2010, ഏപ്രിൽ 13, ചൊവ്വാഴ്ച

നവമുഖന്‍ - ജോസാന്റണീയം


free hit counter
free hit counter

നിത്യചൈതന്യയതി തന്നത്
നിത്യചൈതന്യയതി 1971 മുതല് 1980 വരെ സ്റ്റാന്ഫോര്ഡ്, പോര്ട്ട്ലാന്ഡ്, ഹവായ് മുതലായ അമേരിക്കന് യൂണിവേഴ്സിറ്റികളില് വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. അവിടങ്ങളിലെ അനുഭവങ്ങളാണ് 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' (Self-realization through handloom) എന്ന പഠനപരിപാടി ആവിഷ്കരിക്കാന് 1982-ല് അദ്ദേഹത്തിന് പ്രചോദകമായത്. അമേരിക്കയില് ഗുരുവിനെയും ഗുരുവിന്റെ 'ഈസ്റ്റ്വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് യൂണിറ്റീവ് സയന്സ്' എന്ന പ്രസ്ഥാനത്തെയും അവിടത്തെ യൂണിവേഴ്സിറ്റികള് അംഗീകരിക്കുകയും അദ്ദേഹം നയിച്ചിരുന്ന പഠനപരിപാടികള് വിദ്യാര്ഥികള്ക്ക് (ആവശ്യമെങ്കില്) ബിരുദപഠനത്തിന്റെ ഭാഗമാക്കാന് സാധിക്കുന്ന വിധത്തില് 'ക്രെഡിറ്റ്' നല്കുകയും ചെയ്തിരുന്നു. ഒരര്ഥത്തില് ഗുരുവിന്റെ സവിശേഷവും സമന്വയസ്വഭാവമുള്ളതുമായ കോഴ്സുകള് നടത്താന് അവസരം നല്കുന്നതിലൂടെ ആ സര്വകലാശാലകള് സ്വയം 'ക്രെഡിറ്റ്' നേടുകയായിരുന്നു.
എന്നാല്, ഇന്ത്യയില് ഗുരു ഏര്പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന് യാതൊരു വിധത്തിലും ഉള്ക്കൊള്ളാന് കഴിഞ്ഞില്ല. അതില് ആദ്യന്തം പങ്കെടുക്കാന് ഭാഗ്യം കിട്ടിയ അപൂര്വം പേരില് ഒരാളാണു ഞാന്. എന്റെ അനുഭവങ്ങള് പങ്കുവയ്ക്കുന്നത് കാലത്തിനു മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള് (രണ്ടു വ്യാഴവട്ടം കഴിഞ്ഞപ്പോള്) വളരെ പ്രസക്തിയും ആവിഷ്കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.
'ഈസ്റ്റ്് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് യൂണിറ്റീവ് സയന്സ്' മറ്റു യൂണിവേഴ്സിറ്റികളെപ്പോലെ 'യൂണിവേഴ്സിറ്റി-ഇന്-ഫിറ്റ്' (university- in-fit) അല്ലെന്നും 'യൂണിവേഴ്സിറ്റി-ഔട്ട്- ഫിറ്റ്' (university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ് ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്സിറ്റികളും ലോകത്തെ പലതായി കാണാന് പഠിപ്പിക്കുന്ന മള്ട്ടി-വേഴ്സിറ്റികള് (multi-versities) ആയിരിക്കുമ്പോള് ഈ യൂണിവേഴ്സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു ചേര്ത്തിണക്കി ഒന്നായി കാണാന് പഠിപ്പിക്കുന്ന യഥാര്ഥ യൂണി-വേഴ്സിറ്റി(uni-versity) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള് നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള് നിങ്ങള്ക്ക് കൈത്തറിയില് താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും നിങ്ങള്ക്ക് ഈ സെമണ്സ്റ്ററില് പങ്കെടുക്കാം.'' എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രചാരണത്തിലും സാമൂഹിക പരിഷ്കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്ന്ന(ഞാന് വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി കുറിക്കുംപ്രകാരമായിരുന്നു:
''നിങ്ങളോട് കൈത്തറിനെയ്ത്ത് പഠിക്കാന് ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്ക്ക് സാമൂഹിക സാമ്പത്തിക പരിഷ്കരണങ്ങളിലാണ് താത്പര്യമെങ്കില് കൈത്തറിത്തൊഴിലാളികളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല് നിങ്ങള് പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം യാന്ത്രികമല്ല. സര്ഗശക്തിയുടെ പ്രയോഗത്തിന് അതില് ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല് അളവില് ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല് സര്ഗശേഷിക്ക് അവിടെ ഇടമില്ലാതെ പോകും. സര്ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ പരിഷ്കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില് താത്പര്യമുള്ളവര്ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള് കൂടുതല് മനോഹരമാക്കാന് എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്ക്കു പഠിക്കാം. നിങ്ങള് ഒരു എഴുത്തുകാരനാണെങ്കില് ഈ മേഖലയില് തൊഴില്ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്ഗമേഖലയുടെ വ്യാപ്തി വര്ധിപ്പിക്കാം. വാണിജ്യതന്ത്രത്തില് തത്പരരായവര് കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില് തത്പരരായവര് ഇന്ത്യയിലെ വ്യവസായ മേഖലയില് കൈത്തറിയുടെ പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല് പ്രാമുഖ്യം നല്കിയാല് തൊഴിലവസരങ്ങള് എത്രമാത്രം വര്ധിപ്പിക്കാനാവുമെന്നും പഠിച്ചാല് അത് നാടിനും കൈത്തറിത്തൊഴിലാളികള്ക്കും പ്രയോജനം ചെയ്തേക്കും. ഇനിയും നിങ്ങള്ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കില്പ്പോലും മഹാത്മാഗാന്ധി'ഖാദി'യെ എന്നപോലെ നിങ്ങള്ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില് നിങ്ങള്ക്ക് താത്പര്യമുള്ള വിഷയം ഏതായാലും അതിനോടു ചേര്ത്തുവച്ച് നിങ്ങള്ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങള്ക്ക് ജന്മനാ ലഭ്യമായിട്ടുള്ള അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും. സര്വോപരി വൈവിധ്യത്തിലെ ഏകത്വം ദര്ശിക്കാനും വൈവിധ്യങ്ങള് ഏകത്വത്തിലാണ് എന്ന ഉള്ക്കാഴ്ചയോടെ ലോകത്തെ യഥാര്ഥ യൂണി-വേഴ്സ് (uni-verse) ആയി അനുഭവിച്ചറിയാനും യഥാര്ഥ യൂണിവേഴ്സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്ട്ടി-വേഴ്സിറ്റി' യില്നിന്നും 'വിദ്യാഭാസ'ത്തില്നിന്നും വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്ക്കു ശേഷി ലഭിക്കും.
നിങ്ങളുടെ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന് ഒരു ചരടുമാത്രമാണ് ഈ പഠനപരിപാടിയില്, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ, സ്വധര്മത്തിന്റെ പാത കണ്ടെത്തിയാലേ ആര്ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ.അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്ഥ വിദ്യാഭ്യാസമാവൂ.''
ഈ ആഹ്വാനം ശ്രവിച്ച് ഈ പഠനപരിപാടിയില് ആദ്യന്തം പങ്കെടുത്തവരുടെ എണ്ണം വിരലിലെണ്ണാന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലെ സര്വകലാശാലകള്
സഹകരണമൊന്നും നല്കിയതുമില്ല. എങ്കിലും....

ഇന്നലെ
ഗുരു നിത്യചൈതന്യയതിയുടെ ഷഷ്ടിപൂര്‍ത്തിക്ക് ഞാനെഴുതി അദ്ദേഹത്തിന്റെയും തിരുവനന്തപുരത്തെ നിറഞ്ഞ സദസ്സിന്റെയും മുമ്പില്‍ അവതരിപ്പിച്ച ഒരു കവിത ഇവിടെ കൊടുക്കുന്നു.
പ്രായം
അറുപതായ് വയ,സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി,നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ്, സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ്
കൊരുത്ത ദൃക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സു നമ്മളെ ഭരിക്കയാലല്ലോ
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!
