കാർഷികസമ്പദ്വ്യവസ്ഥയിൽ നാം
ഗ്രാമങ്ങളിൽ ജീവിതം പുലർത്തി!
വന്നൂ, വ്യവസായ വിപ്ലവം!! നാം
ഉത്പന്നമേറെയുണ്ടാക്കുവാനായ്
യന്ത്രങ്ങൾ, ഫാക്ടറി, വില്പനയ്ക്കായ്
തന്ത്രങ്ങൾ, യാനവും മാറുകയായ്!
മൂലധനം, തൊഴിൽ എന്നിവയെ
ആളുവോർ രണ്ടു വർഗങ്ങളായി
കേന്ദീകരിച്ച വ്യവസ്ഥിതിയിൽ
ചൂഷണതന്ത്രം വിപുലമായി!
വർഗസമരവും വിപ്ലവവും
കൂടാതെ മുക്തിയില്ലെന്നുചൊന്ന്
വിപ്ലവത്തിൻവഴി കാട്ടുവാനായ്
വന്നവർ ചൊന്നതു വേദമായി!!
കായികാധ്വാനം ലഘൂകരിക്കാൻ
വന്ന തരംഗമടങ്ങിയപ്പോൾ
ബുദ്ധിതന്നധ്വാനഭാരമൊക്കെ
വീണ്ടും കുറയ്ക്കുവാനായി വന്നു
മൂന്നാം തരംഗ,മാ വിപ്ലവമാം
ഇൻഫർമേഷൻ റവലൂഷനായി!
ഇതു കാൺകെ, വിപ്ലവത്തിന്റെ വേരു
തിരയവെ, വാക്കിന്റെയുള്ളിലാവാം
പൊരുളെന്നൊരുൾക്കാഴ്ച തോന്നി, ഞാനാ
പൊരുളു കണ്ടെത്തിയ കഥയിതാണ്:
പ്ലവമെന്ന വാക്കിന്റെ അർഥമെന്ത്?
പൊന്തിക്കിടപ്പെന്നൊരർഥമുണ്ട്!
പൊങ്ങുതടി, തവള, കുരങ്ങ്, കപ്പൽ
മീൻ, മീൻപിടിക്കുവാനുള്ള വലയും
പ്രേരണകൊടുക്കലും പ്ലവമാണു; ഞാൻ
വിപ്ലവത്തിന്റെ വേരിങ്ങു കാണ്മൂ:
വിപ്ലവമെന്നാൽ വിശിഷ്ടവിദ്യ:
പൊന്തിക്കിടന്നുള്ള മീൻപിടുത്തം!
ലോകചരിത്രമെടുത്തുനോക്കി:
കപ്പലിലുള്ള കടൽ കടക്കൽ,
വെള്ളത്തിൽ പൊന്തിനിന്നുള്ള യാത്ര!
കപ്പൽ വ്യവസ്ഥിതിതന്നെ!! കപ്പൽ
കൂടാതെ പണ്ടു കടൽ കടക്കാൻ
വാഹനമില്ലായിരുന്നു, പക്ഷേ,
ഇന്നു വിമാനങ്ങളേറെയുണ്ട്
വിപ്ലവമെന്നാൽ വിമാനയാത്ര!
കപ്പൽ, വിമാനവും യാനപാത്രം!
ഉള്ളിലാം നാം! ചിലർക്കാവുമിപ്പോൾ
യാനപാത്രത്തിൻ പുറത്തുനിന്ന്
വാഹനത്തിൻ ഗതി നിശ്ചയിക്കാൻ!
ഉള്ളിലായ്പ്പോയ നമുക്കു സ്വന്തം
വാഹനത്തിന്നുള്ളിലുള്ള ശാസ്ത്ര-
സാങ്കേതികത്വം പഠിച്ചിടുമ്പോൾ
എന്നുള്ളിലുണ്ടതെന്നിന്നു കണ്ടു!
എന്നിൽ ഞാനുണ്ടെന്ന ബോധമുണ്ട്!
ബോധപ്രവാഹത്തിലൂടൊഴുകി
ഞാനെത്തും ജ്ഞാനത്തിൽ നിന്നുനോക്കി-
ക്കാണുന്ന ലോകത്തിലുണ്ടു താക്കോൽ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