2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

''ഒളിവെട്ടു വെട്ടുന്നതാരാണ്

''ഒളിവെട്ടു വെട്ടുന്നതാരാണ്
ഉറക്കത്തില്‍ കൊല്ലുന്നതാരാണ്...''

ജോണി ജെ. പ്ലാത്തോട്ടം

പ്രമുഖ ജേര്‍ണലിസ്റ്റും കോളമിസ്റ്റുമായ ശ്രീ കെ. എം റോയി ഇടയ്‌ക്കൊക്കെ ചില അപ്രിയ സത്യങ്ങള്‍ കൂസലെന്യേ പറയുന്ന ആളാണ്. ജനാധിപത്യവാദിയും സോഷ്യലിസ്റ്റുമായിട്ടാണ് അദ്ദേഹം കരുതപ്പെടുന്നത്. കടുത്ത പാര്‍ട്ടിരാഷ്ട്രീയം അദ്ദേഹത്തിനുള്ളതായി അറിയില്ല- ചുരുങ്ങിയത് എനിക്കെങ്കിലും.
ഇങ്ങനെയൊക്കെയാണെങ്കിലും ജനാധിപത്യത്തെക്കുറിച്ച് തനിക്കുള്ള ധാരണകളുടെ പാപ്പരത്തം ഉദ്‌ഘോഷിക്കുന്ന ലേഖനമാണ് ഓഗസ്റ്റ് 29-ന്റെ മംഗളത്തില്‍ ''ഒടുവില്‍ അന്നാഹസാരേയ്ക്കു സംഭവിച്ച അബദ്ധം'' എന്ന തലക്കെട്ടില്‍ അദ്ദേഹം 'തുറന്ന മനസോടെ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല തന്റെ രാഷ്ട്രീയനിലപാടുകളുടെ പക്ഷപാതിത്തവും വികലതയും അദ്ദേഹം വിളംബരം ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും തന്റെ ചതഞ്ഞ നിലപാടുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കാതെ വരുമ്പോള്‍ അദ്ദേഹം രോഷം കൊള്ളുന്നത് എന്നേപ്പോലെ മറ്റു പലരും കണ്ടിട്ടുണ്ടാകും.
ശ്രീ റോയിയുടെ രാഷ്ട്രീയ ബോധത്തിന്റെയും ആത്യന്തിക നിലപാടിന്റെയും 'എസ്സന്‍സ്' തന്റെയീ ലേഖനത്തിന്റെ ഒടുവില്‍ ഉപസംഹാരമായി അദ്ദേഹം ചേര്‍ത്തിരിക്കുന്ന രണ്ടു വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ''പക്ഷെ അന്തിമമായി ഇന്നത്തെ ഇന്‍ഡ്യയെന്നത് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ഇന്‍ഡ്യയാണ്. അതുകൊണ്ടാണ് ഇന്‍ഡ്യയിലെ അന്നാഹാസാരെമാരും അനുയായികളുമല്ലാത്ത സാധാരണ ജനങ്ങള്‍ അവരെ മാറി മാറി അധികാരിത്തിലേറ്റിക്കൊണ്ടിരിക്കുന്നത്'' അതെ, ഇക്കൂട്ടരെ മാറി മാറി അധികാരത്തിലേറ്റുക എന്നതു മാത്രമായിട്ടുണ്ട് ഇന്‍ഡ്യയിലെ ജനങ്ങളുടെ ജോലി. പക്ഷേ അതവരുടെ ഗതികേടുകൊണ്ടാണെന്ന് ശ്രീ റോയിയെപ്പോലുള്ളവര്‍ മാത്രം മനസ്സിലാക്കിയിട്ടില്ല. നിരാശയുടെ പടുകുഴിയിലാണ് ഇന്‍ഡ്യയിലെ ഭൂരിപക്ഷം ജനങ്ങളും എന്ന വസ്തുത ഈ ജേര്‍ണലിസ്റ്റ് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്നു?!