അറുപതു വര്‍ഷത്തെ തന്റെ ജീവിതം സമൂഹത്തിന് എന്തു നന്മചെയ്തു എന്നു നിഷ്പക്ഷമായി വിലയിരുത്താന്‍ ഒരു സെമിനാറും കവിതകള്‍ കവികളില്‍നിന്നുതന്നെ കേള്‍ക്കാന്‍ ഒരു കവിസദസ്സും വര്‍ക്കല ദളിതര്‍ താമസിക്കുന്ന കോളനിയിലെ പാവങ്ങളോടൊപ്പം പിറന്നാള്‍ദിനത്തിലെ തന്റെ ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കണമെന്നുള്ള മുന്നുപാധികളോടയാണ് അദ്ദേഹം ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് സമ്മതം മൂളിയത് എന്ന കാര്യം ഇവിടെ പ്രത്യേകം അനുസ്മരിക്കേണ്ടതുണ്ട് . ഈ കവിത ഞാന്‍ ചൊല്ലാന്‍തുടങ്ങുമ്പോഴായിരുന്നു,സമയനിഷ്ഠപാലിക്കാതെ, വിശിഷ്ടാതിഥിയായ മുഖ്യമന്ത്രിയെത്തിയത്. മുഖ്യമന്ത്രിക്ക് വല്ലതും പറയാനുണ്ടെങ്കില്‍, കവിതകള്‍ കവികളില്‍നിന്നുതന്നെ കേള്‍ക്കാനുള്ള ഈ അവസരം കഴിഞ്ഞു മതി എന്നു ഗുരു പറഞ്ഞു. മന്ത്രിവര്യന്‍ ഒന്നും പറയാതെ മടങ്ങി. തനിക്ക് അറുപതുവയസ്സായത് തന്റെ യാതൊരു മഹത്വവുംകൊണ്ടല്ല എന്നും ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുതുപുത്തന്‍ കണ്ടെത്തലുകള്‍പോലും എത്രയോ പേരുടെ കണ്ടെത്തലുകളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതാണെന്നും അനുസ്മരിപ്പിക്കുന്ന, ഗുരുവുമായുള്ള ഒരഭിമുഖം അന്ന് കേരളകൗമുദി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. (ആ അഭിമുഖം കൈവശമുള്ളവര്‍ ഒരു കോപ്പി അയച്ചുതരാനപേക്ഷ.)

ഇന്ന്

റിച്ചാര്‍ഡ് സ്റ്റാള്‍മാനെപ്പോലെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വക്താക്കളുടെ ചിന്താധാരയുടെ ഉറവിടം പോലെയാണ് ഞാന്‍ ആ അഭിമുഖത്തെ കാണുന്നത്. അതിന്റെ സ്വാധീനത്തോടെ ഞാനെഴുതിയിട്ടുള്ള ഒരു കവിത ഇവിടെ പകര്‍ത്തുന്നു:
ആരു ഞാനെന്റെ സ്വന്തമല്ലെന്റെയീ
പേരുപോലു,മറിഞ്ഞിടാന്‍കിട്ടിയോ-
രിന്ദ്രിയങ്ങള്‍ക്കുമുണ്ടിങ്ങമീബതന്‍
ഇന്ദ്രിയേതര സംവേദമാതൃകം!
നിസ്വനാണു ഞാന്‍, സ്വന്തമായെന്തെനി-
ക്കസ്വതന്ത്രതയെന്നിയേ, സര്‍വതും
-എന്റെ ബുദ്ധിയും ശക്തിയും യുക്തിയും
നിന്റെ ദാനങ്ങല്‍ മാത്രമെന്നോര്‍ക്കവെ,
എന്റെയാശകള്‍, ആശയധാരകള്‍
നിന്റെ വര്‍ണങ്ങള്‍ ചേര്‍ന്നതെന്നോര്‍ക്കവെ
എന്റെ കണ്ടെത്തലൊക്കെ ധര്‍മാര്‍ഥമാം
നിന്റെയീടുവയ്‌പെന്നതുമോര്‍ക്കവെ
വിശ്വധര്‍മപ്രഭാവമേ ഞാനിതാ
വിശ്വസിക്കുന്നു നിന്നെ, യെന്നുള്ളിലായ്
നിത്യവും പ്രകാശം പരത്തീടുമെന്‍
സത്യമേ, നിന്റെ ഭാവപ്രഭാവമായ്
വന്നുചേര്‍ന്നിടാന്‍ ഭാഗ്യം ലഭിച്ച ഞാന്‍
ഇന്നഹന്തയും ഡംഭും വെടി,ഞ്ഞിതാ!
