അരുന്ധതി റോയി വായിച്ചറിയുവാന്‍
ജോണി ജെ. പ്ലാത്തോട്ടം
1. എന്തുകൊണ്ട് അരുന്ധതീമാഡം ഇറോം ഷര്‍മ്മിളയുടെ ത്യാഗത്തില്‍ പങ്കുചേര്‍ന്ന് നിരാഹാരം കിടക്കാന്‍ തയ്യാറാകുന്നില്ല?
2. മേധാ പട്കര്‍ അണ്ണാ ഹസാരെയെ അധിക്ഷേപിച്ചിട്ടില്ല. മേധായേക്കാള്‍ വലിയ ആക്ടിവിസ്റ്റാണോ അരുന്ധതി?
3. 'മുത്തങ്ങ'യില്‍ ചോര വീഴുന്നത് ഒഴിവാക്കാന്‍വേണ്ടി (ആദിവാസി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന ദിവസങ്ങളില്‍ ) അവിടേക്കു ചെല്ലൂ എന്ന് അപേക്ഷാരൂപത്തില്‍ അരുന്ധതിയോട് ഡോ. എം. ഗംഗാധരന്‍ അഭ്യര്‍ത്ഥിച്ചില്ലേ? അന്ന് കേരളത്തിലുണ്ടായിരുന്ന അരുന്ധതി മുത്തങ്ങയില്‍ ചെല്ലാതെ എവിടേക്കോ പോയി എന്നു ദുഖത്തോടെ ഗംഗാധരന്‍ അക്കാലത്ത് എഴുതിയത് ചിലര്‍ക്കെങ്കിലും ഓര്‍മ്മയില്ലേ?
4. ഇറോം ഷര്‍മ്മിളയെ കണ്ടില്ലെന്നു നടിക്കുന്ന ഗവണ്‍മെന്റിനോടു ഒരു നേരിയ പരിഭവം പോലും അരുന്ധതിക്കില്ലാത്തതെന്ത്?!!
5. ആരാണീ അണ്ണാ ഹസാരെ എന്ന് ചോദിക്കാന്‍ മാത്രം അജ്ഞത അരുന്ധതിക്കുണ്ടോ? മന്ത്രി കപില്‍ സിബലിന്റെ നിലവാരമാണോ അരുന്ധതിക്കും?
6. ഹസാരെ ഒരു റിട്ടയേഡ് ജവാനാണ്. പട്ടാളവണ്ടി ഓടിച്ച് തഴമ്പുള്ള കൈകളാണദ്ദേഹത്തിന്റേത്. ഇന്‍ഡോ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അതിന്റെ പൊങ്ങച്ചങ്ങളും പറഞ്ഞു നടക്കാന്‍ ഈ എഴുപത്തിനാലുകാരന്‍ കൂട്ടാക്കുന്നില്ല.
7. വിവരാവകാശനിയമം എന്ന് അരുന്ധതി കേട്ടിട്ടുണ്ടോ? ആ നിയമം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ വേണ്ടി ഈ വൃദ്ധന്‍ കുറേ ത്യാഗം സഹിച്ചിട്ടുണ്ട്.
8. മഹാരാഷ്ട്രയിലെ അഴിമതിക്കാരായ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ വൃദ്ധന്റെ കര്‍ക്കശമായ നിലപാടു കാരണം സ്ഥിരമായി വീട്ടില്‍ പോയി ഇരിക്കേണ്ടി വന്നിട്ടുണ്ട്.
9. ഇയാള്‍ 'ഒരു പുതിയ പുണ്യാത്മാവ'ല്ലെന്ന് മാഡം അറിയുക! ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അറിയാവുന്നതാണ് ഇക്കാര്യങ്ങള്‍. അവാര്‍ഡ് കിട്ടിയതില്‍ പിന്നെ മാഡം പത്രവായന നിര്‍ത്തിയോ?
10. കഴിഞ്ഞ നാല്പതിലധികം വര്‍ഷം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുംകൂടി പൂഴ്ത്തിവച്ച ലോക്പാല്‍ ബില്ല് മൂര്‍ച്ഛയുള്ള പടവാളാക്കി പൊക്കിക്കൊണ്ടുവന്ന് ജനങ്ങളുടെ മുന്നില്‍ വച്ചതല്ലേ ഹസാരെയോടുള്ള അസഹിഷ്ണുതയ്ക്കു കാരണം?
