2015, നവംബർ 10, ചൊവ്വാഴ്ച

നിങ്ങളുടെ സ്ഥാപനത്തെ ഒരു മാതൃകാ യൂണിറ്റാക്കാന്‍ - ഇന്‍ഡ്യാ സിറ്റിസണ്‍സ് ഫോറം


വോട്ടറുടെ ശബ്ദം (Voters’  Voice)

ഇന്‍ഡ്യാ സിറ്റിസണ്‍സ് ഫോറം, പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയാണ്. 2000 -ാം ആണ്ടു മുതല്‍ വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഫോറം ഏര്‍പ്പെട്ടിരിക്കുന്നു.

2015 നവംബര്‍മാസത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പുകാലത്ത് സമ്മതിദായകരുമായി ഫോറം പ്രവര്‍ത്തകര്‍ നടത്തിയ ആശയവിനിമയത്തില്‍ നിന്നുരുത്തിരിഞ്ഞ ഏതാനും നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി പങ്കുവയ്ക്കാന്‍ 

 Voters’  Voice എന്ന ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നു.

ഇന്ത്യന്‍ഭരണഘടന വിഭാവനചെയ്യുന്നത് നഗരസഭകളിലും, പഞ്ചായത്തിലും കക്ഷിരാഷ്ട്രീയമില്ലാത്ത ഒരു ഭരണസംവിധാനമാണ്. പക്ഷേ ഇന്നു നടക്കുന്നത് പാര്‍ലമെന്റിലും സംസ്ഥാനനിയമസഭകളിലും നടക്കുന്നതുപോലെ ഭൂരിപക്ഷകക്ഷിയുടെ ഭരണമാണ്. അതുകൊണ്ട് ഭരണകക്ഷിയില്‍പെടാത്ത വാര്‍ഡുമെമ്പറുടെ സ്വരം ശ്രവിക്കപ്പെടാതെ വരുന്നുണ്ട്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ഭരണം കൈയാളുന്നവര്‍, പ്രത്യേകിച്ച് പ്രസിഡന്റ് / ചെയര്‍മാന്‍ / മേയര്‍ താത്പര്യമെടുത്താല്‍ ഈ സ്ഥിതി മാറ്റിയെടുക്കാന്‍ കഴിയും.
    ജനാധിപത്യഭരണക്രമമാണ് നമ്മുടെ രാജ്യത്തു നിലവിലുള്ളത്. അബ്രഹാം ലിങ്കന്റെ ജനാധിപത്യത്തേപ്പറ്റിയുള്ള നിര്‍വ്വചനമാണ് ഇന്നും എല്ലാവരും ഉദ്ധരിയ്ക്കാറുള്ളത്. അതായത്: ജനങ്ങളുടെ, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍”, ലിങ്കന്‍പറഞ്ഞ കൃത്യമായ വാക്കുകള്‍ Of  the people, for the people, and by the people.സാങ്കേതികമായി നമ്മുടെ ഭരണക്രമം ഇതു പോലെയൊക്കെത്തന്നെയാണ്. പക്ഷേ ഫലത്തില്‍ അതു നടപ്പില്‍ വരുന്നുണ്ടോ എന്നു സംശയമാണ്. ലിങ്കന്റെ വാക്കുകള്‍ അവയുടെ മുഴുവന്‍ അര്‍ത്ഥവായ്‌പോടെ ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശമാകണം എന്നാണ് ജനത്തിന്റെ ആഗ്രഹം. ഈ ദര്‍ശനം സാത്മീകരിച്ചു കൊണ്ട് നിങ്ങളുടെ സ്ഥാപനത്തെ ഒരു മാതൃകാ യൂണിറ്റാക്കാന്‍ ലക്ഷ്യം വയ്ക്കണം. ഈ ലക്ഷ്യപ്രാപ്തിയ്ക്കുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ വച്ചുകൊള്ളട്ടെ.
    
നിര്‍ദ്ദേശങ്ങള്‍ ചില ‘Dos and Dont’s’ ആയി തിരിച്ചിരിക്കുന്നു. അതായത് ചെയ്യേണ്ടതും ചെയ്യരുതാത്തതും. ആദ്യം ‘Dos ആകട്ടെ :
1. വാര്‍ഡിലെ എല്ലാ പൊതുവിഷയങ്ങള്‍ക്കും മെമ്പര്‍നേതൃത്വം നല്‍കണം.