ഒരു രാഷ്ട്രീയ പുരാവസ്തുവെന്ന നിലയിലേയ്ക്കു പലരും എഴുതിത്തള്ളിയ-ആള്‍ ദൈവത്തില്‍ അഭയം തേടിയ വിപ്ലവകാരി-ശ്രീ ഫിലിപ്പ് എം പ്രസാദിനുപോലും ഇന്ത്യനവസ്ഥയുടെ ഗുരുതരമായ സ്ഥിതിവിശേഷമറിയാം. ഹസാരെയുടെ സത്യഗ്രഹത്തിന്റെ തുടക്കത്തില്‍ ഒരു ടി.വി. ചാനലില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പറഞ്ഞത്, അന്ന്യഥാ സായുധവിപ്ലവത്തിന്റെ പാതയിലേയ്ക്കു പോയേക്കാവുന്ന നിരാശരായ ഇന്‍ഡ്യന്‍ യുവതയെ സമാധാനപരമായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരിക, എന്ന മഹത്തായ ഒരു കര്‍മ്മം കൂടി ഹസാരെ നയിക്കുന്ന സമരത്തിനുണ്ട് എന്നാണ്. മാത്രമല്ല അദ്ദേഹം രാജ്യത്തോടുള്ള തന്റെ മിനിമം ധര്‍മ്മം എന്ന നിലയില്‍ ചില സുഹൃത്തുക്കളോടോപ്പം നിരാഹാരസമരം നടത്തി അറസ്റ്റ് വരിക്കുകയും ഏതാനും ദിവസം ലോക്കപ്പില്‍ കിടക്കുകയും ചെയ്തു.
ഹസാരേയ്ക്കു പറ്റിയ അബദ്ധമെന്താണെന്ന് - ലേഖനത്തിന്റെ ടൈറ്റില്‍ അങ്ങനെയാണെങ്കിലും- റോയിയുടെ ലേഖനത്തിലൊരിടത്തും കാണുന്നില്ല. അതേ സമയം തന്റെ ആരാധനാമൂര്‍ത്തികളായ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം അഴിമതിയില്‍ ആറാടി നില്ക്കുകയാണെന്നു തുറന്നു സമ്മതിക്കുകയെന്ന അബദ്ധം റോയിക്കു സംഭവിക്കുന്നുമുണ്ട്. ''........... കോണ്‍ഗ്രസിനെപ്പോലെ തന്നെ മിക്കവാറും എല്ലാപ്രതിപക്ഷ പര്‍ട്ടികളും അഴിമതിയുടെ ചെളിക്കുണ്ടില്‍ ഇറങ്ങിനില്കുന്നത് എന്നതുകൊണ്ടാണ്.''
എല്ലാപാര്‍ട്ടികളും അഴിമതിയില്‍ ആറാടി നില്‍ക്കുകയാണെന്ന കാര്യം റോയി പറഞ്ഞിട്ടുവേണ്ട ജനങ്ങള്‍ മനസ്സിലാക്കാന്‍. ഇതെല്ലാം അറിയാവുന്ന റോയി ഏതു ചേരിയിലാണെന്നുള്ളതാണ് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ഖേദം അതാണ്.
'മൂന്നു വലിയ കൂറ്റന്‍ അഴിമതി'യുടെ കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ട്. വിദേശബാങ്കുകളില്‍ ഹിമാലയപര്‍വ്വതം പോലെ കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണത്തിന്റെ കഥ വേറേയുണ്ട്. അക്കാലത്തു റിക്കോര്‍ഡു തുകയായിരുന്ന ആയിരം കോടിയുടെ കാലിത്തീറ്റക്കുംഭകോണത്തിന്റെ ഉടമയാണു ലാലു പ്രസാദ് യാദവ്. ഇപ്പോള്‍ മന്ത്രി രാജ കിടക്കുന്നതുപോലെ കുറേനാള്‍ ജയിലില്‍ കിടക്കുക മാത്രം ചെയ്ത ലാലുവിനെതിരായ കേസിലെ സാക്ഷികളും കൂട്ടുപ്രതികളും ചത്തുതീര്‍ന്നുകൊണ്ടിരിക്കുകയാണ്. എം.