11. ഒരുപക്ഷേ, എല്ലാ കോണ്‍ഗ്രസ്സ് എം.പി മാര്‍ക്കും കൂടിയുള്ളത്ര ജനപിന്തുണ ഹസാരെയ്ക്കും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ഉണ്ടായിരിക്കും.
12. ആകെയുള്ളതില്‍ 75-85% പേര്‍ വോട്ടു ചെയ്യുന്നു. അതില്‍നിന്ന് അസാധുവിനും എതിര്‍ സ്ഥാനാര്‍ത്ഥിക്കും പോയിക്കഴിഞ്ഞു കിട്ടുന്നതുമാത്രമാണ് ഏറ്റവും ഭേദപ്പെട്ട ഒരു എം.പി.ക്കു പോലും ഉള്ള ജനപിന്തുണ.
13. ചില കേന്ദ്രമന്ത്രിമാരും എം.പി.മാരും നോമിനേറ്റഡാണ്. ചിലര്‍ കൊലക്കേസിലും മറ്റു ചില ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.
14. പാര്‍ലമെന്റില്‍ എന്താണു നടക്കുന്നത്?
15. എം.പി.മാരുടെ ശമ്പളം കൂട്ടുന്ന കാര്യം മാത്രം ഏകകണ്ഠമായി പാസാകുന്നു. അപ്പോള്‍ ബി.ജെ.പി.യോട് കോണ്‍ഗ്രസ്സിനു ശത്രുതയില്ല. ഇടതുപക്ഷത്തിനും വെറുപ്പില്ല. ആണവക്കരാര്‍ പോലുള്ളവ പാര്‍ലമെന്റില്‍ വയ്ക്കാതെതന്നെ നടപ്പാക്കുന്നു.
16. പാര്‍ട്ടിവഴക്കിനിടയില്‍ പാര്‍ട്ടിക്കാര്‍ തന്നെ പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടുണ്ട്. അവിടെ കയ്യാങ്കളി നടത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്നതിന് എം.പി.മാര്‍ കോഴ വാങ്ങിയ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. തന്റെ കീഴിലുള്ള മന്ത്രി, രാജ്യത്തിന്റെ അടിത്തറ മാന്തിയത് - ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ 2 ജി. സ്‌പെക്ട്രം അഴിമതി - അറിയാത്ത ഒരു പ്രധാനമന്ത്രിയെ ഗേറ്റ് കീപ്പറുടെ ജോലിക്കെങ്കിലും കൊള്ളാമോ? അയാള്‍ക്കു പകരം പ്രധാനമന്ത്രിയാകാന്‍ മറ്റൊരു എം.പി.യും കോണ്‍ഗ്രസ്സിലില്ലേ?
17. 64 വര്‍ഷമായി പാര്‍ലമെന്റിന്റെ അധികാരാവകാശങ്ങളില്‍ രാഷ്ട്രീയക്കാരല്ലാത്ത ആരും ഇടപെട്ടിട്ടില്ലല്ലോ. എന്നിട്ടെന്തായി. യുവാക്കളുടെ എത്ര തലമുറ തൊഴിലില്ലാതെ, ചൂഷണ വിധേയരായി കടന്നു പോയി.
18. രാംലീലായില്‍ തടിച്ചു കൂടിയവരില്‍ നല്ല പങ്കു യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. യുവാക്കള്‍ക്കു രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ഒരേ തൂവല്‍പക്ഷികളായ പാര്‍ട്ടിക്കാരെ മടുത്തിട്ടല്ലേ അവര്‍ മാറിനിന്നത്?
19. രാഷ്ട്രീയപാര്‍ട്ടികളുടെ അരാജകവാഴ്ചയല്ലേ രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്തിവിവരം ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കേണ്ടതല്ലേ?
20. സ്വന്തം പ്രത്യയശാസ്ത്രം പാലിക്കാത്ത പാര്‍ട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പു കമ്മീഷന്‍ പിന്‍വലിക്കേണ്ടതല്ലേ?
21. തിരഞ്ഞെടുപ്പു പ്രകടനപത്രികയോ സത്യപ്രതിജ്ഞയോ ലംഘിക്കുന്ന ജനപ്രതിനിധി സ്വയം അയോഗ്യനാകുന്നു. തെരഞ്ഞെടുപ്പുകമ്മീഷന്‍ അവരെ നീക്കം ചെയ്യേണ്ടതല്ലേ?
