു മാത്രമായിട്ടുണ്ട് ഇന്‍ഡ്യയിലെ ജനങ്ങളുടെ ജോലി. പക്ഷേ അതവരുടെ ഗതികേടുകൊണ്ടാണെന്ന് ശ്രീ റോയിയെപ്പോലുള്ളവര്‍ മാത്രം മനസ്സിലാക്കിയിട്ടില്ല. നിരാശയുടെ പടുകുഴിയിലാണ് ഇന്‍ഡ്യയിലെ ഭൂരിപക്ഷം ജനങ്ങളും എന്ന വസ്തുത ഈ ജേര്‍ണലിസ്റ്റ് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്നു?!
ഒരു രാഷ്ട്രീയ പുരാവസ്തുവെന്ന നിലയിലേയ്ക്കു പലരും എഴുതിത്തള്ളിയ-ആള്‍ ദൈവത്തില്‍ അഭയം തേടിയ വിപ്ലവകാരി-ശ്രീ ഫിലിപ്പ് എം പ്രസാദിനുപോലും ഇന്ത്യനവസ്ഥയുടെ ഗുരുതരമായ സ്ഥിതിവിശേഷമറിയാം. ഹസാരെയുടെ സത്യഗ്രഹത്തിന്റെ തുടക്കത്തില്‍ ഒരു ടി.വി. ചാനലില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പറഞ്ഞത്, അന്ന്യഥാ സായുധവിപ്ലവത്തിന്റെ പാതയിലേയ്ക്കു പോയേക്കാവുന്ന നിരാശരായ ഇന്‍ഡ്യന്‍ യുവതയെ സമാധാനപരമായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരിക, എന്ന മഹത്തായ ഒരു കര്‍മ്മം കൂടി ഹസാരെ നയിക്കുന്ന സമരത്തിനുണ്ട് എന്നാണ്. മാത്രമല്ല അദ്ദേഹം രാജ്യത്തോടുള്ള തന്റെ മിനിമം ധര്‍മ്മം എന്ന നിലയില്‍ ചില സുഹൃത്തുക്കളോടോപ്പം നിരാഹാരസമരം നടത്തി അറസ്റ്റ് വരിക്കുകയും ഏതാനും ദിവസം ലോക്കപ്പില്‍ കിടക്കുകയും ചെയ്തു.
ഹസാരേയ്ക്കു പറ്റിയ അബദ്ധമെന്താണെന്ന് - ലേഖനത്തിന്റെ ടൈറ്റില്‍ അങ്ങനെയാണെങ്കിലും- റോയിയുടെ ലേഖനത്തിലൊരിടത്തും കാണുന്നില്ല. അതേ സമയം തന്റെ ആരാധനാമൂര്‍ത്തികളായ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം അഴിമതിയില്‍ ആറാടി നില്ക്കുകയാണെന്നു തുറന്നു സമ്മതിക്കുകയെന്ന അബദ്ധം റോയിക്കു സംഭവിക്കുന്നുമുണ്ട്. ''........... കോണ്‍ഗ്രസിനെപ്പോലെ തന്നെ മിക്കവാറും എല്ലാപ്രതിപക്ഷ പര്‍ട്ടികളും അഴിമതിയുടെ ചെളിക്കുണ്ടില്‍ ഇറങ്ങിനില്കുന്നത് എന്നതുകൊണ്ടാണ്.''
എല്ലാപാര്‍ട്ടികളും അഴിമതിയില്‍ ആറാടി നില്‍ക്കുകയാണെന്ന കാര്യം റോയി പറഞ്ഞിട്ടുവേണ്ട ജനങ്ങള്‍ മനസ്സിലാക്കാന്‍. ഇതെല്ലാം അറിയാവുന്ന റോയി ഏതു ചേരിയിലാണെന്നുള്ളതാണ് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ഖേദം അതാണ്.
'മൂന്നു വലിയ കൂറ്റന്‍ അഴിമതി'യുടെ കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ട്. വിദേശബാങ്കുകളില്‍ ഹിമാലയപര്‍വ്വതം പോലെ കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണത്തിന്റെ കഥ വേറേയുണ്ട്. അക്കാലത്തു റിക്കോര്‍ഡു തുകയായിരുന്ന ആയിരം കോടിയുടെ കാലിത്തീറ്റക്കുംഭകോണത്തിന്റെ ഉടമയാണു ലാലു പ്രസാദ് യാദവ്. ഇപ്പോള്‍ മന്ത്രി രാജ കിടക്കുന്നതുപോലെ കുറേനാള്‍ ജയിലില്‍ കിടക്കുക മാത്രം ചെയ്ത ലാലുവിനെതിരായ കേസിലെ സാക്ഷികളും കൂട്ടുപ്രതികളും ചത്തുതീര്‍ന്നുകൊണ്ടിരിക്കുകയാണ്. എം.പി. മാരായ രാജയും കനിമൊഴിയും കല്‍മാടിയും ലാലുവുമൊക്കെ ചേര്‍ന്നുണ്ടാക്കുന്നതാണല്ലോ നമ്മുടെ ലോകസഭയുടെ 'അന്തസ്സ്'. അതിനെതിരെ ആരും ഒരക്ഷരം മിണ്ടിപ്പോകരുത്. മിണ്ടിയാല്‍ അവകാശലംഘനമാകും. ഈ നില തുടരുകയെന്നത് പാര്‍ലമെന്റിന്റെ അവകാശമാണത്രേ! പരോക്ഷമായി റോയി സ്വീകരിക്കുന്ന നിലപാടും ഇതാണല്ലോ. ബി.ജെ.പിയുടേയും, സി.പി.എം.ന്റെയും അഴിമതിക്കഥകളില്‍ ചിലതെങ്കിലും റോയിതന്നെ ഉദ്ധരിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അദ്ദേഹം തന്നെ പറയുന്നതുപോലെ, അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നുമറിയുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തോഴനായി അദ്ദേഹം നില്ക്കുന്നതെന്തിനാണെന്നു മാത്രം മനസ്സിലാകുന്നില്ല. അവര്‍ തീര്‍ത്തിരിക്കുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ പങ്കു പറ്റുന്നയാളാണ് കെ.എം. റോയി എന്ന ഈ നല്ലമനുഷ്യനെന്ന് ആരും കരുതുന്നുണ്ടാവില്ല. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യബോധം ശീര്‍ഷാസനത്തിലാണ് നില്ക്കുന്നതെന്ന കാര്യം കാണാതിരിക്കുന്നുമില്ല. റോയി പറയുന്നത് ഹസാരെയില്‍നിന്ന് നമ്മുടെ ഇപ്പോഴത്തെ 'പാര്‍ലമെന്റിന്റെ ആത്മാഭിമാനം' എന്ന ചാരിത്രം രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഭിമാനബോധം കൊടുത്ത ദൈവത്തോട് 'ഇന്ത്യന്‍ ജനാധിപത്യം' നന്ദി പറയേണ്ടതുണ്ട് എന്നാണ്. ആ ദൈവം റോയി എന്ന നല്ല മനുഷ്യന്റെ രാഷ്ട്രീയ മൂല്യബോധം നേരെയാക്കിക്കൊടുക്കണമേയെന്നു പ്രാര്‍ത്ഥിക്കുകയേ രക്ഷയുള്ളു. ഈ അവസ്ഥയിലും 'രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ഇന്ത്യയുടെ' പേരില്‍ ഒരു ഉത്ക്കണ്ഠയും റോയിക്കില്ല. എന്നതു പോകട്ടെ, ഹസാരെയേയും അദ്ദേഹത്തിന്റെ പ്രക്ഷോഭത്തേയും അധിക്ഷേപിക്കുന്ന പരിപാടി, മന്‍മോഹനും കോണ്‍ഗ്രസ്സ് സംഘടനയും കേന്ദ്രഗവണ്‍മെന്റും, 'ആത്മാഭിമാനികള്‍' നിറഞ്ഞ പാര്‍ലമെന്റും നിര്‍ത്തിവച്ച കാര്യം അദ്ദേഹം അറിയുന്നില്ല. മിണ്ടാമഠത്തിലെ അന്തേവാസിയെപ്പോലെ, കഴിഞ്ഞ കുറേ ആഴ്ചകളായി മൗനം പാലിച്ച എ.കെ. ആന്റണി പോലും വായ തുറന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ ധ്വനി എന്താണെന്ന് റോയി മനസ്സിലാക്കുന്നില്ല.