2.   Accountability എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഉത്തരവാദിത്വ ബാദ്ധ്യത  – ie. ഉത്തരവാദിത്വം ഉള്‍ക്കൊള്ളുന്ന പ്രതിജ്ഞാബദ്ധത - തങ്ങളുടെ പ്രവര്‍ത്തനശൈലിയുടെ മാനദണ്ഡമായി മെമ്പര്‍മാര്‍ സ്വീകരിക്കണം. ഇതിന്റെ പ്രാധാന്യമെന്താണെന്നു മനസ്സിലാക്കാന്‍, കുറേ കാലം മുമ്പ് കേരളത്തില്‍ നടന്ന രണ്ടു ദുരന്തങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. ദുരന്തങ്ങള്‍ സംഭവിച്ചത് കാവലില്ലാത്ത Railway Crossing--ലാണ്, രണ്ടിടത്തും ഒഴിവാക്കാമായിരുന്ന ജീവനാശം സംഭവിക്കുകയുണ്ടായി. തുടര്‍ച്ചയായ നിവേദനങ്ങളുടെ ഫലമായി രണ്ടിടത്തും ഗേറ്റു സ്ഥാപിച്ചു കാവലേര്‍പ്പെടുത്താന്‍ 10 കൊല്ലം മുമ്പ് തീരുമാനമെടുത്ത് നടപടികള്‍ ആരംഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും നടപടി പൂര്‍ത്തിയായിരുന്നില്ല. ഗേറ്റ് സ്ഥാപനം നടന്നുമില്ല. യഥാസമയം follow up action  ഉണ്ടാകാഞ്ഞതു കൊണ്ടാണ് കാര്യം നടപ്പിലാകാതെ വന്നത്. സ്ഥലത്തെ വാര്‍ഡു പ്രതിനിധിക്ക് നിഷ്പ്രയാസം ചെയ്യാമായിരുന്ന ഒരു കൃത്യമായിരുന്നു അത്. രാജ്യത്താകമാനമെടുത്താല്‍, തുടങ്ങിവച്ചതോ തുടങ്ങാന്‍ തീരുമാനിച്ചതോ ആയ എത്രയോ ആയിരം സംരംഭങ്ങളാണ് follow up action-ന്റെ അഭാവം കൊണ്ട് സമയത്ത് നടപ്പിലാകാതെ വരുന്നത്.
ഒരു ജില്ലാപഞ്ചായത്തിന്റെ വികസന മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പ്രതിനിധിക്ക് അവസരം ലഭിക്കുകയുണ്ടായി. വര്‍ഷാവസാനത്തിനു വെറും രണ്ടു മാസം ബാക്കി നില്‍ക്കെ 10 ശതമാനം ഫണ്ടു മാത്രമായിരുന്നു ഉപയോഗപ്പെടുത്തപ്പെട്ടത്. ഭൂരിഭാഗം ഫണ്ടും Lapse ആയി പോകുമെന്ന് ജില്ലാപ്രസിഡന്റ് പരിതപിക്കുന്നതും കേട്ടു. ഇപ്രകാരമുള്ള കെടുകാര്യസ്ഥത സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു വന്നു ഭവിക്കാതിരിക്കാന്‍ അംഗങ്ങള്‍ ശ്രദ്ധവയ്ക്കണം. അവര്‍ ചെയ്യേണ്ടത് തങ്ങളുടെ പ്രദേശത്തു നടന്നുവരുന്ന പൊതുപ്രവര്‍ത്തനങ്ങള്‍ monitor ചെയ്യുകയും follow up action എടുക്കുകയുമാണ്. എല്ലാ വിഷയങ്ങളും വാര്‍ഡു മെമ്പര്‍ക്ക് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് പറയുന്നില്ല. സ്ഥലം MLA യുടെയും MP യുടെയും സഹായം തേടേണ്ട സന്ദര്‍ഭങ്ങള്‍നിരവധിയുണ്ടായേക്കാം. എന്നാല്‍ പ്രശ്‌നം identify ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി വാര്‍ഡുമെമ്പര്‍തന്നെയാണ് എന്നത് നിസ്തര്‍ക്കമാണ്. പ്രശ്‌നപരിഹാരത്തിന്റെ ആദ്യത്തെ step അതാണല്ലോ.

3.   വാര്‍ഡില്‍ നടപ്പാക്കേണ്ട വികസനകാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പാക്കാനുമായി, ഈ വിഷയത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള ഒരു സമിതിക്ക് വാര്‍ഡുമെമ്പര്‍ രൂപം നല്‍കുന്നത് ആശാസ്യമായിരിക്കും. സമിതിയുടെ അംഗസംഖ്യ 10-ല്‍ അധികമാകരുത്. അംഗങ്ങള്‍ വാര്‍ഡില്‍ പെട്ടവരായിരിയ്ക്കണം. സജീവരാഷ്ട്രീയപ്രവര്‍ത്തകരെ ഒഴിവാക്കുകയാണ് അഭികാമ്യം. സമിതിയില്‍ രണ്ടു വനിതകളെങ്കിലുമുണ്ടാകണം.
 
4.   വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പുതിയ പ്രവര്‍ത്തനശൈലി സ്വീകരിക്കാനുള്ള വൈമുഖ്യം. പാരമ്പര്യങ്ങളിലും കീഴ്‌വഴക്കങ്ങളിലും ആവശ്യാനുസരണം മാറ്റം വരുത്തണം. ''മുമ്പേ ഗമിച്ചീടുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം'' നാം കേട്ടു തഴമ്പിച്ചിട്ടുള്ള ഒരു ചൊല്ലാണിത്. പ്രവര്‍ത്തനത്തില്‍ മികവും dynamism -വും കൈവരിക്കണമെങ്കില്‍ ഈ ചൊല്ല് തത്ക്കാലം മറക്കണം. മാറ്റപ്പെടേണ്ട കീഴ്‌വഴക്കങ്ങള്‍ മാറ്റപ്പെടുക തന്നെ വേണം.
 
5.   മുന്‍കാലങ്ങളില്‍ വാര്‍ഡില്‍ തുടങ്ങി വെച്ചവയും പൂര്‍ത്തീകരിക്കപ്പെടാത്തതുമായ സംരംഭങ്ങളുടെ ഒരു ലിസ്റ്റു തയ്യാറാക്കി അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
 
6.   ഓരോ പ്രദേശത്തെയും ജലസമ്പത്ത് അല്പം പോലും ചോര്‍ന്നു പോകാതിരിക്കാനുള്ള നടപടികള്‍ സത്വരമായി ആവിഷ്‌കരിക്കണം. പറമ്പുകളില്‍ ബണ്ടുകളും കയ്യാലകളും നിര്‍മ്മിച്ച്, മഴക്കാലത്ത് വെള്ളം ഒലിച്ചു പോകുന്നതു തടയുകയും കുഴികള്‍ കുഴിച്ച് വെള്ളം അതാതു സ്ഥലങ്ങളില്‍ത്തന്നെ ഭൂമിയ്ക്കടിയിലേക്ക് വാര്‍ന്ന് ഇറങ്ങാനിടയാക്കുകയും ചെയ്യുന്ന പരിപാടി പ്രോത്സാഹിപ്പിക്കണം. ഭൂമിയ്ക്കടിയില്‍ Water level താഴ്ന്നുപോകാതിരിക്കാന്‍ ഇതു സഹായിക്കും. കിണറുകളില്‍ വെള്ളത്തിന്റെ ലവല്‍ ഉയരാനും വേനല്‍ക്കാലത്ത് മണ്ണില്‍ ഈര്‍പ്പനില മെച്ചപ്പെടാനും വരള്‍ച്ചക്കെടുതി കുറയ്ക്കാനും ഇത് ഇടയാക്കും.
 
