2017, മേയ് 2, ചൊവ്വാഴ്ച

ആത്മഭാവം: വര്‍ഗീസ് പോള്‍ - പ്രായോഗികമതിയായ ഒരാദര്‍ശവാദി

ആത്മഭാവം: വര്‍ഗീസ് പോള്‍ - പ്രായോഗികമതിയായ ഒരാദര്‍ശവാദി:


(2010-ൽ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നത് ഇത് കൂടുതൽ പേരിലേക്കെത്തിക്കാൻ എനിക്കിന്ന് ശേഷിയുള്ളതിനാലാണ്.)
പ്രായോഗികമതികളല്ലാത്തവരെ, ആദര്‍ശവാദികള്‍ മാത്രമായവരെ, മാതൃകയാക്കാന്‍ സാധാരണക്കാര്‍ക്കാവില്ല. ഒരു പ്രായോഗികമതിക്ക് ആദര്‍ശവാദിയുംകൂടിയാകാനാവുമോ? ഈ ചോദ്യത്തിന് ആവുമെന്നൊരു മറുപടി പറയുമ്പോള്‍ ന്യായമായും ആരും ചോദിക്കും: 'എന്നാല്‍, ഒരാളെയൊന്നു കാണിച്ചുതരാമോ?' കാണിച്ചതരാമല്ലൊ. ഇതാ കുഞ്ഞേട്ടന്‍ എന്നു വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്ന വര്‍ഗീസ് പോള്‍. ഇദ്ദേഹം സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സാമൂഹ്യസേവനം, ഗ്രാമീണാരോഗ്യപ്രവര്‍ത്തനം, ലൈംഗികവിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളുമുണ്ടായിരുന്ന, ഓള്‍ ഇന്ത്യാ കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ (AICUF) സംസ്ഥാന പ്രസിഡന്റായിരുന്ന, ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ADIC) തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (TSS), കളമശ്ശേരി രാജഗിരി കോളജ് (CHCRE) എന്നിവിടങ്ങളിലായി പത്തുവര്‍ഷം സേവനം ചെയ്തിരുന്ന ഒരുവനാണ്. ഇപ്പോള്‍ പത്തുവര്‍ഷത്തോളമായി അദ്ദേഹം സാമ്പത്തികസുസ്ഥിരത പ്രദാനം ചെയ്തിരുന്ന ജോലികള്‍ ഉപേക്ഷിച്ച് വിവിധ സ്ഥാപനങ്ങളില്‍ കണ്‍സള്‍ട്ടന്റ് ട്രെയിനറായും അക്ഷയ റിസോഴ്‌സ് ടീമിന്റെ ഡയറക്ടറായും അലഞ്ഞുനടന്ന് പ്രവര്‍ത്തിക്കുകയാണ്. സ്വന്തമായി ചാലക്കുടി റയില്‍വേസ്റ്റേഷനില്‍നിന്നു നോക്കിയാല്‍ കാണാവുന്ന ഒരു ബദല്‍ജീവിത പഠന പരിശീലന കേന്ദ്രവും CALL (Centre for Alternate Learning and Living) സ്ഥാപിച്ച് നടത്തിവരുന്നു. അദ്ദേഹവുമായി അടുത്തു പരിചയപ്പെടാനിടയായപ്പോള്‍ അനേകര്‍ അദ്ദേഹത്തെ അറിയുമെങ്കിലും അവരില്‍ മിക്കവര്‍ക്കും അദ്ദേഹത്തെ നയിക്കുന്ന ആന്തരികാദര്‍ശങ്ങളും സാമൂഹികജീവിത ദര്‍ശനവും അവയുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള ഉറ്റബന്ധവും അറിയില്ല എന്നെനിക്കു വ്യക്തമായി. അദ്ദേഹവുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒന്നു പകര്‍ത്തി സഹജീവികളെ അറിയിക്കേണ്ടതുണ്ടെന്നു തോന്നുന്നതിനാലാണ് ഈ കുറിപ്പ്.