കെ.എം. റോയിക്കു കൂട്ടായി മറ്റൊരു റോയി - അരുന്ധതീ റോയി - ഉണ്ടെന്നുള്ള കാര്യം ഇവിടെ മറക്കുന്നില്ല. എന്നുതന്നെയല്ല, ഹസാരെ എന്തോ ദേശദ്രോഹം ചെയ്യുകയാണെന്ന രീതിയില്‍ എഴുതിവിടുന്ന ഒരു സമുദായപ്പത്രവും കേരളത്തിലുണ്ട്. സമൂഹം എത്ര പ്രാവശ്യം വലിച്ചെറിഞ്ഞാലും നാലു കാലില്‍ നില്ക്കാനുള്ള അവരുടെയൊക്കെ 'കഴിവിനെ' എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
മാധ്യമങ്ങളുടെ പൊതുവായ കാര്യമാണെങ്കില്‍, അവിടെയും വ്യക്തമായ രണ്ടു ചേരിയുണ്ടെന്നു ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു വിഭാഗം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു തീവ്രയത്‌ന പരിപാടിയാണ്. ഹസാരെയുടെ സമരം ജനമനസ്സുകളിലുണ്ടാക്കിയ ഉണര്‍വ്വും മൂല്യബോധവും അപ്പാടെ തുടച്ചുമാറ്റാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പരിശ്രമിക്കുകയാണവര്‍. കൊലപാതകം നടത്തിയ സ്ഥലത്തുനിന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രതിയുടെ ശുഷ്‌ക്കാന്തിയോടെയാണ് ചില മാധ്യമങ്ങള്‍, പ്രത്യേകിച്ചും അച്ചടി മാധ്യമങ്ങള്‍ ഈ കടമ ഏറ്റെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ഈ ജനകീയ മുന്നേറ്റത്തിനു നേരെയുള്ള ഒളിവെട്ടും ചതിപ്രയോഗങ്ങളും ഏതു കേന്ദ്രങ്ങളില്‍നിന്ന് വേണമെങ്കിലും വരാം. ബുദ്ധിജീവികള്‍, കലാകാരര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ആരുടെയിടയില്‍നിന്നും.
അണ്ണാഹസാരെയും അദ്ദേഹം നയിക്കുന്ന പ്രസ്ഥാനവും ഐ.സി.യു. വില്‍ നിന്ന് ഒരിക്കലും ഇറങ്ങാന്‍ പോകുന്നില്ല എന്ന ധാരണയാണ് ചിലര്‍ പരത്തുന്നത്. ഉപവാസം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ ചെയ്ത പ്രസംഗത്തിലെ കാര്യങ്ങള്‍ എല്ലാ സ്ഥാപിതതാല്പര്യക്കാരുടെയും മനസ്സില്‍ ഭീതി ഉണര്‍ത്തി കല്ലിച്ചുകിടപ്പുണ്ട്.
രണ്ടാം ഗാന്ധിഎന്ന് ഹസാരെയെ അംഗീകരിക്കണമെന്ന് ഇവിടെയാര്‍ക്കും നിര്‍ബ്ബന്ധമില്ല. വ്യക്തിപരമായിപ്പറഞ്ഞാല്‍, സമരവേദികളില്‍ മതാത്മകമായ ആത്മീയതയല്ല, സാമൂഹ്യനീതിയിലും മാനുഷികമൂല്യങ്ങളിലും അധിഷ്ഠിതമായ കാര്യങ്ങള്‍ മാത്രമാണ് ഹസാരെ പറയുന്നത് എന്ന അധികമാനം ഹസാരെക്കുണ്ടെന്നു ഞാന്‍ കാണുന്നു.
ഗാന്ധിജിയുടെ ജനുസ്സില്‍പ്പെട്ട ഒരു ജനനേതാവാണ് ഹസാരെയെന്ന് അദ്ദേഹത്തിന്റെ ഈ നിരാഹാരസമരം ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കിക്കൊടുത്തു.
ഹസാരെയെ (ഓഗസ്റ്റ് 16 ന്) അറസ്റ്റ് ചെയ്തതില്‍ പരാതിയോ പ്രതിഷേധമോ പ്രകടിപ്പിക്കാത്ത ഒരേയൊരാള്‍ ഹസാരെയാണെന്ന കാര്യം നാം ഓര്‍മ്മിക്കണം. നിയമം നിഷേധിക്കാനുള്ള അവകാശവും അതിന്റെ ശിക്ഷ അനുഭവിക്കാനുള്ള കടമയും ഓരോ പൗരനുമുണ്ട് എന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തത്വമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഗാന്ധിയന്‍ സമരങ്ങളും ഇതേ പാതയിലായിരുന്നു. റോയി ആവര്‍ത്തിച്ചു പറയുന്നതുപോലെ ഹസാരെയും അങ്ങേരുടെ ഉപജാപക സംഘവും മാത്രമായിരുന്നു സമരത്തിനു പിന്നിലെങ്കില്‍ പാര്‍ലമെന്റിന്റെ 'മഹത്തായ നടപടിക്രമ' ങ്ങളും ''പാരമ്പര്യവും'' കൂട്ടാക്കാതെ ഗവണ്‍മെന്റേതര ലോക്പാല്‍ബില്ലുകള്‍ എന്തിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറായി?!
തന്റെ ജീവന്‍ അപകടാവസ്ഥയിലായിരുന്നിട്ടും, ഇരുപക്ഷത്തുനിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ ചെറുത്തുകൊണ്ട്, ബില്ല് വോട്ടിനിടണം, ഓരോ എം.പിയും ഏതു പക്ഷത്തു നില്ക്കുന്നു എന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട് എന്നു പ്രഖ്യാപിച്ചു ഹസാരെ! സമരത്തിന് 'പൂര്‍ണ്ണ പിന്തുണ' തന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി യേയും കൂടി വിഷമത്തിലാക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. ഒരു സംഘപരിവാറിന്റെയും സ്വാധീന വലയത്തിലല്ല ഹസാരെയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ ബോദ്ധ്യം വരുത്തുന്ന ഒരു സംഭവമാണിത്.