7.   തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരുജ്ജീവിപ്പിച്ച് വാര്‍ഡു ഭൂപ്രദേശത്തെ തരിശുരഹിതമാക്കണം

 

8.   വാര്‍ഡില്‍ വസിക്കുന്ന നിര്‍ദ്ധനരായ രോഗബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കാരുണ്യപദ്ധതി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് സഹായം നേടിക്കൊടുക്കാന്‍ വേണ്ടതു ചെയ്യണം.


9.   സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പലരുടേയും വീടുകള്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നവയാണ്.അതുപോലെ വാസയോഗ്യമായ ഒരു ചെറുവീടു പോലുമില്ലാത്ത ചിലരെങ്കിലും ഇന്നും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പൊതുനിരത്തിന്റെ വശങ്ങളില്‍ കുടില്‍ കെട്ടി വസിക്കുന്നവരുമുണ്ട്. ഈ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിയ്ക്കാനുതകുന്ന പരിപാടികള്‍ക്ക് രൂപം നല്‍കണം.
 
10.  സാമ്പത്തിക ഞെരുക്കം മൂലം സമര്‍ത്ഥരായ പല കുട്ടികള്‍ക്കും അവരുടെ അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നുണ്ട്. ഇവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കണം
 
11.  ശുചിത്വം
    ശുചിത്വം ആഗ്രഹിക്കാത്തവര്‍ ആരുമില്ല. പക്ഷേ, നാമറിയാതെ മാലിന്യം നമ്മെ പൊതിഞ്ഞുകൊണ്ടിരിക്കുന്നു. ശുദ്ധജലം, ശുദ്ധവായു, നല്ല ഭക്ഷണം, കുളിര്‍കാറ്റ് ഇതൊക്കെ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ നാം കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും ആഹരിക്കുന്ന ഭക്ഷണവും ചരിക്കുന്ന പരിസരവും മലിനമായിക്കൊണ്ടിരിക്കുന്നു എന്നതാണു വാസ്തവം.
 
a. പൊതുസ്ഥലങ്ങളില്‍
പൊതുനിരത്തുകളും പൊതുസ്ഥാപനങ്ങളുടെ പരിസരവും വൃത്തിഹീനമായി കിടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഓരോ വാര്‍ഡുമെമ്പറും തന്റെ വാര്‍ഡ് ഏരിയായിലെ പൊതുനിരത്തുകളും സ്ഥാപനങ്ങളുടെ പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ് ഉത്ക്കണ്ഠാകുലമാം വിധം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ബോധവല്‍കരണത്തിനൊപ്പം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത് അഭിലഷണീയമായിരിക്കും.
 
b.   സാനിട്ടറി ലാറ്റ്രിന്‍സ്
    സ്ഥാപനത്തിന്റെ അതിര്‍ത്തിയ്ക്കുള്ളിലുള്ള പല വീടുകള്‍ക്കും പ്രത്യേകിച്ച്  BPL വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് Sanitary കക്കൂസുകള്‍ ഇപ്പോളില്ല. അവ നിര്‍മ്മിക്കാന്‍/നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

12.  സാമൂഹ്യവനവല്‍ക്കരണം
    അന്തരീക്ഷതാപം ഓരോ കൊല്ലവും വര്‍ദ്ധിക്കുന്നു എന്നത് നമുക്കേവര്‍ക്കും അനുഭവേദ്യമാകുന്ന വസ്തുതയാണ്. CO2  ന്റെ അളവു വര്‍ദ്ധിക്കുന്നു എന്നതാണ് കാരണം. ഇതു നിയന്ത്രിച്ചില്ലെങ്കില്‍ ഭൂമി എന്ന planet -ല്‍ ജീവന്‍ തന്നെ ഇല്ലാതാകുമെന്നാണ് ശാസ്ത്രമതം. ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപിന് 18,33,900 ച.കി.മി. വിസ്തീര്‍ണ്ണമുണ്ട്. ഇതു മുഴുവന്‍ ice കവര്‍ ചെയ്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മഞ്ഞുകട്ടയ്ക്ക് 3KM  വരെ ഘനമുണ്ട്. ചൂടു വര്‍ദ്ധിച്ച് ഇവിടത്തെ ice  ഉരുകിയാല്‍ സമുദ്രജലനിരപ്പ് 7 metre ഉയരും. പിന്നെ ഭൂമിയില്‍ കുറെ കുന്നുകളും മലകളും മാത്രമെ അവശേഷിക്കൂ എന്നൊരു റിപ്പോര്‍ട്ട് ഈയിടെ കാണുകയുണ്ടായി.
    
 CO2വിന്റെ അളവു കുറയ്ക്കാന്‍ ഏതൊരു പൗരനും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. മരം നടീല്‍. വൃക്ഷങ്ങള്‍ CO2വിനെ ആഗിരണം ചെയ്യുകയും ഓക്‌സിജനെ പുറത്തേയ്ക്കു വിടുകയും ചെയ്യുന്നു. ഒരു മനുഷ്യവ്യക്തിക്ക് ഒരു വര്‍ഷം 1,30,000 litre ഓക്‌സിജന്‍ ആവശ്യമുണ്ട്. ഉഷ്ണമേഖലയില്‍ വളരുന്ന ഒരു വൃക്ഷം 2,73,000 ലിറ്റര്‍ ഓക്‌സിജന്‍ റിലീസ് ചെയ്യുന്നു. പ്രാദേശിക ലവലില്‍ വൃക്ഷം നടീല്‍ പ്രോത്സാഹിപ്പിച്ചാല്‍ സാമൂഹ്യവല്‍ക്കരണത്തിന്റെ സന്ദേശം എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും എത്താനിടയാകും. പൊതുനിരത്തുകളുടെ വശങ്ങളിലും സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളിലും വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിചരിക്കണം. ഒരു വാര്‍ഡില്‍ ഒരു കൊല്ലം 70 തൈകള്‍ വീതം വളര്‍ത്തിയെടുത്താല്‍ 5 വര്‍ഷം കൊണ്ട് 15 വാര്‍ഡുള്ള സ്ഥാപനത്തിന്റേതായി 5000 ത്തോളം പുതിയ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിച്ച് പ്രദേശത്തിന്റെ  പരിസ്ഥിതിക്ക് ഉന്മേഷം പകരും. സംസ്ഥാനത്തു മുഴുവന്‍ നടപ്പാക്കിയാല്‍ വൃക്ഷങ്ങളുടെ എണ്ണം പത്ത് മില്യന്‍ എത്തും.