ഗുരു നിത്യചൈതന്യയതി സമാധിയായിട്ട് പതിനൊന്നു വര്‍ഷം തികയുകയാണ്. രണ്ടു വ്യാഴവട്ടം മുമ്പ് അദ്ദേഹം പറഞ്ഞു: ഞാന്‍ പറയുന്നത് അതേ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറ ഉണ്ടാകാന്‍ അമ്പതുകൊല്ലമെങ്കിലും കഴിയണം. അതായത് ഇനിയും രണ്ടു വ്യാഴവട്ടംകൂടി കഴിയണമെന്ന്. ഇപ്പോള്‍ പത്തിനും ഇരുപതിനും മധ്യേ പ്രായമുള്ളവരില്‍ എത്രപേര്‍ക്ക് ഗുരുവിനെ അറിയാം? ഏതാനും മലയാളം പാഠപ്പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ളതുകൊണ്ട് മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഏതാനും കുട്ടികള്‍ക്കറിയാം. അദ്ദേഹം എഴുതിയ ഭഗവത്ഗീതാസ്വാധ്യായവും ബൃഹദാരണ്യകോപനിഷത്തും പോലെയുള്ള ബൃഹദ്ഗ്രന്ഥങ്ങള്‍ കുറെയേറെ പുസ്തക അലമാരികളില്‍ ഉണ്ടാവും. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹവുമായി നേരിട്ടും ഇപ്പോള്‍ നാരായണഗുരുകുലവുമായും ബന്ധം പുലര്‍ത്തുന്നവര്‍ ഇന്നും അദ്ദേഹമെഴുതിയത് തേടിപ്പിടിച്ച് വായിക്കാറുണ്ടെന്നതും ഒരു സത്യമാണ്.

നാളെ
എന്നാല്‍ ഗുരു എഴുതിയത് താനുദ്ദേശിച്ച അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറ ജന്മം കൊള്ളുമ്പോള്‍ അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള ഒരു മനോഭാവവും സാഹചര്യവും ആയിരിക്കുമോ അവര്‍ക്ക് ഉണ്ടാകുക?
ഇവിടെയാണ് ഇനി വായന ഇ-വായന എന്നറിഞ്ഞ് അദ്ദേഹത്തിന്റെ കൃതികള്‍ മള്‍ട്ടിമീഡിയാസംവിധാനവുംകൂടി ഉപയോഗിച്ച് ഇ-വായനക്കിണങ്ങുംവിധം പുനഃപ്രസിദ്ധീകരിക്കേണ്ടതിന്റെ പ്രസക്തി. ഉദാഹരണത്തിന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്തഎന്റെ സിഫണി ഓഫ് വാല്യൂസ് എന്ന ഇംഗ്ലീഷ് പുസ്തകവും മൂല്യങ്ങളുടെ സംഘനൃത്തം എന്ന മലയാളപുസ്തകവും എടുക്കുക. അവ ഞാന്‍ ആത്മാവിനോട് രഹസ്യമായി മന്ത്രിക്കുന്ന പ്രേമസല്ലാപങ്ങളാണ്. അതില്‍ ആരേയും സഹകരിപ്പിക്കുവാന്‍ ഉദ്ദേശമില്ല എന്ന് അദ്ദേഹം എനിക്കെഴുതിയിട്ടുണ്ടെങ്കിലും ആ പുസ്തകം മള്‍ട്ടിമീഡിയാസംവിധാനവുംകൂടി ഉപയോഗിച്ച്,ചിത്രങ്ങളുടെ സ്ഥാനത്ത് പവര്‍പോയിന്റ് പ്രസന്റേഷനുകളും ഓഡിയോ-വീഡിയോക്ലിപ്പുകളും ഒക്കെ ഉള്‍പ്പെടുത്തി ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിച്ചാല്‍ അദ്ദേഹം സന്തോഷിക്കുകയേയുള്ളു എന്നാണ് ഞാന്‍ കരുതുന്നത്. ഈ സാധ്യത അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്നും ഞാന്‍ കരുതുന്നു. അതിനാലാണ് ആല്‍വിന്‍ ടോഫ്‌ളറെഴുതിയ മൂന്നാം തരംഗത്തിന്റെ പ്രസക്തി എണ്‍പതുകളില്‍ത്തന്നെ എനിക്ക് പറഞ്ഞുതന്നിരുന്നതും എന്നെ ഒരു പ്രസാധകനാക്കാന്‍ ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തിയതും (തെളിവ് അദ്ദേഹം എനിക്കയച്ച കത്തുകളിലുണ്ട്. അവ എന്റെ അനുഭവങ്ങളോടു ചേര്‍ത്തുവച്ച് ഇന്റര്‍നെറ്റിലൂടെതന്നെ പ്രസിദ്ധീകരിക്കുന്നതാണ്) എന്ന് ഞാന്‍ കരുതുന്നു. 