ഹസാരെയുടെ ഈ ആവശ്യം നടക്കാതെ പോയതില്‍ സ്ഥാപിതതാല്‍പര്യക്കാരല്ലാത്ത ആരും സന്തോഷിക്കേണ്ട കാര്യമില്ല. എപ്പോഴുമെന്നപോലെ ഇപ്പോഴും, 'പൊതുശത്രു'വായ ജനങ്ങളെ നേരിടാന്‍ വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചുനിന്നതുകൊണ്ടാണ് ജനങ്ങളുടെ ഈ അവകാശം അംഗീകരിക്കപ്പെടാതെ പോയത്.
ഹസാരെ നിരാഹാരം അവസാനിപ്പിച്ച സമയത്ത് എല്ലാ പക്ഷത്തുനിന്നും സമരം വിജയിച്ചതിന്റെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് (ജനങ്ങള്‍)പകുതി വിജയമേ നേടിയുളളു എന്നാണ്. ധാര്‍ഷ്ട്യം പിടിച്ചുനിന്ന ഗവണ്‍മെന്റിനേയും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന സംഘടിതശക്തിയേയും ഒന്നിലധികംപ്രാവശ്യം മുട്ടുകുത്തിച്ചതിന്റെ ഗര്‍വ്വോ സന്തോഷമോ പോലും അദ്ദേഹത്തിനില്ലായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ച രാത്രിയില്‍ രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകി മദിക്കുമ്പോള്‍ ഗാന്ധിജി, വര്‍ഗ്ഗീയ കലാപം നടക്കുന്ന ഇടങ്ങളില്‍ ഉഴറി നടക്കുകയായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ആ സംഭവമാണ് ഹസാരെ ഉപവാസം അവസാപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.
സമരം ഒരു ഘട്ടത്തിലും ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകളും 'കോര്‍ കമ്മറ്റിക്കു' വെളിയില്‍നിന്നുള്ള ഇടപെടല്‍ നിയന്ത്രിക്കാന്‍ വേണ്ടി സ്വീകരിച്ച 'കണ്ണിച്ചോരയില്ലാത്ത' ഒഴിവാക്കലുകളും, ഉടനീളം പാലിച്ച അച്ചടക്കവും ഈ സമരത്തെ മറ്റൊരു വിധത്തിലും ചരിത്രപ്രാധാന്യമുള്ളതാക്കുന്നുണ്ട്.
അറസ്റ്റ,് അവഗണിക്കല്‍, വ്യക്തിഹത്യ, നിരോധനങ്ങള്‍, അപവാദങ്ങള്‍, ഭിന്നിപ്പിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ വക മര്‍ദ്ദനമുറകള്‍ക്കും സോപ്പിങ്ങിനും നുഴഞ്ഞുകയറ്റത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന നിരാശയിലാണ് സ്ഥാപിത താല്‍പര്യങ്ങളുടെ അധോലോകസംഘങ്ങള്‍.
''അഴിമതി പൂര്‍ണ്ണമായും തുടച്ചുമാറ്റുകയെന്നത് ഒരിടത്തും ഈ ലോകത്തില്‍ നടന്നിട്ടില്ല. അതു നടക്കുകയുമില്ല'' എന്ന് ആശ്വസിക്കുന്ന റോയി ഗാന്ധിജിയെക്കുറിച്ച് 'ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും മഹാനും' എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ ശേലുകേടാണ് തോന്നുന്നത്.
Ph.: 9446203858
E-mail: johnyplathottam@gmail.com
2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച
പാലായിലെ അഴിമതിവിരുദ്ധ കണ്‍വന്‍ഷന്‍
പാലായിലെ അഴിമതിവിരുദ്ധ കണ്‍വന്‍ഷന്‍
അന്നാഹസാരേയുടെ ഉപവാസ സമരം അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ 50 ശതമാനം വിജയം നേടിയ സാഹചര്യത്തില്‍ പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ 28-08-2011 ഞായര്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ട അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും ആ സമരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ശ്രോതാക്കള്‍ക്കെല്ലാം പ്രചോദനവും ആവശ്യബോധവും പകര്‍ന്നു. നാടിനെ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പാലാ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. പാലാ സഹൃദയസമിതി അധ്യക്ഷനും റിട്ട. മുനിസിപ്പല്‍കമ്മീഷണറുമായ ശ്രീ രവി പാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ശ്രീ ജോണി ജെ പ്ലാത്തോട്ടം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകനും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, കേരളയുടെ വൈസ് ചെയര്‍മാനും കേരളത്തിലെ ഉപഭോക്തൃപ്രസ്ഥാനങ്ങളുടെ ആദ്യകാല സാരഥിയുമായ അഡ്വ. ജോണ്‍ ജോസഫ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി ശ്രോതാക്കളേവര്‍ക്കും ഉത്തമബോധ്യവും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ പ്രചോദനവും പകര്‍ന്നു. അദ്ദേഹം പറഞ്ഞു: ''അഴിമതിക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ സത്യാഗ്രഹം തുടങ്ങും മുമ്പേ അഡ്വ. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപീകൃതമായ പ്രസ്ഥാനമാണ് ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, കേരള. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിന് ശക്തി പകരുക എന്നതിനൊപ്പം ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളം അഴിമതിമുക്തമാക്കുക എന്നതും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അതിനായി ഇതിനകം എട്ടു ജില്ലകളില്‍ അഡ്‌ഹോക്കു കമ്മറ്റികല്‍ രൂപീകരിക്കുകയും ഒരു പന്ത്രണ്ടിന നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. കേരളമെങ്ങും പ്രസ്ഥാനത്തിന്റെ ശാഖകള്‍ രൂപീകരിക്കുകയും അഴിമതിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അഴിമതിവിരുദ്ധ ബോധവത്കരണ-സമരസഹായ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയുമാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. സെപ്റ്റംബറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ ഒരു വാഹന പ്രചാരണ ജാഥയും ഉദ്ദേശിക്കുന്നുണ്ട്. ഹസാരെയുടെ ഉപവാസസമരത്തിന് ജനങ്ങള്‍ ഇത്രയധികം പിന്തുണ നല്കാന്‍ കാരണം അഴിമതി അതിന്റെ മൂര്‍ധന്യത്തിലെത്തിയതും അഴിമതിയുടെ ചെളി പുരളാത്തതായി ഇന്ത്യയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇല്ലാത്ത അവസ്ഥ സംജാതമായതുമാണ്. തന്റെ സംശുദ്ധ ജീവിതവും ആത്മാര്‍ഥതയും ത്യാഗവും കൊണ്ട് ഹസാരെ നേടിയ വിശ്വാസ്യതയാണ് സമരവിജയത്തിന്റെ മുഖ്യഘടകം. സമരം 50 സതമാനമേ വിജയിച്ചിട്ടുളളൂ എന്നും ജനങ്ങളോടു വിശ്വാസ്യത പുലര്‍ത്താന്‍ മടിക്കുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍കൂടിയുള്ള സംവിധാനമുണ്ടാക്കി ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കണമെന്നും ഹസാരെ പറയുന്നതിന്റെ പൊരുള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയുടെ അടിത്തറ ജനപ്രതിനിധികളിലെന്നതിലേറെ ജനങ്ങളിലാണ് ഉറപ്പിച്ചിരിക്കുന്നത്. ജനഹിതം വിസ്മരിക്കുന്ന ജനപ്രതിനിധികളെ അതനുസ്മരിപ്പിക്കാനുള്ള അഹിംസാത്മകമായ പാതയിലൂടെയാണ് ഹസാരെയും സഹപ്രവര്‍ത്തകരും സഞ്ചരിക്കുന്നത്. അഴിമതിയുടെ നേട്ടങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയക്കാര്‍ അടങ്ങുന്ന പാര്‍ലമെന്റിനെക്കൊണ്ട് ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കിക്കാന്‍തന്നെ നമ്മുടെ ശക്തമായ സമ്മര്‍ദ്ദം ഇനിയും വേണ്ടിവന്നേക്കും. അഴിമതിനിര്‍മാര്‍ജനം മാത്രമല്ല, കള്ളപ്പണം പിടിച്ചെടുക്കലുള്‍പ്പെടെയുള്ള നിരവധി കര്‍മ്മപരിപാടികള്‍ തുടര്‍ന്നും നമ്മുടെ ലക്ഷ്യമായുണ്ട്. അഴിമതിക്കെതിരെ എന്നും തുറന്നു വച്ച കണ്ണുകളായാണ് നമ്മുടെ ഈ പ്രസ്ഥാനത്തെ നാം വിഭാവനം ചെയ്യുന്നത്.''