13.  സ്ഥിതിവിവരകണക്കുകള്‍
ഏതു പ്രവര്‍ത്തനവും വിജയകരമായി ുഹമി ചെയ്യണമെങ്കില്‍ശരിയായ സ്ഥിതിവിവരക്കണക്കുകള്‍അനുപേക്ഷണീയമാണ്. തന്റെ വാര്‍ഡിലെ ഓരോ കുടുംബത്തേയും പറ്റിയുള്ള വിശദമായ വിവരങ്ങള്‍ഓരോ മെമ്പറുടെയും കൈവശമുണ്ടായിരിക്കണം. വിവരങ്ങള്‍ശേഖരിയ്ക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍കൊടുമ്പോഴും മെമ്പറുടെ സാന്നദ്ധ്യം അഭിലഷണീയമായിരിക്കും.
 
ഇനി ചില Dont’s പരാമര്‍ശിക്കട്ടെ:

1.   ഇപ്പോള്‍തെരഞ്ഞെടുക്കപ്പെട്ടു വന്നവര്‍5 കൊല്ലം എന്ന term തീരുന്നതിനു മുമ്പ് പാര്‍ട്ടി മാറരുത്. പാര്‍ട്ടി മാറാന്‍തക്ക കാരണമുണ്ടാകുന്ന പക്ഷം രാജി വയ്ക്കുകയും മെമ്പറായി വീണ്ടും തുടരാന്‍ആഗ്രഹിക്കുന്നെങ്കില്‍പുതിയതായി തെരഞ്ഞെടുക്കപ്പെടുകയും വേണം.
 
2.   ഔദ്യോഗികപദവികള്‍5 കൊല്ലത്തിനിടെ പലര്‍പങ്കുവെയ്ക്കുന്ന 
പ്രവണത പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ഇങ്ങനെയുള്ള കുറുക്കുവഴികള്‍ജനവിധിയോടുള്ള അവജ്ഞയാണു കാണിക്കുന്നത് എന്ന് ഓര്‍മ്മ വെക്കണം.

3.   പാടം നികത്തല്‍, കാനകീറല്‍, തുടങ്ങിയവയ്ക്ക് മെമ്പര്‍മാര്‍ കൂട്ടുനില്‍ക്കരുത്. നെല്‍കൃഷി കുറയുന്നതിനനുസരിച്ച് അരിവില വര്‍ദ്ധിക്കുമെന്നോര്‍ക്കുക. നികത്തുന്ന പ്രദേശത്തെ ജലസമ്പത്തിനേയും അതു പ്രതികൂലമായി ബാധിക്കും. ചില കണക്കുകള്‍ ശ്രദ്ധിക്കുക.
a.   ഒരേക്കര്‍ നെല്‍പ്പാടം നികത്തുമ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ ജലം നഷ്ടപ്പെടുന്നു.
b.  ഭൂഗര്‍ഭജലത്തിന്റെ താഴ്ച ഇപ്പോള്‍40 അടിയാണ്. വികസനത്തിന്റെ പേരില്‍കെട്ടിടം പണിയുമ്പോള്‍അത് 200 അടിയിലേക്കു താഴുന്നു.
c.   നെല്‍കൃഷി ചെയ്യാതെ നിലം വെറുതെ ഇട്ടാലും ജലസമ്പത്തു കുറയുകയില്ല.
d.   കാനകീറുമ്പോള്‍ വെള്ളം വാര്‍ന്നൊലിച്ച് പോകാനിടയായാല്‍ water level താഴ്ന്നുപോകുന്നു.
4.   കോണ്‍ട്രാക്റ്റര്‍മാരില്‍നിന്നോ അതു പോലുള്ള മറ്റ് ഉറവിടങ്ങളില്‍  നിന്നോ കമ്മീഷനോ മറ്റു പാരിതോഷികങ്ങളോ മെമ്പര്‍മാര്‍ കൈപ്പറ്റരുത്.

ഉപസംഹാരം
  മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ കുറച്ചെങ്കിലും സഹായിക്കുമെന്നാണ് വിശ്വാസം. അങ്ങിനെ അടുത്ത 5 കൊല്ലങ്ങളിലും ഈ സ്ഥാപനം ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തിലെതന്നെ മാതൃകാ യൂണിറ്റായിത്തീരട്ടെ.
---


India Citizens’ Forum
Contact Numbers:
Chairman: 9446412532
Secretary: 9447037518




2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ശ്രീ. ജോസഫ് നെടുംപുറം അനുസ്മരണം


പ്രശസ്ത പരിസ്ഥിതി-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ശ്രീ ജോസഫ് നെടുംപുറം (അച്ചോയി) അന്ത്യനാളുകളില്‍ പുനരുത്ഥാനപ്രവര്‍ത്തങ്ങള്‍ തുടങ്ങിവച്ച മുക്കൂട്ടുതറ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 11 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ മുക്കൂട്ടുതറ കത്രീനാ ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫറായ എന്‍. എ. നസീര്‍, പ്രൊഫസര്‍മാരായ  സെബാസ്റ്റ്യന്‍ വട്ടമറ്റം, എം ജി ചന്ദ്രശേഖരന്‍ എന്നിവരോടൊപ്പം ശ്രീ. ജോസഫിന്റെ സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും അച്ചോയിയെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. 

