പാലായിലെ അഴിമതിവിരുദ്ധ കണ്‍വന്‍ഷന്‍
അന്നാഹസാരേയുടെ ഉപവാസ സമരം അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍ 50 ശതമാനം വിജയം നേടിയ സാഹചര്യത്തില്‍ പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ 28-08-2011 ഞായര്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ട അഴിമതിവിരുദ്ധ കണ്‍വന്‍ഷനും ലോക്പാല്‍ ബില്‍ ചര്‍ച്ചയും ആ സമരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ശ്രോതാക്കള്‍ക്കെല്ലാം പ്രചോദനവും ആവശ്യബോധവും പകര്‍ന്നു. നാടിനെ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, പാലാ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. പാലാ സഹൃദയസമിതി അധ്യക്ഷനും റിട്ട. മുനിസിപ്പല്‍കമ്മീഷണറുമായ ശ്രീ രവി പാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ശ്രീ ജോണി ജെ പ്ലാത്തോട്ടം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകനും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, കേരളയുടെ വൈസ് ചെയര്‍മാനും കേരളത്തിലെ ഉപഭോക്തൃപ്രസ്ഥാനങ്ങളുടെ ആദ്യകാല സാരഥിയുമായ അഡ്വ. ജോണ്‍ ജോസഫ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി ശ്രോതാക്കളേവര്‍ക്കും ഉത്തമബോധ്യവും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ പ്രചോദനവും പകര്‍ന്നു. അദ്ദേഹം പറഞ്ഞു: ''അഴിമതിക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ സത്യാഗ്രഹം തുടങ്ങും മുമ്പേ അഡ്വ. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപീകൃതമായ പ്രസ്ഥാനമാണ് ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, കേരള. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിന് ശക്തി പകരുക എന്നതിനൊപ്പം ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളം അഴിമതിമുക്തമാക്കുക എന്നതും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അതിനായി ഇതിനകം എട്ടു ജില്ലകളില്‍ അഡ്‌ഹോക്കു കമ്മറ്റികല്‍ രൂപീകരിക്കുകയും ഒരു പന്ത്രണ്ടിന നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. കേരളമെങ്ങും പ്രസ്ഥാനത്തിന്റെ ശാഖകള്‍ രൂപീകരിക്കുകയും അഴിമതിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും അഴിമതിവിരുദ്ധ ബോധവത്കരണ-സമരസഹായ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയുമാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. സെപ്റ്റംബറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ ഒരു വാഹന പ്രചാരണ ജാഥയും ഉദ്ദേശിക്കുന്നുണ്ട്. ഹസാരെയുടെ ഉപവാസസമരത്തിന് ജനങ്ങള്‍ ഇത്രയധികം പിന്തുണ നല്കാന്‍ കാരണം അഴിമതി അതിന്റെ മൂര്‍ധന്യത്തിലെത്തിയതും അഴിമതിയുടെ ചെളി പുരളാത്തതായി ഇന്ത്യയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇല്ലാത്ത അവസ്ഥ സംജാതമായതുമാണ്. തന്റെ സംശുദ്ധ ജീവിതവും ആത്മാര്‍ഥതയും ത്യാഗവും കൊണ്ട് ഹസാരെ നേടിയ വിശ്വാസ്യതയാണ് സമരവിജയത്തിന്റെ മുഖ്യഘടകം. സമരം 50 സതമാനമേ വിജയിച്ചിട്ടുളളൂ എന്നും ജനങ്ങളോടു വിശ്വാസ്യത പുലര്‍ത്താന്‍ മടിക്കുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍കൂടിയുള്ള സംവിധാനമുണ്ടാക്കി ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കണമെന്നും ഹസാരെ പറയുന്നതിന്റെ പൊരുള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയുടെ അടിത്തറ ജനപ്രതിനിധികളിലെന്നതിലേറെ ജനങ്ങളിലാണ് ഉറപ്പിച്ചിരിക്കുന്നത്. ജനഹിതം വിസ്മരിക്കുന്ന ജനപ്രതിനിധികളെ അതനുസ്മരിപ്പിക്കാനുള്ള അഹിംസാത്മകമായ പാതയിലൂടെയാണ് ഹസാരെയും സഹപ്രവര്‍ത്തകരും സഞ്ചരിക്കുന്നത്. അഴിമതിയുടെ നേട്ടങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയക്കാര്‍ അടങ്ങുന്ന പാര്‍ലമെന്റിനെക്കൊണ്ട് ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കിക്കാന്‍തന്നെ നമ്മുടെ ശക്തമായ സമ്മര്‍ദ്ദം ഇനിയും വേണ്ടിവന്നേക്കും. അഴിമതിനിര്‍മാര്‍ജനം മാത്രമല്ല, കള്ളപ്പണം പിടിച്ചെടുക്കലുള്‍പ്പെടെയുള്ള നിരവധി കര്‍മ്മപരിപാടികള്‍ തുടര്‍ന്നും നമ്മുടെ ലക്ഷ്യമായുണ്ട്. അഴിമതിക്കെതിരെ എന്നും തുറന്നു വച്ച കണ്ണുകളായാണ് നമ്മുടെ ഈ പ്രസ്ഥാനത്തെ നാം വിഭാവനം ചെയ്യുന്നത്.''
തുടര്‍ന്ന് A.C.P.M. കണ്‍വീനറായ അഡ്വ. ഷൈജന്‍ ജോസഫ് ലോക്പാല്‍ ബില്‍ അവലോകനത്തിലൂടെ ജന ലോക്പാലും സര്‍ക്കാര്‍ ലോക്പാലും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടി. പ്രൊഫ. എം. സി. മാത്യു, പ്രൊഫ. കെ. എല്‍ സെബാസ്റ്റ്യന്‍, പ്രൊഫ. കെ. എം. മാത്യു, ഡോ. പി. സി മാത്യു, ആന്റോ മാങ്കൂട്ടം, ബെന്നി കുഴിഞ്ഞാലില്‍, ഷിജോ ജോസഫ്, ജയിംസ് മാത്യു, മാധവക്കൈമള്‍, ജോര്‍ജ് മൂലേച്ചാലില്‍ മുതലായവര്‍ സംശയങ്ങളുന്നയിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേലിന്റെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 21 അംഗങ്ങളുള്ള ഒരു നിര്‍വാഹകസമിതിയെയും തെരഞ്ഞെടുത്തു. ശ്രീ കെ. ജോര്‍ജ് ജോസഫ് കൃതജ്ഞത പറഞ്ഞു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