തുടര്‍ന്ന് A.C.P.M. കണ്‍വീനറായ അഡ്വ. ഷൈജന്‍ ജോസഫ് ലോക്പാല്‍ ബില്‍ അവലോകനത്തിലൂടെ ജന ലോക്പാലും സര്‍ക്കാര്‍ ലോക്പാലും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടി. പ്രൊഫ. എം. സി. മാത്യു, പ്രൊഫ. കെ. എല്‍ സെബാസ്റ്റ്യന്‍, പ്രൊഫ. കെ. എം. മാത്യു, ഡോ. പി. സി മാത്യു, ആന്റോ മാങ്കൂട്ടം, ബെന്നി കുഴിഞ്ഞാലില്‍, ഷിജോ ജോസഫ്, ജയിംസ് മാത്യു, മാധവക്കൈമള്‍, ജോര്‍ജ് മൂലേച്ചാലില്‍ മുതലായവര്‍ സംശയങ്ങളുന്നയിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേലിന്റെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 21 അംഗങ്ങളുള്ള ഒരു നിര്‍വാഹകസമിതിയെയും തെരഞ്ഞെടുത്തു. ശ്രീ കെ. ജോര്‍ജ് ജോസഫ് കൃതജ്ഞത പറഞ്ഞു .
2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച
അരുന്ധതി റോയി വായിച്ചറിയുവാന്‍
അരുന്ധതി റോയി വായിച്ചറിയുവാന്‍
ജോണി ജെ. പ്ലാത്തോട്ടം
1. എന്തുകൊണ്ട് അരുന്ധതീമാഡം ഇറോം ഷര്‍മ്മിളയുടെ ത്യാഗത്തില്‍ പങ്കുചേര്‍ന്ന് നിരാഹാരം കിടക്കാന്‍ തയ്യാറാകുന്നില്ല?
2. മേധാ പട്കര്‍ അണ്ണാ ഹസാരെയെ അധിക്ഷേപിച്ചിട്ടില്ല. മേധായേക്കാള്‍ വലിയ ആക്ടിവിസ്റ്റാണോ അരുന്ധതി?
3. 'മുത്തങ്ങ'യില്‍ ചോര വീഴുന്നത് ഒഴിവാക്കാന്‍വേണ്ടി (ആദിവാസി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന ദിവസങ്ങളില്‍ ) അവിടേക്കു ചെല്ലൂ എന്ന് അപേക്ഷാരൂപത്തില്‍ അരുന്ധതിയോട് ഡോ. എം. ഗംഗാധരന്‍ അഭ്യര്‍ത്ഥിച്ചില്ലേ? അന്ന് കേരളത്തിലുണ്ടായിരുന്ന അരുന്ധതി മുത്തങ്ങയില്‍ ചെല്ലാതെ എവിടേക്കോ പോയി എന്നു ദുഖത്തോടെ ഗംഗാധരന്‍ അക്കാലത്ത് എഴുതിയത് ചിലര്‍ക്കെങ്കിലും ഓര്‍മ്മയില്ലേ?
4. ഇറോം ഷര്‍മ്മിളയെ കണ്ടില്ലെന്നു നടിക്കുന്ന ഗവണ്‍മെന്റിനോടു ഒരു നേരിയ പരിഭവം പോലും അരുന്ധതിക്കില്ലാത്തതെന്ത്?!!
5. ആരാണീ അണ്ണാ ഹസാരെ എന്ന് ചോദിക്കാന്‍ മാത്രം അജ്ഞത അരുന്ധതിക്കുണ്ടോ? മന്ത്രി കപില്‍ സിബലിന്റെ നിലവാരമാണോ അരുന്ധതിക്കും?
6. ഹസാരെ ഒരു റിട്ടയേഡ് ജവാനാണ്. പട്ടാളവണ്ടി ഓടിച്ച് തഴമ്പുള്ള കൈകളാണദ്ദേഹത്തിന്റേത്. ഇന്‍ഡോ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അതിന്റെ പൊങ്ങച്ചങ്ങളും പറഞ്ഞു നടക്കാന്‍ ഈ എഴുപത്തിനാലുകാരന്‍ കൂട്ടാക്കുന്നില്ല.
7. വിവരാവകാശനിയമം എന്ന് അരുന്ധതി കേട്ടിട്ടുണ്ടോ? ആ നിയമം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ വേണ്ടി ഈ വൃദ്ധന്‍ കുറേ ത്യാഗം സഹിച്ചിട്ടുണ്ട്.
8. മഹാരാഷ്ട്രയിലെ അഴിമതിക്കാരായ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ വൃദ്ധന്റെ കര്‍ക്കശമായ നിലപാടു കാരണം സ്ഥിരമായി വീട്ടില്‍ പോയി ഇരിക്കേണ്ടി വന്നിട്ടുണ്ട്.
9. ഇയാള്‍ 'ഒരു പുതിയ പുണ്യാത്മാവ'ല്ലെന്ന് മാഡം അറിയുക! ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അറിയാവുന്നതാണ് ഇക്കാര്യങ്ങള്‍. അവാര്‍ഡ് കിട്ടിയതില്‍ പിന്നെ മാഡം പത്രവായന നിര്‍ത്തിയോ?
10. കഴിഞ്ഞ നാല്പതിലധികം വര്‍ഷം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുംകൂടി പൂഴ്ത്തിവച്ച ലോക്പാല്‍ ബില്ല് മൂര്‍ച്ഛയുള്ള പടവാളാക്കി പൊക്കിക്കൊണ്ടുവന്ന് ജനങ്ങളുടെ മുന്നില്‍ വച്ചതല്ലേ ഹസാരെയോടുള്ള അസഹിഷ്ണുതയ്ക്കു കാരണം?