1982 മുതല്‍ 1984 വരെയും 1987 ല്‍ മൂന്നു മാസവും മാത്രം അദ്ദേഹത്തോടൊപ്പം ജീവിച്ചിട്ടുള്ള, വെറുമൊരു digital immigrant മാത്രമായ ഞാനിപ്പോള്‍ ഇങ്ങനെ ഒരു ബ്ലോഗുമായി digital natives ആയ പുതിയ തലമുറയുടെ മുമ്പില്‍ അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനായി ഇവിടെയിരിക്കുന്നതും അദ്ദേഹമെഴുതിയ കത്തുകളും അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണങ്ങളും പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അദ്ദേഹത്തെപ്പറ്റി കൂടതലറിയാന്‍ താത്പര്യമുള്ളവര്‍ക്കുമായിnityachaithanyayatiandv.org എന്നൊരു വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത് അത് ഡിസൈന്‍ചെയ്തുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
തന്റെ മരണശേഷം താന്‍ തന്നെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തിലായിരിക്കും ജീവിക്കുക എന്ന് മരണാനന്തരജീവിതത്തെപ്പറ്റി ഗുരു പറഞ്ഞിരുന്നതും അദ്ദേഹത്തിന്റെ സമാധിക്കുശേഷം ഞാനൊരു നാലുവരിക്കവിത എഴുതിയതും, ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍, ഓര്‍മ്മവരുന്നു.
യതി നിയതിയോടെന്തു ചൊല്ലി,യീ മൃത്യുവി-
ന്നതിശയരഥത്തിലേറിഗ്ഗമിച്ചീടവെ?
മൃതിയിവിടെ വിസ്മൃതീഭാവമായീടുകി-
ല്ലതിനെതിരു നില്ക്കും സ്മൃതിക്കുള്ളിലാണു ഞാന്‍.
അദ്ദേഹത്തെ എന്നും അനേകര്‍ ഓര്‍മിക്കും എന്നു ഞാന്‍ കരുതുന്നത് അദ്ദേഹം അമൂര്‍ത്തമായ ഒരു സമൂഹത്തോടായിരുന്നില്ല, തന്റെ മുമ്പിലെത്തിയിരുന്ന വ്യക്തികളോടായിരുന്നു സംവേദിച്ചിരുന്നത് എന്നതിനാലാണ്. യഥാര്‍ഥത്തില്‍ കത്തുകളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ മാധ്യമം. ലേഖനങ്ങളും പുസ്തകങ്ങളും പോലും അദ്ദേഹത്തിന്റെ മുമ്പിലിരുന്നിരുന്നവരുടെ വ്യക്തിപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍കൂടി അടങ്ങുംവിധമായിരുന്നു രചിക്കപ്പെട്ടിരുന്നത്. ഒരു പോസ്റ്റുമാന്‍ പോസ്റ്റല്‍ഡിപ്പാര്‍ട്ടുമെന്റായിരിക്കുന്നതുപോലെ മാത്രമാണ് താന്‍ ഒരു ഗുരുവായിരിക്കുന്നത് എന്ന് അദ്ദേഹം തോമസ് പാലക്കീലുമായി നടത്തിയ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ആവശ്യക്കാര്‍ക്ക് സ്വയം കത്തെഴുതി കൊടുത്തിരുന്ന ഒരു പോസ്റ്റുമാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ യോഗപരിചയം’, ‘വേദാന്തപരിചയം എന്നീ കൃതികള്‍ എഴുതിത്തുടങ്ങിയത് ഒരു സംശയാത്മാവായി അദ്ദേഹത്തിന്റെ മുമ്പിലെത്തിയ എനിക്കുവേണ്ടിയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ എന്നെക്കാള്‍ ആ കൃതികളില്‍നിന്ന് പ്രയോജനം നേടിയിട്ടുള്ളവര്‍ ധാരാളമുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നിടത്ത് ഒരു യോഗരഹസ്യമുണ്ട്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന നടരാജഗുരു സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത ഗവേഷണത്തിന്റെ വിഷയം The Personal Factor in Education ആയിരുന്നു എന്നതും നിത്യചൈതന്യയതിയുടെ സമയത്തിന്റെ പകുതിയിലേറെയും ചെലവഴിച്ചിരുന്നത് കത്തുകളെഴുതാനായിരുന്നു എന്നതും ചേര്‍ത്തുവച്ചു ഗ്രഹിക്കേണ്ട കാര്യങ്ങളാണ്.