പി. മാരായ രാജയും കനിമൊഴിയും കല്‍മാടിയും ലാലുവുമൊക്കെ ചേര്‍ന്നുണ്ടാക്കുന്നതാണല്ലോ നമ്മുടെ ലോകസഭയുടെ 'അന്തസ്സ്'. അതിനെതിരെ ആരും ഒരക്ഷരം മിണ്ടിപ്പോകരുത്. മിണ്ടിയാല്‍ അവകാശലംഘനമാകും. ഈ നില തുടരുകയെന്നത് പാര്‍ലമെന്റിന്റെ അവകാശമാണത്രേ! പരോക്ഷമായി റോയി സ്വീകരിക്കുന്ന നിലപാടും ഇതാണല്ലോ. ബി.ജെ.പിയുടേയും, സി.പി.എം.ന്റെയും അഴിമതിക്കഥകളില്‍ ചിലതെങ്കിലും റോയിതന്നെ ഉദ്ധരിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അദ്ദേഹം തന്നെ പറയുന്നതുപോലെ, അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നുമറിയുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തോഴനായി അദ്ദേഹം നില്ക്കുന്നതെന്തിനാണെന്നു മാത്രം മനസ്സിലാകുന്നില്ല. അവര്‍ തീര്‍ത്തിരിക്കുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ പങ്കു പറ്റുന്നയാളാണ് കെ.എം. റോയി എന്ന ഈ നല്ലമനുഷ്യനെന്ന് ആരും കരുതുന്നുണ്ടാവില്ല. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യബോധം ശീര്‍ഷാസനത്തിലാണ് നില്ക്കുന്നതെന്ന കാര്യം കാണാതിരിക്കുന്നുമില്ല. റോയി പറയുന്നത് ഹസാരെയില്‍നിന്ന് നമ്മുടെ ഇപ്പോഴത്തെ 'പാര്‍ലമെന്റിന്റെ ആത്മാഭിമാനം' എന്ന ചാരിത്രം രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അഭിമാനബോധം കൊടുത്ത ദൈവത്തോട് 'ഇന്ത്യന്‍ ജനാധിപത്യം' നന്ദി പറയേണ്ടതുണ്ട് എന്നാണ്. ആ ദൈവം റോയി എന്ന നല്ല മനുഷ്യന്റെ രാഷ്ട്രീയ മൂല്യബോധം നേരെയാക്കിക്കൊടുക്കണമേയെന്നു പ്രാര്‍ത്ഥിക്കുകയേ രക്ഷയുള്ളു. ഈ അവസ്ഥയിലും 'രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ഇന്ത്യയുടെ' പേരില്‍ ഒരു ഉത്ക്കണ്ഠയും റോയിക്കില്ല. എന്നതു പോകട്ടെ, ഹസാരെയേയും അദ്ദേഹത്തിന്റെ പ്രക്ഷോഭത്തേയും അധിക്ഷേപിക്കുന്ന പരിപാടി, മന്‍മോഹനും കോണ്‍ഗ്രസ്സ് സംഘടനയും കേന്ദ്രഗവണ്‍മെന്റും, 'ആത്മാഭിമാനികള്‍' നിറഞ്ഞ പാര്‍ലമെന്റും നിര്‍ത്തിവച്ച കാര്യം അദ്ദേഹം അറിയുന്നില്ല. മിണ്ടാമഠത്തിലെ അന്തേവാസിയെപ്പോലെ, കഴിഞ്ഞ കുറേ ആഴ്ചകളായി മൗനം പാലിച്ച എ.കെ. ആന്റണി പോലും വായ തുറന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ ധ്വനി എന്താണെന്ന് റോയി മനസ്സിലാക്കുന്നില്ല.