11. ഒരുപക്ഷേ, എല്ലാ കോണ്‍ഗ്രസ്സ് എം.പി മാര്‍ക്കും കൂടിയുള്ളത്ര ജനപിന്തുണ ഹസാരെയ്ക്കും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ഉണ്ടായിരിക്കും.
12. ആകെയുള്ളതില്‍ 75-85% പേര്‍ വോട്ടു ചെയ്യുന്നു. അതില്‍നിന്ന് അസാധുവിനും എതിര്‍ സ്ഥാനാര്‍ത്ഥിക്കും പോയിക്കഴിഞ്ഞു കിട്ടുന്നതുമാത്രമാണ് ഏറ്റവും ഭേദപ്പെട്ട ഒരു എം.പി.ക്കു പോലും ഉള്ള ജനപിന്തുണ.
13. ചില കേന്ദ്രമന്ത്രിമാരും എം.പി.മാരും നോമിനേറ്റഡാണ്. ചിലര്‍ കൊലക്കേസിലും മറ്റു ചില ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.
14. പാര്‍ലമെന്റില്‍ എന്താണു നടക്കുന്നത്?
15. എം.പി.മാരുടെ ശമ്പളം കൂട്ടുന്ന കാര്യം മാത്രം ഏകകണ്ഠമായി പാസാകുന്നു. അപ്പോള്‍ ബി.ജെ.പി.യോട് കോണ്‍ഗ്രസ്സിനു ശത്രുതയില്ല. ഇടതുപക്ഷത്തിനും വെറുപ്പില്ല. ആണവക്കരാര്‍ പോലുള്ളവ പാര്‍ലമെന്റില്‍ വയ്ക്കാതെതന്നെ നടപ്പാക്കുന്നു.
16. പാര്‍ട്ടിവഴക്കിനിടയില്‍ പാര്‍ട്ടിക്കാര്‍ തന്നെ പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടുണ്ട്. അവിടെ കയ്യാങ്കളി നടത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്നതിന് എം.പി.മാര്‍ കോഴ വാങ്ങിയ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. തന്റെ കീഴിലുള്ള മന്ത്രി, രാജ്യത്തിന്റെ അടിത്തറ മാന്തിയത് - ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ 2 ജി. സ്‌പെക്ട്രം അഴിമതി - അറിയാത്ത ഒരു പ്രധാനമന്ത്രിയെ ഗേറ്റ് കീപ്പറുടെ ജോലിക്കെങ്കിലും കൊള്ളാമോ? അയാള്‍ക്കു പകരം പ്രധാനമന്ത്രിയാകാന്‍ മറ്റൊരു എം.പി.യും കോണ്‍ഗ്രസ്സിലില്ലേ?
17. 64 വര്‍ഷമായി പാര്‍ലമെന്റിന്റെ അധികാരാവകാശങ്ങളില്‍ രാഷ്ട്രീയക്കാരല്ലാത്ത ആരും ഇടപെട്ടിട്ടില്ലല്ലോ. എന്നിട്ടെന്തായി. യുവാക്കളുടെ എത്ര തലമുറ തൊഴിലില്ലാതെ, ചൂഷണ വിധേയരായി കടന്നു പോയി.
18. രാംലീലായില്‍ തടിച്ചു കൂടിയവരില്‍ നല്ല പങ്കു യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. യുവാക്കള്‍ക്കു രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഒരേ തൂവല്‍പക്ഷികളായ പാര്‍ട്ടിക്കാരെ മടുത്തിട്ടല്ലേ അവര്‍ മാറിനിന്നത്?
19. രാഷ്ട്രീയപാര്‍ട്ടികളുടെ അരാജകവാഴ്ചയല്ലേ രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്തിവിവരം ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കേണ്ടതല്ലേ?
20. സ്വന്തം പ്രത്യയശാസ്ത്രം പാലിക്കാത്ത പാര്‍ട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പു കമ്മീഷന്‍ പിന്‍വലിക്കേണ്ടതല്ലേ?
21. തിരഞ്ഞെടുപ്പു പ്രകടനപത്രികയോ സത്യപ്രതിജ്ഞയോ ലംഘിക്കുന്ന ജനപ്രതിനിധി സ്വയം അയോഗ്യനാകുന്നു. തെരഞ്ഞെടുപ്പുകമ്മീഷന്‍ അവരെ നീക്കം ചെയ്യേണ്ടതല്ലേ?
22. പ്രകടന പത്രികയില്‍ പറയാത്ത പുതിയ കാര്യങ്ങള്‍ തീരുമാനിക്കും മുമ്പേ ആദ്യം സ്വന്തം പാര്‍ട്ടിയില്‍ ഹിതപരിശോധന നടത്തേണ്ടതല്ലേ? അതുകഴിഞ്ഞ് പൊതുവായ ഹിതപരിശോധന നടത്തിയിട്ടല്ലേ പാര്‍ലമെന്റിലും നിയമസഭകളിലും അതാതു ഗവണ്‍മെന്റുകള്‍ ബില്ലവതരിപ്പിക്കാന്‍ പാടുള്ളു. ഇതിനൊക്കെ നിയമമില്ലെങ്കില്‍ ഉണ്ടാക്കേണ്ടതല്ലേ. അതല്ലേ ജനാധിപത്യം.
23. സര്‍വ്വകക്ഷിയോഗമല്ല, നാം എന്നോ മറന്നുപോയ 'ജനഹിതപരിശോധന'യാണു കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടത്. എന്ന് ജനം തിരിച്ചറിയണം. ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം 64 വര്‍ഷമായിട്ടും ഇതൊന്നും ആലോചിക്കാത്തതെന്ത്? അണികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം കൊടുക്കാത്ത പാര്‍ട്ടികള്‍ക്ക് ഈ ജനാധിപത്യരാജ്യത്ത് അംഗീകാരം കൊടുക്കാന്‍ പാടുണ്ടോ? പാര്‍ട്ടി വിപ്പ് എന്ന കഠാരയില്ലായിരുന്നെങ്കില്‍ അണികളും ജനപ്രതിനിധികളും സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തുമായിരുന്നില്ലേ? ഇപ്പോള്‍ അണ്ണാഹസാരെയേ പിന്തുണയ്ക്കുമായിരുന്നില്ലേ?
24. പാര്‍ലമെന്റിന്റെ എല്ലാ അധികാരങ്ങളും ജനഹിതത്തിനു വിധേയമല്ലേ.
25. ഭരണഘടനയ്ക്കും മുകളിലല്ലേ ജനങ്ങളുടെ സ്ഥാനം?
26. ഭരണാധികാരികളുടെ സ്ഥാപിതതാത്പര്യത്തിനുവേണ്ടി ഭരണഘടന നൂറുവട്ടം അവര്‍ തിരുത്തിയിട്ടില്ലേ? ജനവിരുദ്ധ കാര്യങ്ങള്‍ ഭരണഘടനയില്‍ തിരുത്തിയെഴുതേണ്ടേ? സ്വന്തം കാര്യലാഭത്തിനുവേണ്ടി ഓരോ ഘട്ടത്തിലും പാര്‍ലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും ലംഘിക്കുന്നവരല്ലേ രാഷ്ട്രീയക്കാര്‍.