ജീവചരിത്രഗ്രന്ഥങ്ങള്‍ തന്റെ ജീവിതത്തെ എത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു ബോധ്യംവന്ന സാഹചര്യത്തിലാണ്, സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും രസകരമായി വായിച്ച് പ്രചോദിതരാകാന്‍ സഹായകമാകുമാറ് കുറെ ജീവചരിത്രങ്ങള്‍ കുറഞ്ഞവിലയ്ക്കു വില്ക്കാനാവുന്ന വിധത്തില്‍ തയ്യാറാക്കാന്‍ ഒരു കൂട്ടായ സംരംഭം തുടങ്ങുന്നതിനെപ്പറ്റി വര്‍ഗീസ് പോള്‍ ആലോചിച്ചു തുടങ്ങുന്നത്. ആ ആലോചനകള്‍ക്കിടയ്ക്കാണ് ഞങ്ങള്‍ പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ ഇടയായത്.
ഗുരു നിത്യചൈതന്യയതിയോടൊപ്പം രണ്ടുവര്‍ഷം ജീവിക്കാന്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് ലോകത്തൊരിടത്തും ഇന്ന് ജീവിതമാതൃകകളില്ലാതായിരിക്കുന്നു എന്ന ധാരണ ശരിയല്ലെന്നെനിക്ക് ബോധ്യംവന്നിരുന്നു. ആത്മാനന്ദദായകമാണോ എന്ന മാനദണ്ഡത്തോടെ എല്ലാറ്റിലെയും നന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവ പ്രയോജനപ്പെടുത്തി ജീവിക്കാനുള്ള ബാലപാഠമേ നിത്യചൈതന്യയതിയില്‍നിന്ന് ഞാന്‍ പഠിച്ചുള്ളുവെങ്കിലും ബിരുദങ്ങള്‍ക്കപ്പുറത്തുള്ള ആജീവനാന്ത സംസ്‌കരണമാണ് വിദ്യാഭ്യാസമെന്ന ബോധ്യത്തോടെ, തിത്തിരിപ്പക്ഷിയിലും ഗുരുവിനെക്കാണാനുള്ള കണ്ണോടെയാണ് എന്റെ ജീവിതം. വ്യക്തിപരമായ ചില ദൗര്‍ബല്യങ്ങളുണ്ടാകാമെങ്കിലും സദ്ഗുണങ്ങള്‍ ധാരാളമുള്ള, മാതൃകയാക്കാവുന്ന, ഒത്തിരിയാളുകള്‍ നമ്മുടെ ചുറ്റുമുണ്ടെന്നും അവരുടെ സന്മാതൃക ആവുന്നത്ര സ്വാംശീകരിക്കുന്നതിലൂടെ ആത്മാനന്ദം കൂടുതല്‍ ഉദാത്തമാക്കാനാവുമെന്നും എനിക്കു നിത്യചൈതന്യ യതിയില്‍നിന്ന് ധാരണ ലഭിച്ചിരുന്നു.
നിരവധി ജീവചരിത്രഗ്രന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലുമേറെ സാധാരണക്കാരുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍പ്പോലും ഇപ്പോള്‍ ഇവിടെ ജീവിതവിജയം നേടി ജീവിക്കുന്ന ഒരാളുടെ ജീവിതവീക്ഷണവും വിജയവീഥിയുംചൂണ്ടിക്കാണിക്കുന്നതാവും പ്രയോജനപ്രദമെന്ന വിചാരത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്.