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പനങ്കള്ള് നീരയാക്കാനും പനയും തെങ്ങും ചെത്താനുമുള്ള പരിശീലനവും ഗവേഷണങ്ങളും നടത്താന്‍...........


പാലായില്‍ ഇന്നൊരു സംഭവം ഉണ്ടായിട്ടുണ്ട്.

കര്‍ഷകര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ബിജെപിയുടെ സംസ്ഥാനനേതൃത്വത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കര്‍ഷകവേദി നടത്തിയ സമ്മേളനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

അവിടെ അവതരിപ്പിച്ചു സമര്‍പ്പിച്ച കാര്‍ഷിക അനുഭവ മെമ്മോറാണ്ടത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്വാഭാവികറബ്ബര്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് 50 ശതമാനം പ്രാതിനിധ്യമെങ്കിലും ഉണ്ടാകുംവിധം കാര്യശേഷിയുള്ള ഒരു ചെയര്‍മാനെയും വച്ച് റബ്ബര്‍ബോര്‍ഡ് പുനഃസംഘടിപ്പിക്കുക.

2. ഡീസല്‍ വിറ്റുകിട്ടുന്ന ലാഭത്തില്‍നിന്ന് 4000 കോടിരൂപാ നിക്ഷേപിച്ച് റബര്‍വില 150 രൂപായെങ്കിലും ആകുന്നതുവരെ റബ്ബര്‍ബോര്‍ഡുവഴി കര്‍ഷകര്‍ക്കു നല്കുക.

3. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ അളവും ഗുണമേന്മയും സംബന്ധിച്ച വിവരങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുക.


4. കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് ഉപോത്പന്നങ്ങള്‍ നിര്‍മിക്കാനും ഗവേഷണം നടത്താനും മുഴുവന്‍ വിപണികളിലും സൗകര്യമൊരുക്കുകയും RPS കളെ റബ്ബര്‍കൊണ്ടുള്ള വ്യവസായം തുടങ്ങാന്‍ പഠിപ്പിക്കുകയും ചെയ്യുക.

5. പാലായില്‍ ഇടമറ്റത്ത് പനങ്കള്ള് നീരയാക്കാനും പനയും തെങ്ങും ചെത്താനുമുള്ള പരിശീലനവും ഗവേഷണങ്ങളും നടത്താന്‍ ഒരു ഇന്‍സ്റ്റിട്യൂഷന്‍ സ്ഥാപിക്കുക.

6. കേരളത്തിന്റെ തനതു നാണ്യവിളകളായ കുരുമുളക്, ഏലം, മലയിഞ്ചി, മഞ്ഞള്‍, ജാതിക്കാ, ചു
ക്ക്  മുതലായവയെപ്പറ്റി പഠിക്കാന്‍ പാലായില്‍ ഒരു കേന്ദ്രം സ്ഥാപിക്കുക.
 

7. ഇന്ത്യയിലെ കാര്‍ഷികവിഭവങ്ങള്‍ വിലയിടിച്ച് എടുക്കുവാനുള്ള കുത്തകകമ്പനികളുടെയും ഇറക്കുമതി ലോബികളുടെയും തെറ്റായ നടപടികളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധനവു വരുത്തി കയറ്റുമതി ചെയ്യുന്നവര്‍ക്ക് കയറ്റുമതി ലൈസന്‍സ് നല്കുകയില്ലെന്ന ശക്തമായ തീരുമാനമെടുത്ത് പ്രതിരോധിക്കുക.
 

8. ഒരേ വേബ്രിഡ്ജില്‍ തൂക്കണമെന്നും മില്ലുകാര്‍ പറയുന്ന വിലയ്ക്ക് തടികൊടുക്കണമെന്നും പറയുന്ന പെരുമ്പാവൂരിലെ കാട്ടുനീതി എടുത്തു മാറ്റുക. റബ്ബര്‍തടി അന്യസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് നീക്കിത്തരിക.
 

9. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍തടിയും മറ്റുതടികളും ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷികവിഭവങ്ങളും ഇന്ത്യയില്‍ എവിടെയും കര്‍ഷകര്‍ക്ക് സ്വതന്ത്രമായി കൊണ്ടുപോയി വില്ക്കാനുള്ള അനുവാദം നല്കുക.
 

10. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സാധനത്തിന് വളരെ വിലവ്യത്യാസം ഉണ്ടാകാതെയിരിക്കുംവിധംഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക വിപണികള്‍ ഉണ്ടാക്കുകയും എല്ലാ വിപണികളും തമ്മില്‍ ഇന്റര്‍നെറ്റു വഴി ബന്ധപ്പെടാനും സാധനങ്ങള്‍ പരസ്പരം കൈമാറാനും ഏര്‍പ്പാടുണ്ടാക്കുക. 

11. സബ്‌സിഡിയും സഹായങ്ങളും മറ്റാനുകൂല്യങ്ങളും യഥാര്‍ഥ കര്‍ഷകര്‍ക്കു ലഭിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഒറ്റ രജിസ്‌ട്രേഷന്‍ സമ്പ്രദായത്തിലൂടെ അഗ്രികാര്‍ഡുകള്‍ നല്കുക.

ഈ മെമ്മോറാണ്ടത്തോടൊപ്പം വിതരണം ചെയ്ത ഒരു കുറിപ്പില്‍ കോണ്‍ഗ്രസി
ന്റെ അമിത ഇറക്കുമതി നയംമൂലം രണ്ടു വര്‍ഷമായി കേരളത്തിന് നഷ്ടമായത് 40000 കോടി രൂപയായിരുന്നു എന്നും റബ്ബര്‍ കര്‍ഷകരുടെ നഷ്ടത്തിന്റെ നേട്ടം വ്യവസായികളും അവരുടെ വീതം പറ്റുന്ന രാഷ്ടീയക്കാരും പങ്കിട്ടെടുക്കുകയാണുണ്ടായതെന്നും ഡല്‍ഹിയിലെ AAP സര്‍ക്കാരും മൂന്നാറിലെ പെമ്പിളൈ ഒരുമൈയും കേരളത്തിലെ കര്‍ഷകരെ പ്രചോദിപ്പിക്കണമെന്നും കര്‍ഷകവേദി ഓര്‍മിപ്പിച്ചിട്ടുണ്ട്. 
 