22. പ്രകടന പത്രികയില്‍ പറയാത്ത പുതിയ കാര്യങ്ങള്‍ തീരുമാനിക്കും മുമ്പേ ആദ്യം സ്വന്തം പാര്‍ട്ടിയില്‍ ഹിതപരിശോധന നടത്തേണ്ടതല്ലേ? അതുകഴിഞ്ഞ് പൊതുവായ ഹിതപരിശോധന നടത്തിയിട്ടല്ലേ പാര്‍ലമെന്റിലും നിയമസഭകളിലും അതാതു ഗവണ്‍മെന്റുകള്‍ ബില്ലവതരിപ്പിക്കാന്‍ പാടുള്ളു. ഇതിനൊക്കെ നിയമമില്ലെങ്കില്‍ ഉണ്ടാക്കേണ്ടതല്ലേ. അതല്ലേ ജനാധിപത്യം.
23. സര്‍വ്വകക്ഷിയോഗമല്ല, നാം എന്നോ മറന്നുപോയ 'ജനഹിതപരിശോധന'യാണു കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടത്. എന്ന് ജനം തിരിച്ചറിയണം. ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം 64 വര്‍ഷമായിട്ടും ഇതൊന്നും ആലോചിക്കാത്തതെന്ത്? അണികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം കൊടുക്കാത്ത പാര്‍ട്ടികള്‍ക്ക് ഈ ജനാധിപത്യരാജ്യത്ത് അംഗീകാരം കൊടുക്കാന്‍ പാടുണ്ടോ? പാര്‍ട്ടി വിപ്പ് എന്ന കഠാരയില്ലായിരുന്നെങ്കില്‍ അണികളും ജനപ്രതിനിധികളും സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തുമായിരുന്നില്ലേ? ഇപ്പോള്‍ അണ്ണാഹസാരെയേ പിന്തുണയ്ക്കുമായിരുന്നില്ലേ?
24. പാര്‍ലമെന്റിന്റെ എല്ലാ അധികാരങ്ങളും ജനഹിതത്തിനു വിധേയമല്ലേ.
25. ഭരണഘടനയ്ക്കും മുകളിലല്ലേ ജനങ്ങളുടെ സ്ഥാനം?
26. ഭരണാധികാരികളുടെ സ്ഥാപിതതാത്പര്യത്തിനുവേണ്ടി ഭരണഘടന നൂറുവട്ടം അവര്‍ തിരുത്തിയിട്ടില്ലേ? ജനവിരുദ്ധ കാര്യങ്ങള്‍ ഭരണഘടനയില്‍ തിരുത്തിയെഴുതേണ്ടേ? സ്വന്തം കാര്യലാഭത്തിനുവേണ്ടി ഓരോ ഘട്ടത്തിലും പാര്‍ലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും ലംഘിക്കുന്നവരല്ലേ രാഷ്ട്രീയക്കാര്‍.
27. ഇന്‍ഡ്യയില്‍ സമാധാനപരമായ വിപ്ലവത്തിനു സമയമായി എന്ന് ഹസാരെ പറഞ്ഞതിനോട് അരുന്ധതിക്ക് യോജിപ്പുണ്ടോ? സമാധാനപരവും സമ്പൂര്‍ണ്ണവുമായ വിപ്ലവം നടത്തി രാജ്യത്തു ജനാധിപത്യം തിരിച്ചു പിടിക്കണ്ടേ? ജനങ്ങള്‍ പറയുന്നത് അനുസരിക്കുന്നവരും സത്യപ്രതിജ്ഞയ്ക്കു വിധേയരുമായ രാഷ്ട്രീയക്കാരുണ്ടാകാതെ മണിപ്പൂരിലെ പട്ടാളനിയമം (ഇറോം ഷര്‍മ്മിളയുടെ സമരകാരണം) പോലുള്ളവ പിന്‍വലിക്കപ്പെടുമെന്ന് അരുന്ധതിക്ക് അഭിപ്രായമുണ്ടോ?
28. കമ്മ്യൂണിസ്റ്റുകാര്‍ പോലും മറന്നു പോയ 'വിപ്ലവം' എന്ന ഹസാരെ പറഞ്ഞ വാക്കിനു നേരെ അരുന്ധതി ബധിരത ഭാവിക്കുന്നതെന്തു കൊണ്ട്? 'ശവകുടീരത്തിലെ ശാന്തിയല്ല' നമുക്കു വേണ്ടത് എന്നാണു ഗാന്ധിജിയും പറഞ്ഞിട്ടുള്ളത്.