27. ഇന്‍ഡ്യയില്‍ സമാധാനപരമായ വിപ്ലവത്തിനു സമയമായി എന്ന് ഹസാരെ പറഞ്ഞതിനോട് അരുന്ധതിക്ക് യോജിപ്പുണ്ടോ? സമാധാനപരവും സമ്പൂര്‍ണ്ണവുമായ വിപ്ലവം നടത്തി രാജ്യത്തു ജനാധിപത്യം തിരിച്ചു പിടിക്കണ്ടേ? ജനങ്ങള്‍ പറയുന്നത് അനുസരിക്കുന്നവരും സത്യപ്രതിജ്ഞയ്ക്കു വിധേയരുമായ രാഷ്ട്രീയക്കാരുണ്ടാകാതെ മണിപ്പൂരിലെ പട്ടാളനിയമം (ഇറോം ഷര്‍മ്മിളയുടെ സമരകാരണം) പോലുള്ളവ പിന്‍വലിക്കപ്പെടുമെന്ന് അരുന്ധതിക്ക് അഭിപ്രായമുണ്ടോ?
28. കമ്മ്യൂണിസ്റ്റുകാര്‍ പോലും മറന്നു പോയ 'വിപ്ലവം' എന്ന ഹസാരെ പറഞ്ഞ വാക്കിനു നേരെ അരുന്ധതി ബധിരത ഭാവിക്കുന്നതെന്തു കൊണ്ട്? 'ശവകുടീരത്തിലെ ശാന്തിയല്ല' നമുക്കു വേണ്ടത് എന്നാണു ഗാന്ധിജിയും പറഞ്ഞിട്ടുള്ളത്.
29. വിട്ടുവീഴ്ചയും അഡ്ജസ്റ്റ്‌മെന്റും ഇല്ലാ എന്നുള്ളതല്ലെ ഹസാരെയുടെ പ്രധാന 'സ്വഭാവ ദൂഷ്യം'. വിട്ടുവീഴ്ച ചെയ്തു സമരം നിര്‍ത്തിവയ്പ്പിച്ച് ഹസാരേയുടെ വിശ്വാസ്യത തകര്‍ക്കുക എന്നതല്ലേ സര്‍വ്വകക്ഷിയോഗം പുറപ്പെടുവിച്ച അഭ്യര്‍ത്ഥനയിലെ ഹിഡ്ഡന്‍ അജണ്ട?
30. ഒത്തുതീര്‍പ്പു ചര്‍ച്ച എന്നു പറഞ്ഞ് സമരാനുകൂലികളെ തെറ്റിദ്ധരിപ്പിക്കാനും സമരം നീട്ടിക്കൊണ്ടുപോയി സമരക്കാരെ 'തകര്‍ക്കാ'നുമല്ലേ ഹസാരെയുടെ സമരത്തിനിടെ ഗവണ്‍മെന്റു ശ്രമിച്ചത്?
31. പൗരസമൂഹത്തോടു രണ്ടു വഞ്ചന കാട്ടിയല്ലേ ഗവണ്‍മെന്റിന്റെ സ്വന്തം ലോക്പാല്‍ എന്ന ആഭാസം കൊണ്ടുവന്നത്.
32. പാര്‍ലമെന്റിന്റെ അധികാരങ്ങളെക്കുറിച്ചു പറയുന്നവര്‍ ഒന്നോര്‍ക്കുക; ജനമില്ലെങ്കില്‍ പാര്‍ലമെന്റില്ല. എം.പി.മാരുമില്ല. സ്വയംഭൂവല്ല പാര്‍ലമെന്റ്. വരം കിട്ടിയ ഭസ്മാസുരനെപ്പോലെയാകരുത്. തന്നെ താനാക്കിയ ജനത്തിനു നേരെ എം.പി. കൈചൂണ്ടരുത്്. ജയിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തേക്ക് എന്തും ചെയ്യാമെന്ന് കരുതരുത്.
33. ഗവണ്‍മെന്റിനെ വഞ്ചകരെന്നും, അഴിമതി ഇല്ലാതാക്കാന്‍ ആഗ്രഹിക്കാത്തവരെന്നും രൂക്ഷമായി ഹസാരെ വിമര്‍ശിച്ചത് - പരോക്ഷമായി സുപ്രീം കോടതിയും ഇതുതന്നെയല്ലേ പലവട്ടം പറഞ്ഞത് - അരുന്ധതിക്ക് മനഃപ്രയാസമുണ്ടാക്കിയോ? ഹസാരെയ്‌ക്കെതിരെയുള്ള അരുന്ധതിയുടെ ഭാഷ ഇത്രയ്ക്കു കാര്‍ക്കശ്യവും കൗശലവും നിറഞ്ഞതാകാന്‍ എന്താണു കാരണം?
34. ദേശീയ മാധ്യമങ്ങളില്‍കൂടി നടത്തുന്ന തന്റെ ഭാഷാവിക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമോ മറുചോദ്യങ്ങളോ വായിക്കാനുള്ള സമയവും സഹിഷ്ണുതയും ഉണ്ടെങ്കില്‍ കേരളത്തിന്റെ ഓമനപ്പുത്രി അരുന്ധതി ഈ കുറിപ്പു വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
Ph: 9446203858
E-mail: johnyplathottam@gmail.com
N.B.
എന്റെ സ്‌നേഹിതന്‍ ജോണി. ജെ പ്ലാത്തോട്ടം അരുന്ധതീ റോയിക്കെഴുതിയ തുറന്നകത്താണിത്. എട്ടുകാലി മമ്മൂഞ്ഞുമാര്‍ നിറഞ്ഞ കേരളത്തില്‍ കുറെപേരെയെങ്കിലും ഈ കത്തു മാനസാന്തരപ്പെടുത്തിയേക്കാം.
അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും
ലോക്പാല്‍ ബില്‍ ചര്‍ച്ചയും
മാന്യരേ,
ലോക്പാല്‍ ബില്ലും അന്നാഹസാരേയും രാജ്യത്തുടനീളം ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തില്‍ നാടിനെ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പാലാ ശാഖയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും നടത്തുന്നു.
സ്ഥലം: വ്യാപാരഭവന്‍ ഓഡിറ്റോറിയം - പാലാ
സമയം: 28-08-2011 ഞായര്‍ 2.15 p.m.
ഉദ്ഘാടനം
ശ്രീ. പി.സി. സിറിയക് ഐ.എ.എസ്. (റിട്ട.)
(ചെയര്‍മാന്‍, A.C.P.M.)
പ്രസംഗങ്ങള്‍
അഡ്വ. ജോണ്‍ ജോസഫ്
(വൈസ് ചെയര്‍മാന്‍, A.C.P.M.)