പൂര്‍ണമദഃ പൂര്‍ണമിദം
പൂര്‍ണാത് പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്‍ണമാദായ
പൂര്‍ണമേവാവശിഷ്യതേ എന്ന ഉപനിഷദ്മന്ത്രം എനിക്കു മനസ്സിലായത് യോഗപരിചയത്തിന്റെ ആമുഖത്തില്‍ കൊടുത്തിരിക്കുന്ന ഈ ഭാഗം എഴുതപ്പെട്ട ഒരു ക്ലാസ്സില്‍നിന്നാണ്: ഈ പ്രപഞ്ചം അതില്‍ത്തന്നെയിരിക്കുന്ന ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ രചനയാമെന്ന് പാശ്ചാത്യശാസ്ത്രജ്ഞന്മാര്‍ പറഞ്ഞുപോരുന്നുണ്ട്. ഈ ബ്രഹ്മാണ്ഡകടാഹം മുഴുവനുംകൂടി തലയോട്ടിയിലിരിക്കുന്നു എന്നല്ല അതിന്റെ അര്‍ഥം ഓരോ മനുഷ്യനും അനുഭവമാകുന്ന ലോകം,അവന്റെ ഇന്ദ്രിയങ്ങള്‍വഴി ലഭിച്ചിട്ടുള്ള ഉദ്ദീപനത്തിന്,അല്പമാത്രമായി അറിഞ്ഞുകൊണ്ടും,വളരെയേറെ അറിയാതെയും, താന്‍തന്നെ നല്കിപ്പോരുന്ന വ്യവസ്ഥാപിതമായ ഒരു വ്യാഖ്യാനമാണ് എന്നു മനസ്സിലാക്കണം. നമ്മുടെ ശരീരഘടനയുടെയും അതിനെ ചേതനയുള്ളതാക്കിവച്ചിരിക്കുന്ന ജീവന്റെയും സമാന സ്വഭാവത്താല്‍ ഒരാളുടെ അനുഭവത്തിന് വേറൊരാളുടെ അനുഭവത്തോടു വളരെയേറെ സമാന്തരതയുണ്ട്. ഇങ്ങനെ ഒരേസമയത്തുതന്നെ നാം ഈ മഹാ പ്രപഞ്ചത്തിലെ നിസ്സാരമായ ഒരു കൊച്ചുഘടകവും ഈലോകം നമ്മുടെ മേധയില്‍ പ്രസ്ഫുരിക്കുന്ന ഒരു ചിത്രദര്‍ശനവുമാണ്. ശരീരത്തോടുകൂടിയ നമുക്ക് മറ്റു ശരീരികളോടും ചുറ്റുപാടുകളില്‍നിന്നു വരുന്ന ഉത്തേജനങ്ങളോടും ഇണങ്ങിപ്പോകുവാന്‍ കഴിയുന്നിടത്ത് നമ്മുടെ ആദ്യത്തെ യോഗം ആരംഭിക്കുന്നു.