29. വിട്ടുവീഴ്ചയും അഡ്ജസ്റ്റ്‌മെന്റും ഇല്ലാ എന്നുള്ളതല്ലെ ഹസാരെയുടെ പ്രധാന 'സ്വഭാവ ദൂഷ്യം'. വിട്ടുവീഴ്ച ചെയ്തു സമരം നിര്‍ത്തിവയ്പ്പിച്ച് ഹസാരേയുടെ വിശ്വാസ്യത തകര്‍ക്കുക എന്നതല്ലേ സര്‍വ്വകക്ഷിയോഗം പുറപ്പെടുവിച്ച അഭ്യര്‍ത്ഥനയിലെ ഹിഡ്ഡന്‍ അജണ്ട?
30. ഒത്തുതീര്‍പ്പു ചര്‍ച്ച എന്നു പറഞ്ഞ് സമരാനുകൂലികളെ തെറ്റിദ്ധരിപ്പിക്കാനും സമരം നീട്ടിക്കൊണ്ടുപോയി സമരക്കാരെ 'തകര്‍ക്കാ'നുമല്ലേ ഹസാരെയുടെ സമരത്തിനിടെ ഗവണ്‍മെന്റു ശ്രമിച്ചത്?
31. പൗരസമൂഹത്തോടു രണ്ടു വഞ്ചന കാട്ടിയല്ലേ ഗവണ്‍മെന്റിന്റെ സ്വന്തം ലോക്പാല്‍ എന്ന ആഭാസം കൊണ്ടുവന്നത്.
32. പാര്‍ലമെന്റിന്റെ അധികാരങ്ങളെക്കുറിച്ചു പറയുന്നവര്‍ ഒന്നോര്‍ക്കുക; ജനമില്ലെങ്കില്‍ പാര്‍ലമെന്റില്ല. എം.പി.മാരുമില്ല. സ്വയംഭൂവല്ല പാര്‍ലമെന്റ്. വരം കിട്ടിയ ഭസ്മാസുരനെപ്പോലെയാകരുത്. തന്നെ താനാക്കിയ ജനത്തിനു നേരെ എം.പി. കൈചൂണ്ടരുത്്. ജയിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തേക്ക് എന്തും ചെയ്യാമെന്ന് കരുതരുത്.
33. ഗവണ്‍മെന്റിനെ വഞ്ചകരെന്നും, അഴിമതി ഇല്ലാതാക്കാന്‍ ആഗ്രഹിക്കാത്തവരെന്നും രൂക്ഷമായി ഹസാരെ വിമര്‍ശിച്ചത് - പരോക്ഷമായി സുപ്രീം കോടതിയും ഇതുതന്നെയല്ലേ പലവട്ടം പറഞ്ഞത് - അരുന്ധതിക്ക് മനഃപ്രയാസമുണ്ടാക്കിയോ? ഹസാരെയ്‌ക്കെതിരെയുള്ള അരുന്ധതിയുടെ ഭാഷ ഇത്രയ്ക്കു കാര്‍ക്കശ്യവും കൗശലവും നിറഞ്ഞതാകാന്‍ എന്താണു കാരണം?
34. ദേശീയ മാധ്യമങ്ങളില്‍കൂടി നടത്തുന്ന തന്റെ ഭാഷാവിക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമോ മറുചോദ്യങ്ങളോ വായിക്കാനുള്ള സമയവും സഹിഷ്ണുതയും ഉണ്ടെങ്കില്‍ കേരളത്തിന്റെ ഓമനപ്പുത്രി അരുന്ധതി ഈ കുറിപ്പു വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
Ph: 9446203858
E-mail: johnyplathottam@gmail.com
N.B.
എന്റെ സ്‌നേഹിതന്‍ ജോണി. ജെ പ്ലാത്തോട്ടം അരുന്ധതീ റോയിക്കെഴുതിയ തുറന്നകത്താണിത്. എട്ടുകാലി മമ്മൂഞ്ഞുമാര്‍ നിറഞ്ഞ കേരളത്തില്‍ കുറെപേരെയെങ്കിലും ഈ കത്തു മാനസാന്തരപ്പെടുത്തിയേക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