ജോസാന്റണി:
ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തിലെ, സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലികള്‍ ഉപേക്ഷിച്ച്, പുതിയ പുതിയ ജോലികളിലൂടെ സാമ്പത്തികമായി ഉയര്‍ന്നനിലയിലെത്തുന്ന, സുന്ദര്‍ എന്ന കഥാപാത്രത്തെയാണ് രാജഗിരി കോളജിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതിനുശേഷം അവിടെനിന്നു കിട്ടാമായിരുന്നതിന്റെ അനേകമടങ്ങു വരുമാനവും സ്വാതന്ത്ര്യവും നേടിയിട്ടുള്ള താങ്കളെ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്. രാജഗിരിയിലെ ജോലി ഉപേക്ഷിക്കുമ്പോള്‍, വ്യക്തിപരമായി ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഈ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്ന വിചാരമുണ്ടായിരുന്നോ?
വര്‍ഗീസ് പോള്‍:
ആനന്ദിന്റെ സുന്ദര്‍ എനിക്കൊരു മാതൃകയായിരുന്നില്ല. എങ്കിലും, ഉണ്ടായിരുന്ന ജോലി ഞാനന്ന് ഉപേക്ഷിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നെയായിരുന്നു. ഇപ്പോഴെനിക്കുള്ള സാമ്പത്തികവിജയവും അന്നേ ഞാന്‍ ലക്ഷ്യമിട്ടിരുന്നു. പണമുണ്ടാക്കുന്നതല്ല, അത് സ്വാര്‍ഥചിന്തയോടെ, പെട്ടിയില്‍ പൂട്ടി വയ്ക്കുന്നതും ആര്‍ഭാടങ്ങള്‍ക്കായി ചെലവഴിക്കുന്നതുമാണ് തെറ്റ് എന്നാണ് ഞാന്‍ കരുതുന്നത്. യാതൊരു ധാര്‍മിക മാനദണ്ഡത്തിന്റെയും അടിസ്ഥാനമില്ലാതെ തൊഴിലുകള്‍ക്ക് ഉച്ചനീചത്വം കല്പിച്ച് പണിയൊന്നും ചെയ്യാതെ വീട്ടില്‍ കുത്തിയിരിക്കുന്നതാണ് അതിനെക്കാള്‍ വലിയ തെറ്റ്.
ജോസാന്റണി:
സാമ്പത്തികവും സാമൂഹികവുമായ ഔന്നത്യങ്ങളിലുപരി ധാര്‍മികമായ എന്തോ ലക്ഷ്യങ്ങള്‍ താങ്കള്‍ക്ക് എന്നും പ്രചോദനം നല്കുന്നുണ്ടെന്നാണോ കരുതേണ്ടത്?
വര്‍ഗീസ് പോള്‍:
തീര്‍ച്ചയായും. അന്നും ഇന്നും എന്റെ ലക്ഷ്യം സാമ്പത്തിക നേട്ടങ്ങളല്ല. ഞാന്‍ യേശുക്രിസ്തുവിന്റെ വചനങ്ങളിലും ജീവിതമാതൃകയിലും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു ക്രിസ്ത്യാനിയാണ്.
ജോസാന്റണി:
സാമ്പത്തികനേട്ടങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ലാത്ത, യേശുക്രിസ്തുവിനെ പ്പോലെയുള്ള ഒരു മഹാത്മാവിനെ മാതൃകയാക്കിയാണ് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്നു പറയുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ദൈവപരിപാലനത്തിലൂന്നിയ സഹോദരസ്‌നേഹമായിരുന്നില്ലേ യേശുവിന്റെ ദര്‍ശനം?