ശ്രീ ജോസ് അഗസ്റ്റിന്‍ പുത്തേട്ടിന്റെ നേതൃത്വത്തില്‍ പ്രായോഗികബുദ്ധിയോടെ കര്‍ഷകവേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

10-ാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്


ഇന്ത്യാ സിറ്റിസെന്‍സ് ഫോറത്തിന്‍റെ പ്രതികരണ കുറിപ്പുകള്‍
(Comments by India Citizen's Forum, Pala)


10-ാം സംസ്ഥാന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്  14-07-2015 ചൊവ്വാഴ്ചത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം 8,500 രൂപയില്‍നിന്ന് 17,000 രൂപയായി വര്‍ദ്ധിക്കുന്നു.

1958 ഏപ്രിലില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വേതന സ്‌കെയില്‍ 30-01-40 രൂപയായിരുന്നു. പുതിയ നിരക്കില്‍ ഏറ്റവും കുറഞ്ഞ സ്‌കെയില്‍ 17,000 - 500 - 20,000 550 - 22, 200 - 600 - 25, 200 - 650 - 27,80  - 700 - 29,900 - 800 - 33, 900 - 900 - 35700. അന്ന് വാര്‍ഷിക ഇന്‍ക്രിമെന്റ് 1 രൂപാ. ഇന്ന് തുടക്കത്തില്‍ 500 രൂപാ. അവസാനം 900 രൂപാ. കുറഞ്ഞ അടിസ്ഥാനശമ്പളത്തിന്റെ തുടക്കം അന്ന് 30 രൂപാ. ഇന്ന് 17,000 രൂപാ. അതായത് 567 മടങ്ങുവര്‍ദ്ധന.
ഡി.എ, വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, സൗജന്യരോഗ ചികിത്സ, കുട്ടികള്‍ക്കു വിദ്യാഭ്യാസാനുകൂല്യങ്ങള്‍, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍, ആശ്രിത നിയമനം, ബോണസ്, വിരമിച്ചു കഴിഞ്ഞാല്‍ ആയുഷ്‌കാല പെന്‍ഷന്‍, മരണശേഷം ആശ്രിതര്‍ക്കു കുടുംബ പെന്‍ഷന്‍ തുടങ്ങി നിരവധി മറ്റാനുകൂല്യങ്ങള്‍.

ചുരുക്കത്തില്‍, മാസശമ്പളമൊന്നുമില്ലാത്ത സാധാരണ പൗരന്റെ വരുമാനത്തിന്റെ 5-6 ഇരട്ടി വരുമാനവുമായിട്ടാണ് സര്‍വ്വീസ് ആരംഭിക്കുന്നതുതന്നെ.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണം കടുത്ത അനീതിയും വിവേചനവുമാണെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, ഈ സംസ്ഥാനത്ത് ജോലിയേയും വേതനത്തേയും ട്രാന്‍സ്ഫറിനേയും സംബന്ധിക്കുന്ന കാര്യങ്ങള്‍ നിശ്ചയിക്കുന്നതു യൂണിയനുകളായതുകൊണ്ട് ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചു നടപ്പാക്കാന്‍ ഗവണ്‍മെന്റു നിര്‍ബന്ധിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും വര്‍ദ്ധിപ്പിക്കുമോ എന്നേ സംശയിക്കേണ്ടതുള്ളൂ. എങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

1. സ്വതന്ത്ര ഏജന്‍സി
ശമ്പളകമ്മീഷന്റെ ശുപാര്‍ശമൂലം പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്പത്തികലാഭം ലഭിക്കുന്ന വ്യക്തിയോ, വ്യക്തികളോ, രാഷ്ട്രീയക്കാരോ അവരുടെ ഏജന്റുമാരോ കമ്മീഷന്റെ തലവനോ അംഗമോ ആയി നിയമിക്കപ്പെടരുത്. കാരണം ഇതു കമ്മീഷന്റെ നിഗമനങ്ങളുടെയും ശുപാര്‍ശകളുടെയും വിശ്വാസ്യതയ്ക്കു കോട്ടം വരുത്തും. അങ്ങനെ വന്നാല്‍ കമ്മീഷനും ഗുണഭോക്താവിന്റെ സ്ഥാനത്തു വരികയാണ്. അതുകൊണ്ട് ആരോടും പ്രത്യേക വിധേയത്വമൊന്നും ഇല്ലാത്ത ഒരു സ്വതന്ത്ര ഏജന്‍സിയായിരിക്കണം കമ്മീഷനായി നിയമിക്കപ്പെടേണ്ടത്.

2. ശമ്പളസ്‌കെയിലുകളും പ്രതിശീര്‍ഷ വരുമാനവും
കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 80 ലക്ഷം എന്നാണു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങി ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഏതാണ്ടു 10 ലക്ഷം വരും. ഈ പത്തുലക്ഷം കുടുംബങ്ങളുടെ കുറഞ്ഞ വരുമാനം സര്‍ക്കാര്‍ ശമ്പളം പറ്റാത്ത ശരാശരി കുടുംബത്തിന്റെ വരുമാനത്തിന്റെ 5-6 ഇരട്ടിയെങ്കിലും വരും. ഈ അനുപാതം രണ്ടിരട്ടിയില്‍ കൂടുന്നത് സമൂഹത്തില്‍ കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കും. കേരളത്തില്‍ ഈ സ്ഥിതി വന്നു കഴിഞ്ഞിട്ട് കൊല്ലങ്ങള്‍ ഏറെയായി. ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണെങ്കില്‍ അസന്തുലിതാവസ്ഥ കൂടുതല്‍ വര്‍ദ്ധിക്കുന്നു.