കെ.എം. റോയിക്കു കൂട്ടായി മറ്റൊരു റോയി - അരുന്ധതീ റോയി - ഉണ്ടെന്നുള്ള കാര്യം ഇവിടെ മറക്കുന്നില്ല. എന്നുതന്നെയല്ല, ഹസാരെ എന്തോ ദേശദ്രോഹം ചെയ്യുകയാണെന്ന രീതിയില്‍ എഴുതിവിടുന്ന ഒരു സമുദായപ്പത്രവും കേരളത്തിലുണ്ട്. സമൂഹം എത്ര പ്രാവശ്യം വലിച്ചെറിഞ്ഞാലും നാലു കാലില്‍ നില്ക്കാനുള്ള അവരുടെയൊക്കെ 'കഴിവിനെ' എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
മാധ്യമങ്ങളുടെ പൊതുവായ കാര്യമാണെങ്കില്‍, അവിടെയും വ്യക്തമായ രണ്ടു ചേരിയുണ്ടെന്നു ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു വിഭാഗം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു തീവ്രയത്‌ന പരിപാടിയാണ്. ഹസാരെയുടെ സമരം ജനമനസ്സുകളിലുണ്ടാക്കിയ ഉണര്‍വ്വും മൂല്യബോധവും അപ്പാടെ തുടച്ചുമാറ്റാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പരിശ്രമിക്കുകയാണവര്‍. കൊലപാതകം നടത്തിയ സ്ഥലത്തുനിന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രതിയുടെ ശുഷ്‌ക്കാന്തിയോടെയാണ് ചില മാധ്യമങ്ങള്‍, പ്രത്യേകിച്ചും അച്ചടി മാധ്യമങ്ങള്‍ ഈ കടമ ഏറ്റെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ഈ ജനകീയ മുന്നേറ്റത്തിനു നേരെയുള്ള ഒളിവെട്ടും ചതിപ്രയോഗങ്ങളും ഏതു കേന്ദ്രങ്ങളില്‍നിന്ന് വേണമെങ്കിലും വരാം. ബുദ്ധിജീവികള്‍, കലാകാരര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ആരുടെയിടയില്‍നിന്നും.
അണ്ണാഹസാരെയും അദ്ദേഹം നയിക്കുന്ന പ്രസ്ഥാനവും ഐ.സി.യു. വില്‍ നിന്ന് ഒരിക്കലും ഇറങ്ങാന്‍ പോകുന്നില്ല എന്ന ധാരണയാണ് ചിലര്‍ പരത്തുന്നത്. ഉപവാസം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ ചെയ്ത പ്രസംഗത്തിലെ കാര്യങ്ങള്‍ എല്ലാ സ്ഥാപിതതാല്പര്യക്കാരുടെയും മനസ്സില്‍ ഭീതി ഉണര്‍ത്തി കല്ലിച്ചുകിടപ്പുണ്ട്.
രണ്ടാം ഗാന്ധിഎന്ന് ഹസാരെയെ അംഗീകരിക്കണമെന്ന് ഇവിടെയാര്‍ക്കും നിര്‍ബ്ബന്ധമില്ല. വ്യക്തിപരമായിപ്പറഞ്ഞാല്‍, സമരവേദികളില്‍ മതാത്മകമായ ആത്മീയതയല്ല, സാമൂഹ്യനീതിയിലും മാനുഷികമൂല്യങ്ങളിലും അധിഷ്ഠിതമായ കാര്യങ്ങള്‍ മാത്രമാണ് ഹസാരെ പറയുന്നത് എന്ന അധികമാനം ഹസാരെക്കുണ്ടെന്നു ഞാന്‍ കാണുന്നു.
ഗാന്ധിജിയുടെ ജനുസ്സില്‍പ്പെട്ട ഒരു ജനനേതാവാണ് ഹസാരെയെന്ന് അദ്ദേഹത്തിന്റെ ഈ നിരാഹാരസമരം ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കിക്കൊടുത്തു.
ഹസാരെയെ (ഓഗസ്റ്റ് 16 ന്) അറസ്റ്റ് ചെയ്തതില്‍ പരാതിയോ പ്രതിഷേധമോ പ്രകടിപ്പിക്കാത്ത ഒരേയൊരാള്‍ ഹസാരെയാണെന്ന കാര്യം നാം ഓര്‍മ്മിക്കണം. നിയമം നിഷേധിക്കാനുള്ള അവകാശവും അതിന്റെ ശിക്ഷ അനുഭവിക്കാനുള്ള കടമയും ഓരോ പൗരനുമുണ്ട് എന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തത്വമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഗാന്ധിയന്‍ സമരങ്ങളും ഇതേ പാതയിലായിരുന്നു. റോയി ആവര്‍ത്തിച്ചു പറയുന്നതുപോലെ ഹസാരെയും അങ്ങേരുടെ ഉപജാപക സംഘവും മാത്രമായിരുന്നു സമരത്തിനു പിന്നിലെങ്കില്‍ പാര്‍ലമെന്റിന്റെ 'മഹത്തായ നടപടിക്രമ' ങ്ങളും ''പാരമ്പര്യവും'' കൂട്ടാക്കാതെ ഗവണ്‍മെന്റേതര ലോക്പാല്‍ബില്ലുകള്‍ എന്തിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറായി?!