വര്‍ഗീസ് പോള്‍:
എന്റെ ദര്‍ശനവും അതുതന്നെ. ദൈവപരിപാലനത്തിലുള്ള വിശ്വാസം തന്നെയായിരുന്നു രാജഗിരി കോളജിലെ ജോലി ഉപേക്ഷിക്കുമ്പോള്‍ എന്റെ ശക്തി. എന്റെ ആദ്യ ബിരുദാനന്തരബിരുദം സാമ്പത്തിക ശാസ്ത്രത്തിലായിരുന്നെങ്കിലും എനിക്ക് ഒട്ടുംതന്നെ താത്പര്യമില്ലാത്ത ഒരു വിഷയമായിരുന്നു, അത്. വിദ്യാഭ്യാസത്തിലും ഗ്രാമവികസനത്തിലുംകൂടി ബിരുദാനന്തര ബിരുദങ്ങള്‍ സമ്പാദിച്ചശേഷം സഹജീവികള്‍ക്കു സേവനംചെയ്യാന്‍ ലക്ഷ്യമിട്ട് ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ ആ തൊഴിലുകള്‍ എനിക്കു തന്നവര്‍ സാമൂഹ്യസേവനവും വിദ്യാഭ്യാസവുമൊക്കെ ധനസമ്പാദനത്തിനുള്ള ഉപാധികളാക്കിയിരിക്കുകയാണ് എന്നും ചൂഷിതരെ ചൂഷിതരായി തുടരാനാണ് പലരും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എനിക്കു വ്യക്തമായി. സമൂഹത്തില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന ആത്മഹത്യാപ്രവണതയെക്കുറിച്ചു സൂക്ഷ്മമായി പഠിച്ചപ്പോള്‍ അവയില്‍ ഭൂരിപക്ഷവും സാമ്പത്തികകാരണങ്ങളാലാണെന്നുകൂടി വ്യക്തമായി. അതോടെ സാമ്പത്തികസ്വയംപര്യാപ്തതയി ലേക്കു ദരിദ്രരെ നയിക്കുന്ന സംരംഭങ്ങളുടെ അനിവാര്യത എനിക്കു ബോധ്യമാവുകയായിരുന്നു.
ജോസാന്റണി:
കൂടുതല്‍ സാമ്പത്തികനേട്ടങ്ങള്‍ക്കുവേണ്ടിയാണ് രാജഗിരി കോളജില്‍നിന്നു രാജിവച്ചത് എന്നാണല്ലൊ ആദ്യം പറഞ്ഞത്.
വര്‍ഗീസ് പോള്‍:
സാമ്പത്തികവരുമാനം മാത്രമല്ല ഞാന്‍ ലക്ഷ്യംവച്ചിരുന്നത്. സാമ്പത്തികമായും അല്ലാതെയും സഹജീവികള്‍ക്ക് തുണയാകുവാന്‍ വരുമാനവും ആവശ്യമായിരുന്നെങ്കിലും എന്റെ ശേഷികളിലുള്ള വിശ്വാസത്തിലുപരി, എന്റെ ലക്ഷ്യം ദൈവികപദ്ധതിയ്ക്കനുസൃതമാണെന്ന ബോധ്യത്താലുണ്ടായിരുന്ന, അത് എനിക്ക് ലഭ്യമാകും എന്ന, ദൃഢവിശ്വാസമായിരുന്നു എന്നെ നയിച്ചിരുന്നത്.
ജോസാന്റണി:
ഇപ്പോള്‍ രാജഗിരിയില്‍നിന്നു പിരിഞ്ഞിട്ട് ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഉണ്ടാക്കാമായിരുന്നതിലും എത്രയേറെ നേട്ടങ്ങളാണ് താങ്കള്‍ വ്യക്തിപരമായിത്തന്നെ ഉണ്ടാക്കിയിട്ടുള്ളത്!
വര്‍ഗീസ് പോള്‍:
വ്യക്തിപരമായ നേട്ടം അവിടെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കിലും കുറെയൊക്കെ ഉണ്ടാക്കാനാകുമായിരുന്നു. എന്നാല്‍ അത് ദരിദ്രരെ ചൂഷണംചെയ്യുന്നതിന്റെ ഓഹരിയാണെന്ന തിരിച്ചറിവ് എന്നും എന്റെ മനസ്സാക്ഷിയെ നീറ്റുമായിരുന്നു. ഇന്നിപ്പോള്‍ എനിക്കുള്ള സമ്പാദ്യത്തില്‍ ഒരു പൈസപോലും ദരിദ്രരെ ചൂഷണം ചെയ്തുണ്ടാക്കിയതല്ലെന്നും അനേകം ദരിദ്രരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നുമുള്ള ചാരിതാര്‍ഥ്യമാണ് എന്റെ ഏറ്റവും വലിയ നേട്ടം.