അഡ്വ. ഷൈജന്‍ ജോസഫ്
വിഷയം: ലോക്പാല്‍ ബില്‍ അവലോകനം
ഡോ.റ്റി.എ. ബാബു
ലോക്പാല്‍ ബില്ലിനെക്കുറിച്ച് അറിയുന്നതിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കു ചേരുന്നതിനും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പാലാ ജോണി ജെ. പ്ലാത്തോട്ടം (കണ്‍വീനര്‍)
25-8-2011
2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച
സര്‍ക്കാര്‍ ലോക്പാലും ജന ലോക്പാലും - ഒരു താരതമ്യം
സര്‍ക്കാര്‍ ലോക്പാലും ജന ലോക്പാലും - ഒരു താരതമ്യം
(സാധാരണ അക്ഷരങ്ങളില്‍ അച്ചടിച്ചിരിക്കുന്നത് സര്‍ക്കാര്‍ ലോക്പാല്‍ വ്യവസ്ഥകള്‍
തടിച്ച അക്ഷരങ്ങളില്‍ ഇങ്ങനെ അച്ചടിച്ചിരിക്കുന്നത് ജന ലോക്പാല്‍ വ്യവസ്ഥകള്‍)
പ്രധാനമന്ത്രി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ കീഴില്‍ത്തന്നെയുള്ള സി ബി ഐ ആയിരിക്കും, ലോക്പാലായിരിക്കയില്ല, അന്വേഷണം നടത്തുക.
സ്വതന്ത്രസംവിധാനമായ ലോക്പാല്‍ ആയിരിക്കും പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം നടത്തുന്നത്. (പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണം പാടില്ല എന്നാണു വാദമെങ്കില്‍ ഭരണ ഘടനഭേദഗതിചെയ്യുകയാണ്, സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയല്ല ചെയ്യേണ്ടത്.)
ജ്യുഡീഷ്യറിക്കുള്ളിലുള്ള അഴിമതിയില്‍ അതേ കോടതിയിലെതന്നെ മൂന്നു ജഡ്ജിമാരടങ്ങിയ കമ്മറ്റിയായിരിക്കും ആരോപണ വിധേയനായ ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്കുക.
ലോക്പാലിന്റെ ഏഴംഗങ്ങളടങ്ങുന്ന ഒരു ബഞ്ചായിരിക്കും ഒരു തുറന്ന വിചാരണയ്ക്കു ശേഷം അന്വേഷണത്തിന് അനുമതി നല്കുക.
ഇപ്പോള്‍ നിലവിലുള്ളതുപോലെ തന്നെ ഒരു എം പിയ്‌ക്കെതിരെ അഴിമതി ആരോപിക്കപ്പെട്ടാല്‍ മറ്റ് എം പി മാര്‍തന്നെയടങ്ങുന്ന ഒരു കമ്മറ്റിയായിരിക്കും അന്വേഷണം നടത്തുക. (കഴിഞ്ഞ 62 വര്‍ഷങ്ങള്‍ക്കിടയ്ക്ക് പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു സംഭവംപോലും സത്യസന്ധമായി അന്വേഷിക്കുകയോ ഒരു എം പി പോലും ജയിലിലാക്കപ്പടുകയോ ചെയ്തിട്ടില്ല.)
സ്വതന്ത്രമായ ഒരു ലോക്പാലായിരിക്കും അന്വേഷണം നടത്തുക.
സാധാരണക്കാരനാണ് അഴിമതിക്കു വിധേയനാകുന്നതെങ്കില്‍ ഓരോ വകുപ്പിലെയും സിറ്റിസണ്‍ ചാര്‍ട്ടര്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് മുറപോലെ കാര്യം നടന്നോ എന്നന്വേഷിക്കും. കൃത്യവിലോപം നടന്നതായി ഒരിക്കലുംതന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടാറില്ല.ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് മുറപോലെ (ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ബിസിനസ്സ് പെര്‍മിറ്റ് മുതലായവയ്‌ക്കൊക്കെവേണ്ടി കൈക്കൂലി നല്‌കേണ്ടിവരാറുണ്ടെങ്കിലുംയഥാസമയം കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ശിക്ഷയൊന്നുമില്ലാത്ത സ്ഥിതിക്ക് വകുപ്പുകളുടെ പ്രവര്‍ത്തന പരിപാടികളില്‍ എന്തുമാറ്റം വരാന്‍?)
സിറ്റിസണ്‍ ചാര്‍ട്ടറിനു മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അതുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിക്കുകയും ആ പിഴ പരാതിക്കാരനു നഷ്ടപരിഹാരമായി നല്കുകയും ചെയ്യും.
1. സര്‍ക്കാര്‍ ലോക്പാല്‍ അനുസരിച്ച് പത്തു പേരടങ്ങുന്ന ലോക്പാല്‍ സമിതിയില്‍ അഞ്ചു ഭരണകക്ഷി അംഗങ്ങളുള്‍പ്പെടെ 6 പേര്‍ രാഷ്ട്രീയ കക്ഷി അംഗങ്ങളായിരിക്കും.(ഇങ്ങനെ യുള്ള വ്യവസ്ഥ ഭരണകക്ഷിയോടുകൂറുള്ള അഴിമതിക്കാര്‍തന്നെ അവസാനം ലോക്പാലംഗങ്ങളായിത്തീരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.)
2. സെലക്ഷന്‍ പ്രക്രിയ സെലക്ഷന്‍ കമ്മറ്രി തന്നെ തീരുമാനിക്കും.
1. സെലക്ഷന്‍ കമ്മറ്റി രണ്ടു രാഷ്ട്രീയക്കാരും നാലു ജഡ്ജിമാരും ഭരണഘടനാപരമായ അധികാരമുള്ള (constitutional authorities) രണ്ടു സ്വതന്ത്രാംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും.
2. അന്വേഷണസമിതി സിവില്‍സൊസൈറ്റി അംഗങ്ങളും ഭരണഘടനാപരമായ അധികാരത്തില്‍നിന്ന് വിരമിച്ചവരും അടങ്ങുന്നതായിരിക്കും.
3. സുതാര്യവും ജനപങ്കാളിത്തമുള്ളതുമായ വിശദമായ ഒരു സെലക്ഷന്‍ പ്രക്രിയ വിവരിച്ചിട്ടുണ്ട്.
ലോക്പാല്‍ അംഗങ്ങള്‍ ജനത്തോടുതന്നെ കണക്കുപറയാന്‍ ബാധ്യസ്ഥരാണ്. ഒരു ലോക്പാല്‍ അംഗം അഴിമതിക്കാരനാണെനന്നു കണ്ടാല്‍ ഏതൊരു പൗരനും സുപ്രീം കോടതിയില്‍ പരാതിനല്കാം.
ലോക്പാല്‍ സ്റ്റാഫിന്റെ അഴിമതി സംബന്ധിച്ച് ലോക്പാല്‍ അംഗങ്ങള്‍ക്ക് സര്‍ക്കാരിനോടു മാത്രമേ കണക്കു പറയാന്‍ ബാധ്യത (അക്കൗണ്ടബിലിറ്റി) ഉള്ളൂ. സര്‍ക്കാരിനു മാത്രമേ അവരെ മാറ്റണമെന്ന് സുപ്രീം കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുള്ളൂ.