യുക്തിവാദിയോ ഭൗതികവാദിയോ ഒന്നുമായിരുന്നില്ലെങ്കിലും യോഗദര്‍ശനത്തിലൊന്നും ഒട്ടും തത്പരനല്ലാതിരുന്ന എന്നോട് നേരിട്ടു പറഞ്ഞാലേ ഇത് വ്യക്തമാകുമായിരുന്നുള്ളു. അതുകൊണ്ട്ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ ചങ്ങാതി എന്റെ മുന്നില്‍ വന്നിരിക്കണം. കടലാസുകള്‍ ഒരുകാലത്തും ആരുടെയും ചോദ്യത്തിന് മറുപടി കൊടുത്തിട്ടില്ലഎന്ന് ദീര്‍ഘമായ ഒരു കത്തിലൂടെ വ്യക്തമാക്കിക്കൊണ്ട് കൈത്തറിയിലൂടെ ആത്മസത്യദര്‍ശനംഎന്നു പേരിട്ട ഒരു പഠനപദ്ധതിയിലേക്ക് എന്നെ അദ്ദേഹം ക്ഷണിക്കുകയായിരുന്നു. വരുന്ന തലമുറയിലുള്ളവര്‍ക്കും എന്നെപ്പോലെ മുന്‍വിധികളുണ്ടാകാം. അവരെയും ഗുരുവിലേക്കു വഴികാട്ടുന്ന ഒരു ചൂണ്ടുപലകയാവുക എന്നത് എന്റെ നിയോഗമാണെന്നാണ് ഞാന്‍ കരുതുന്നത്.
ഗുരു എന്റെ ജീവിതദര്‍ശനത്തെയും കാവ്യജീവിതത്തെയും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.ക്രിസ്തു കുരിശില്‍ മരിച്ചതുകൊണ്ട് എന്റെ പാപങ്ങളില്‍നിന്നെല്ലാം ഞാന്‍ മോചിതനായി എന്നു വിശ്വസിക്കുന്നതല്ല, പിന്നെയോ, ‘ആകുലരാകാതെ, നമുക്കിവിടെ ജന്മംനല്കിയ നിയതിയില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ച്, പരസ്പരം ക്ഷമിച്ചും സ്‌നേഹിച്ചും ജീവിച്ചാല്‍ ഈ ലോകം സ്വര്‍ഗമാകും എന്ന യേശുവിന്റെ ഉദ്‌ബോധനത്തില്‍ വിശ്വസിക്കുന്നതാണ് യഥാര്‍ഥ ക്രിസ്തീയത എന്ന കാഴ്ചപ്പാട് എനിക്കദ്ദേഹം പകര്‍ന്നുതന്നതാണ്. എന്റെ കാവ്യജീവിതത്തെ അദ്ദേഹം സ്വാധീനിച്ചിട്ടുള്ളത് എന്റെ കവിതകളില്‍ പലതിനുമുള്ള ആത്മസംവാദസ്വഭാവമായാണ്. ഇതൊക്കെ വ്യക്തമാക്കുവാന്‍ എന്തേ ഇത്ര വൈകിയത് എന്ന ചോദ്യത്തിന് എന്റെ പ്രസാധനമാധ്യമം കണ്ടെത്താന്‍ ഇപ്പോഴാണ് എനിക്കു നിയോഗമുണ്ടായത് എന്നുമാത്രമല്ല,എന്റെ വിവരം ഇനിയും വിവേകപൂര്‍ണവും വിശിഷ്ടവുമായ വി-വരമായിട്ടുണ്ടോ എന്ന സംശയം എനിക്കിന്നുമുണ്ട് എന്നുകൂടിയാണ് എന്റെ മറുപടി.
വരും തലമുറ നിത്യചൈതന്യയതി ചൂണ്ടിക്കാട്ടിയിട്ടുള്ള വഴികളിലൂടെ പോകേണ്ടവരാണ്. അവര്‍ക്കു പരിചിതമായ, എന്നല്ല, അവര്‍ ആസ്വദിച്ചറിയുകയും പുനരാവിഷ്‌കരിക്കുകയും ചെയ്യുന്ന മള്‍ട്ടിമീഡിയയിലൂടെ ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെടുത്താന്‍ അല്പംകൂടി കാലതാമസം വരും. അതിനാല്‍ എന്റെ ബ്ലോഗുകളില്‍ ചിലത് അദ്ദേഹത്തിനായി മാറ്റിവയ്ക്കുന്നു.
എന്റെ ആദ്യ കവിതാസമാഹാരമായ ദര്‍ശനഗീതങ്ങള്‍ക്ക് അവതാരിക തന്നനുഗ്രഹിച്ച ഗുരുവിനുള്ള എന്റെ കാവ്യാഞ്ജലി http://manobhaavam.blogspot.com/എന്ന ബ്ലോഗിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