3. റവന്യൂ വരുമാനവും ശമ്പള ബില്ലും
സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാന്‍വേണ്ടി ചിലവഴിക്കപ്പെടുന്നു എന്നാണു കണക്ക്. ഈ ചെലവ് റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തിലധികമായാല്‍ വികസനോന്മുഖമാകേണ്ട സമ്പദ്‌വ്യവസ്ഥതന്നെ തകിടം മറിക്കപ്പെടുമെന്നതാണ് വസ്തുത. ഇനിയും ശമ്പള വര്‍ദ്ധനവു നല്‍കിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ വരുമാനവും ഉപയോഗപ്പെടുത്തിയാലും ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ വരും. കെ.എസ്.ആര്‍.ടി.സി. സാമ്പത്തിക ബുദ്ധിമുട്ടുതന്നെ ഉദാഹരണം. കെ.എസ്.ആര്‍.ടി.സി-യുടെ കടം 3,200 കോടി കവിഞ്ഞു എന്ന് 13-07-2015-ലെ ഒരു പത്രറിപ്പോര്‍ട്ടു കണ്ടു. സംസ്ഥാനത്തെ യാത്രാവശ്യത്തിന്റെ 20 ശതമാനം മാത്രം നിറവേറ്റുന്ന കെ.എസ്.ആര്‍.ടി.സി-യുടെ പ്രതിമാസ നഷ്ടം 100 കോടി രൂപാ വരുമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ യാത്രാ ആവശ്യം നിറവേറ്റുന്ന പ്രൈവറ്റ് ബസ് കമ്പനികളെല്ലാം ലാഭത്തില്‍ സര്‍വ്വീസ് നടത്തുന്നു. മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സര്‍വീസുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി-യില്‍ 1/3 ജീവനക്കാര്‍ അധികം. വേതനനിരക്കും കൂടുതല്‍. നഷ്ടത്തിന്റെ കാരണവും ഇതുതന്നെ.

4. ഡി.എ. സിസ്റ്റം നിര്‍ത്തലാക്കണം
സാധനങ്ങളുടെ വിലക്കയറ്റം മൂലം ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ഡി.എ. വര്‍ദ്ധനവു നല്‍കുന്നത് ശമ്പളവര്‍ദ്ധനവ് അനിയന്ത്രിതമായി പോകാനൊരു കാരണമാണ്. പുതിയ ശമ്പള സ്‌കെയില്‍ നിലവില്‍ വന്നു കഴിയുമ്പോഴുള്ള വര്‍ദ്ധനകൊണ്ട് അധികജീവിതച്ചെലവ് അഡ്ജസ്റ്റു ചെയ്യാവുന്നതേയുള്ളൂ. തന്നെയുമല്ല, സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളില്‍ 10 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമാണ് ഡി.എ. ആനുകൂല്യം ലഭിക്കുന്നത്. ഇതു സാമാന്യനീതിക്കു നിരക്കാത്ത വിവേചനവുമാണ്. അതുകൊണ്ട് ഡി.എ. സിസ്റ്റം നിര്‍ത്തലാക്കുകയാണു വേണ്ടത്.

5. അക്കൗണ്ടബിലിറ്റി
അക്കൗണ്ടബിലിറ്റി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കണം. ആരോടും ഒരു ബാധ്യതയുമില്ലാതെ ശമ്പളം കൈപ്പറ്റുന്ന അവസ്ഥ മിക്ക ഓഫീസുകളിലും കാണാറുണ്ട്.
6. സമരംകൊണ്ടുള്ള നാശനഷ്ടങ്ങള്‍
സമരങ്ങള്‍കൊണ്ട് ഓഫീസിനും വസ്തുവകകള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സമരം നടത്തുന്നവരില്‍നിന്നും അതിനു പ്രേരണ നല്‍കുന്നവരില്‍നിന്നും ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കണം.

7. ജീവനക്കാരെ കുറയ്ക്കല്‍
കമ്പ്യൂട്ടറൈസേഷനും യന്ത്രവല്‍ക്കരണവും എല്ലാ മേഖലകളിലും വ്യാപകമാവുകയാണ്. അതുകൊണ്ട് ജീവനക്കാരുടെ സംഖ്യ കുറയ്ക്കാന്‍ നടപടി ഉണ്ടാകണം. പല വകുപ്പുകളിലും പുതിയ നിയമനങ്ങളേ ആവശ്യമില്ലാത്ത അവസ്ഥയുണ്ട്.

8. പെന്‍ഷന്‍
a.            പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍നിന്ന് യാതൊരു കാരണവശാലും പിന്‍വാങ്ങാന്‍ പാടില്ല. ഇന്ത്യയില്‍ ഇതു നടപ്പാക്കാത്തത് കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
b.            പരമാവധി പെന്‍ഷന്‍ 30,000 രൂപാ എന്നു നിജപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഒരു വ്യക്തിക്ക് രണ്ടു പെന്‍ഷനു അര്‍ഹതയുണ്ടെങ്കില്‍ ഉയര്‍ന്ന പെന്‍ഷന്‍ മാത്രം നിലനിര്‍ത്തുക.
9. പുതിയ ആനുകൂല്യങ്ങള്‍/ശമ്പള പരിഷ്‌കാരം
നിലവിലുള്ള അനിയന്ത്രിതമായ ഡി.എ. വര്‍ദ്ധനവ് ഉള്ളിടത്തോളംകാലം പുതിയ ആനുകൂല്യങ്ങള്‍ അപ്രസക്തമാണ്.
സാധാരണ പൗരന്റെ പ്രതിശീര്‍ഷവരുമാനം സര്‍ക്കാര്‍ ജീവനക്കാരന്റെ കുറഞ്ഞ വേതനത്തിന്റെ പകുതിയെങ്കിലുമാകുന്നതുവരെ ശമ്പളപരിഷ്‌കരണം നിര്‍ത്തിവയ്ക്കണം.