ലോക്പാല്‍ അംഗങ്ങള്‍ ജനത്തോടുതന്നെ കണക്കുപറയാന്‍ ബാധ്യസ്ഥരാണ്. ഒരു ലോക്പാല്‍ അംഗം അഴിമതിക്കാരനാണെന്നു കണ്ടാല്‍ ഏതൊരു പൗരനും സുപ്രീം കോടതിയില്‍ പരാതിനല്കാം.
സര്‍ക്കാര്‍ ലോക്പാല്‍ കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ക്കു മാത്രം ബാധകമായിരിക്കും. കേന്ദ്ര സര്‍ക്കാരിലെ താഴ്ന്ന തലങ്ങളിലുള്ള ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ലോക്പാല്‍ ബാധകമല്ല. (സാധാരണക്കാര്‍ അനുദിനം ഇടപെടുന്ന പോലീസ്, റോഡ്, ഗതാഗതം, വിദ്യാഭ്യാസം, റേഷന്‍, ആരോഗ്യസേവനം, പഞ്ചാ യത്ത്, മുനിസിപ്പാലിറ്റി, ജലസേചനം, വനം, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, ലൈസന്‍സിങ്ങ്, വ്യവസായം മുതലായ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എവി ടെയാണ് പരാതിപ്പെടേണ്ടത്?)
കേന്ദ്രസര്‍ക്കാരിലെ എല്ലാ ജീവനക്കാരും ജന ലോക്പാലിന്റെ പരിധിയില്‍ വരും. ഇതേപോലെയുള്ള ലോക്പാല്‍ ലോകായുക്ത സംവിധാനങ്ങള്‍ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി ഓരോ സംസ്ഥാനത്തും നടപ്പാക്കേണ്ടതാണ്.
കള്ളി വെളിച്ചത്തുകൊണ്ടുവരുന്നവരുടെ സംരക്ഷണം സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) നിര്‍വഹിക്കണം. (എന്നാല്‍ സി വിസിയ്ക്ക് അവരെ സംരക്ഷിക്കാന്‍ നിയമപരമായ യാതൊരധികാരവും സംവിധാനവുമില്ല.)
കള്ളി വെളിച്ചത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ലോക്പാലിനാണ്. അതിനാവശ്യകമായ അധികാരവും ലോക്പാല്‍ ബില്ലില്‍ ലോക്പാലിന് ഉറപ്പുവരുത്തണം.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ അതതു വകുപ്പു മന്ത്രിക്കുമാത്രമാണ് അധികാരം. (കൈക്കൂലിയുടെ ഒരു പങ്കു കൈപ്പറ്റിയിട്ടുള്ളയാളാണ് മന്ത്രിയെങ്കില്‍ മന്ത്രി അയാളെ പുറ ത്താക്കുമോ?)
അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള അധികാരം ലോക്പാല്‍ അംഗങ്ങളുടെ ഒരു ബഞ്ചിനായിരിക്കും. ഒരു പരസ്യവിചാരണയ്ക്കു ശേഷമേ അവര്‍ അതു ചെയ്യൂ.
അഴിമതിക്കാരനുള്ള പരമാവധി ശിക്ഷ 10 വര്‍ഷത്തേക്കായിരിക്കും.
അഴിമതിക്കാരനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം കഠിനതടവായിരിക്കും. സീനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ശിക്ഷ കൂടുതല്‍ കര്‍ശനമായിരിക്കും.
മുകളില്‍ കൊടുത്തിട്ടുള്ള വസ്തുതകളില്‍നിന്നു വ്യക്തമാകുന്നത് ഇതാണ്:
സര്‍ക്കാരിന്റെ ലോക്പാല്‍ അപകടകരമാണ്
സര്‍ക്കാരിന്റെ ലോക്പാല്‍ അഴിമതിക്കാരെ ശിക്ഷിക്കുന്നതിലേറെ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ എതിര്‍ക്കുക എന്ന ലക്ഷ്യമുള്ളതാണ്. പൊതുജനസേവകരുടെ അഴിമതി നിരോധിക്കുക എന്ന ലോക്പാലിന്റെ ലക്ഷ്യം സര്‍ക്കാര്‍ ലോക്പാലില്‍ പൂര്‍ണമായും വിസ്മരിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിനു കീഴില്‍ ഒന്നേകാല്‍ കോടി കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ഉള്ളതില്‍ ഉന്നതതലത്തിലുള്ള 65000 കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് പെടുത്തിയിട്ടുള്ളത്.
എന്നാല്‍, റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ പോലുള്ള സന്നദ്ധസംഘങ്ങള്‍ സര്‍ക്കാര്‍ ലോക്പാലിന്റെ പരിധിയിലാണ്. ഉദാഹരണത്തിന് ഒരു ഗ്രാമത്തിലെ അഴിമതിക്കാരനായ ഒരു ബി ഡി ഓയ്‌ക്കെതിരെ ഒരു സന്നദ്ധസംഘടന പരാതി നല്കിയാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ലോക്പാലില്‍ വ്യവസ്ഥയില്ല. സന്നദ്ധസംഘടനയ്‌ക്കെതിരെ ബി ഡി ഓ പരാതി നല്കിയാലാകട്ടെ, അതിലെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടുതാനും.
സന്നദ്ധ സംഘങ്ങള്‍ ധനദുര്‍വിനിയോഗവും അഴിമതിയും ചെയ്യാനിടയുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍ ട്രസ്റ്റ് ആക്ട്, സൊസൈറ്റീസ് ആക്ട്, എഫ് സി ആര്‍ എ മുതലായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്‌ക്കെതിരെ നടപടികളെടുക്കാന്‍ ഇപ്പോള്‍ത്തന്നെ സംവിധാനമുള്ളതാണ്. പൗരസമൂഹത്തിലെ വ്യാപാരസ്ഥാപനങ്ങളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും ഒഴികെയുള്ള .സംഘടനകളെ മാത്രം സര്‍ക്കാര്‍ ലോക്പാല്‍ പരിധിയില്‍പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്്?
അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയും വന്‍തോതില്‍ സഹായിക്കുന്നവിധത്തിലുള്ള വ്യവസ്ഥകളാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിലുള്ളത്. ഈ ബില്ലനുസരിച്ച് അഴിമതി ആരോപിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥന് പരാതിക്കാരനെതിരെ ഒരു ലോസ്യൂട്ട് പരാതി വ്യാജമാണെന്നാരോപിച്ച് ഫയല്‍ചെയ്യാന്‍ അവകാശമുണ്ട്. എന്നു മാത്രമല്ല, സര്‍ക്കാര്‍ അയാള്‍ക്കു വേണ്ടി സൗജന്യമായി ഒരു വക്കീലിനെ ഏര്‍പ്പാടാക്കുന്നതുമാണ്. അഴിമതി ആരോപണം ഉന്നയിച്ചയാളാകട്ടെ സ്വന്തം ചെലവില്‍ കേസുവാദിക്കണം. ആരോപണം വ്യാജമാണെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആരോപണം ഉന്നയിച്ചയാളിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ രണ്ടു വര്‍ഷമായിരിക്കും. അഴിമതി തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റവാളിക്കു കിട്ടുന്ന കുറഞ്ഞ ശിക്ഷ ആറുമാസം മാത്രം. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ ആരു തുനിയും?