തന്റെ ജീവന്‍ അപകടാവസ്ഥയിലായിരുന്നിട്ടും, ഇരുപക്ഷത്തുനിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ ചെറുത്തുകൊണ്ട്, ബില്ല് വോട്ടിനിടണം, ഓരോ എം.പിയും ഏതു പക്ഷത്തു നില്ക്കുന്നു എന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട് എന്നു പ്രഖ്യാപിച്ചു ഹസാരെ! സമരത്തിന് 'പൂര്‍ണ്ണ പിന്തുണ' തന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി യേയും കൂടി വിഷമത്തിലാക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. ഒരു സംഘപരിവാറിന്റെയും സ്വാധീന വലയത്തിലല്ല ഹസാരെയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ ബോദ്ധ്യം വരുത്തുന്ന ഒരു സംഭവമാണിത്.
ഹസാരെയുടെ ഈ ആവശ്യം നടക്കാതെ പോയതില്‍ സ്ഥാപിതതാല്‍പര്യക്കാരല്ലാത്ത ആരും സന്തോഷിക്കേണ്ട കാര്യമില്ല. എപ്പോഴുമെന്നപോലെ ഇപ്പോഴും, 'പൊതുശത്രു'വായ ജനങ്ങളെ നേരിടാന്‍ വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചുനിന്നതുകൊണ്ടാണ് ജനങ്ങളുടെ ഈ അവകാശം അംഗീകരിക്കപ്പെടാതെ പോയത്.
ഹസാരെ നിരാഹാരം അവസാനിപ്പിച്ച സമയത്ത് എല്ലാ പക്ഷത്തുനിന്നും സമരം വിജയിച്ചതിന്റെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് (ജനങ്ങള്‍)പകുതി വിജയമേ നേടിയുളളു എന്നാണ്. ധാര്‍ഷ്ട്യം പിടിച്ചുനിന്ന ഗവണ്‍മെന്റിനേയും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന സംഘടിതശക്തിയേയും ഒന്നിലധികംപ്രാവശ്യം മുട്ടുകുത്തിച്ചതിന്റെ ഗര്‍വ്വോ സന്തോഷമോ പോലും അദ്ദേഹത്തിനില്ലായിരുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ച രാത്രിയില്‍ രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകി മദിക്കുമ്പോള്‍ ഗാന്ധിജി, വര്‍ഗ്ഗീയ കലാപം നടക്കുന്ന ഇടങ്ങളില്‍ ഉഴറി നടക്കുകയായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ആ സംഭവമാണ് ഹസാരെ ഉപവാസം അവസാപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.
സമരം ഒരു ഘട്ടത്തിലും ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകളും 'കോര്‍ കമ്മറ്റിക്കു' വെളിയില്‍നിന്നുള്ള ഇടപെടല്‍ നിയന്ത്രിക്കാന്‍ വേണ്ടി സ്വീകരിച്ച 'കണ്ണിച്ചോരയില്ലാത്ത' ഒഴിവാക്കലുകളും, ഉടനീളം പാലിച്ച അച്ചടക്കവും ഈ സമരത്തെ മറ്റൊരു വിധത്തിലും ചരിത്രപ്രാധാന്യമുള്ളതാക്കുന്നുണ്ട്.
അറസ്റ്റ,് അവഗണിക്കല്‍, വ്യക്തിഹത്യ, നിരോധനങ്ങള്‍, അപവാദങ്ങള്‍, ഭിന്നിപ്പിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ വക മര്‍ദ്ദനമുറകള്‍ക്കും സോപ്പിങ്ങിനും നുഴഞ്ഞുകയറ്റത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന നിരാശയിലാണ് സ്ഥാപിത താല്‍പര്യങ്ങളുടെ അധോലോകസംഘങ്ങള്‍.
''അഴിമതി പൂര്‍ണ്ണമായും തുടച്ചുമാറ്റുകയെന്നത് ഒരിടത്തും ഈ ലോകത്തില്‍ നടന്നിട്ടില്ല. അതു നടക്കുകയുമില്ല'' എന്ന് ആശ്വസിക്കുന്ന റോയി ഗാന്ധിജിയെക്കുറിച്ച് 'ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും മഹാനും' എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ ശേലുകേടാണ് തോന്നുന്നത്.


Ph.: 9446203858
E-mail: johnyplathottam@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