10. പെന്‍ഷനില്ലാത്തവര്‍ക്കു പെന്‍ഷന്‍
എ.പി.എല്‍. വിഭാഗത്തിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് (ഏകദേശം 60 ലക്ഷം) പ്രത്യേകിച്ച്, കര്‍ഷകര്‍ക്ക്, പറയത്തക്ക ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാരില്‍നിന്നു ലഭിക്കുന്നില്ല. എന്നാല്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനസമൂഹത്തെ തീറ്റിപ്പോറ്റുന്നവരാണു താനും. അതുകൊണ്ട് സര്‍ക്കാര്‍ വേതനം പറ്റുന്നവര്‍, അവര്‍ക്കു വന്‍ വര്‍ദ്ധന ലഭിക്കുന്ന മുറയ്ക്ക് അവരുടെ വരുമാനത്തിന്റെ ഒരു ചെറിയ അംശം ഇടത്തരക്കാര്‍ക്കായി നീക്കിവയ്ക്കുന്നത് ഒരു കടമയായി കരുതാനുള്ള ഔദാര്യം കാണിച്ചാല്‍ ഇപ്പോള്‍ പെന്‍ഷനില്ലാത്തവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള ഒരു പദ്ധതിക്കു രൂപം നല്‍കാന്‍ കഴിയും. സര്‍ക്കാര്‍ വേതനം വാങ്ങുന്നവര്‍ തങ്ങളുടെ വരുമാനത്തിന്റെ 5 ശതമാനം ഇപ്രകാരം മാറ്റിവച്ചാല്‍ ഒരു വര്‍ഷംകൊണ്ട് 1500 കോടി രൂപയോളം സമാഹരിക്കപ്പെടും. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ബിസിനസ്സുകാരും സമ്പന്ന കര്‍ഷകരുംകൂടി സഹകരിച്ചാല്‍ 500 കോടിരൂപ സമാഹരിയ്ക്കാം. രണ്ടുംകൂടി 2,000 കോടി രൂപാ. സര്‍ക്കാര്‍ ഒരു 4,000 കോടിരൂപ വകയിരുത്തിയാല്‍ ആകെ 6,000 കോടിരൂപാ. ഇടത്തരം കുടുംബത്തിന് 10,000 രൂപയുടെ ചെറിയ വാര്‍ഷിക പെന്‍ഷന്‍ എങ്കിലും നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്താം.
സര്‍ക്കാര്‍ കണക്കനുസരിച്ച്  സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുംകൂടി ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ വരും. ഇവര്‍ക്കുവേണ്ടി 2011-12-ല്‍ ചെലവഴിച്ചത്. 23,536 കോടി രൂപയാണ്. അതായത് പ്രസ്തുത ആണ്ടിലെ റവന്യൂ വരുമാനമായ 29,197 രൂപയുടെ 80 ശതമാനം ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും 10 ലക്ഷം കുടുംബങ്ങള്‍ക്കുവേണ്ടി 23,536 കോടിരൂപാ ചെലവാകുന്ന ഗവണ്‍മെന്റ് 60 ലക്ഷത്തോളം വരുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് 4,000 കോടിരൂപാ വകയിരുത്താന്‍ മടിയ്ക്കാന്‍ പാടില്ല. ഇതുവരെ നിഷേധിക്കപ്പെട്ട നീതി എളിയ തോതിലെങ്കിലും നിറവേറ്റിക്കൊടുക്കാനുള്ള ശ്രമം എന്നു കരുതിയാല്‍ മതി. ഈ തുക റവന്യൂ വരുമാനത്തിന്റെ 15%-ല്‍ താഴെയേ വരികയുള്ളൂ എന്നതും ഓര്‍മ്മയില്‍ വയ്ക്കാം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് 23,536 രൂപാ ചെലവിടുന്ന സര്‍ക്കാര്‍ 80 ശതമാനം വരുന്ന സാധാരണക്കാര്‍ക്കായി 4,000 കോടിരൂപാ വകയിരുത്തണമെന്ന ആവശ്യം വെറും ന്യായംമാത്രം.

വാല്‍ക്കഷണം
മുന്‍ സുപ്രീംകോടതി ജഡ്ജി അശോക് കുമാര്‍ മാത്തൂര്‍ അദ്ധ്യക്ഷനായ നാലംഗ 7-ാം കേന്ദ്ര ശമ്പള കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കപ്പെട്ട നിര്‍ദ്ദേശം:
''രാജ്യത്തെ സാധാരണ പൗരന്റെ വരുമാനവുമായി ബന്ധപ്പെടുത്തി വേണം ഗവണ്‍മെന്‍രു ജീവനക്കാരന്റെ ശമ്പളം നിശ്ചയിക്കേണ്ടത്. ലോകബാങ്കിന്റെ സര്‍വ്വേ അനുസരിച്ച് ബ്രിട്ടണിലെ ഗവണ്‍മെന്റു ജീവനക്കാരന്റെ വേതനം 1995-2000 കാലഘട്ടത്തില്‍ ബ്രിട്ടീഷു പൗരന്റെ ശരാശരി വരുമാനത്തിന്റെ 1.4 ഇരട്ടിയായിരുന്നു. ഈ അനുപാതം ഇന്‍ഡോനേഷ്യയില്‍ 1.00, ചൈനയില്‍ 1.2, യു.എസ്സില്‍ 1.4, തെക്കന്‍ കൊറിയയില്‍ 1.5 എന്ന കണക്കിലായിരുന്നു. ഇന്ത്യയില്‍ ആ അനുപാതം 4.8 ആയിരുന്നു.

5-ാം ധനകാര്യകമ്മീഷന്‍ 10 കൊല്ലംകൊണ്ട് ജീവനക്കാരുടെ സംഖ്യ 30% കുറവുചെയ്യണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല (Times of India dated 09/07/2015).