2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ആഗോളസൗഹൃദത്തിന് അംഗീകാരം

ആഗോളസൗഹൃദത്തിന് അംഗീകാരം
എല്ലാ വര്‍ഷവും ഒക്ടോബര്‍ 24-ന് കൊച്ചിന്‍ റിഫൈനറീസ് സ്‌കൂളില്‍ ഐക്യരാഷ്ട്രദിനം ആചരിക്കാറുണ്ട്. ഈ വര്‍ഷവും പ്രിന്‍സിപ്പലും സ്റ്റാഫും വിദ്യാര്‍ഥികളും രക്ഷാകര്‍തൃസമിതിയും ഓഡിറ്റോറിയത്തില്‍ അതിനായി ഒത്തുചേര്‍ന്നു. അഞ്ജനാ രഘുനാഥിന് അവളുടെ ഇന്റര്‍നെറ്റിലൂടെയുള്ള മാതൃകാപരമായ പ്രവര്‍ത്തനത്തിന് HLW Skypers നല്കിയ സര്‍ട്ടിഫിക്കേറ്റ് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ രവീന്ദ്രന്‍ സമ്മാനിച്ച ദിവസം എന്ന നിലയില്‍ ഈ ദിവസം പ്രത്യേകം അവിസ്മരണീയമായി.
ആഗോളഅംഗീകാരം നേടാന്‍ കൊച്ചുകുട്ടികള്‍ക്കും സാധിക്കും എന്നതിന്റെ ഉത്തമോദാഹരണമായി അഞ്ജനയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ശ്രീ രവീന്ദ്രന്‍ അഞ്ജനയുടെ മാതൃക പിന്തുടരാനും വലിയ സ്വപ്‌നങ്ങള്‍ കാണാനും ലോകത്തിന് വലിയ സംഭാവനകള്‍ നല്കാനും പുതിയ തലമുറയെ ആഹ്വാനംചെയ്തു. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്ത അഞ്ജനയുടെ അമ്മയുടെ കണ്ണുകളില്‍ ആനന്ദബാഷ്പം തുളുമ്പി.
അഞ്ജനയുടെ സൗഹൃദവലയം ആഗോളമായി വികസിച്ചതിനെത്തുടര്‍ന്ന് കണക്കു രസകരമായി പഠിക്കാന്‍ താന്‍ പഠിച്ച വേദഗണിതത്തില്‍നിന്നും ജിയോജിബ്രായില്‍നിന്നുമുള്ള സൂത്രങ്ങള്‍ അന്യരാജ്യങ്ങളിലുള്ള കൂട്ടുകാര്‍ക്കും പഠിപ്പിച്ചുകൊടുക്കാനായി അഞ്ജന എന്നും അതിരാവിലെ തന്നെ ഉണര്‍ത്തണമെന്ന് അമ്മയോടു പറഞ്ഞിരുന്നതായും അമ്മ അങ്ങനെ ചെയ്യാറുണ്ടായിരുന്നതായും അറിയാന്‍ കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