ഇന്നിവിടെ ഏതു തലമുറയിലുള്ളവര്‍ക്കും തന്റേടമുണ്ടെങ്കില്‍ പണംവാരാന്‍ തന്നെയുള്ള എത്രയെത്ര സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. ഒരുദാഹരണം പറയട്ടെ: കഴിഞ്ഞ ദിവസം യാത്രയ്ക്കിടയ്ക്ക് ഒരു പച്ചക്കറിക്കടക്കാരന്‍ പഴുത്തു ചീഞ്ഞുതുടങ്ങിയ ഒരു മത്തങ്ങാ വെയ്സ്റ്റ് പാത്രത്തിലേക്കിടുന്നു. ഞാനൊട്ടും മടിച്ചില്ല, ആ മത്തങ്ങായെടുത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഷമ്മിക്കൂട്ടിലിട്ട് വീട്ടിലേക്കു കൊണ്ടുപോന്നു. വീട്ടില്‍ വന്നശേഷം അതുമുറിച്ച് കുരുവെടുത്ത് ഉണങ്ങാന്‍ വച്ചു. ഉണങ്ങിയശേഷം പത്തെണ്ണം വീതം ഓരോ ചെറിയ കൂടുകളിലിട്ട് പച്ചക്കറിവിത്തുകള്‍ വി
ല്‍ക്കുന്ന കടയില്‍ കൊണ്ടുപോയി കൊടുത്തു. എനിക്കു രണ്ടു രൂപാവീതം കിട്ടി. മത്തങ്ങയായി വിറ്റാല്‍ ആ പച്ചക്കറിക്കടക്കാരനു കിട്ടുമായിരുന്നതിന്റെ ഇരട്ടി. പച്ചക്കറിക്കടക്കാരന്‍തന്നെ ആ വിത്തുകള്‍ സംഭരിച്ച് ഉണക്കി പായ്ക്കുചെയ്ത് ആവശ്യക്കാര്‍ക്കു വിറ്റിരുന്നെങ്കില്‍ അയാള്‍ക്ക് എനിക്കു കിട്ടിയതിന്റെ ഇരട്ടി നേടാനാവുമായിരുന്നു. നമ്മുടെ കാല്ക്കീഴിലുള്ള ഭാഗ്യം ചവിട്ടിയരച്ചു കടന്നുപോകുന്നവരാണ് നമ്മില്‍ മിക്കവരും. ഇങ്ങനെയുള്ള സാധ്യതകളെപ്പറ്റി ഒരു പുസ്തകമെഴുതാന്‍ ഞാന്‍ കരുതുന്നുണ്ട്.
ജോസാന്റണി:
വ്യക്തിത്വവികസനമുള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലമാണല്ലൊ, താങ്കളുടെ ഇപ്പോഴത്തെ പ്രധാന വരുമാനം. വളരെ ലളിതമായ ഒരു ജീവിതശൈലിയുടെ ഉടമയായ താങ്കള്‍ക്ക് വലിയൊരു സമ്പാദ്യം ഇപ്പോള്‍ ഉണ്ടാവുമെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
വര്‍ഗീസ് പോള്‍:
ഈ വീടും പരിശീലനകേന്ദ്രവും ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്നവിധം വാതിലുകള്‍ തുറന്നിട്ടിട്ടുള്ള ഒന്നാണ്. ഇതുപോലെയുള്ള ഏതാനും വീടുകളും അച്ഛന്മാരില്ലാത്ത എണ്‍പതില്‍പ്പരം കുട്ടികള്‍ക്കായി ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടങ്ങിയിട്ടുള്ള ഒരു ഭവനവുമാണ് എന്റെ സമ്പാദ്യം.
ജോസാന്റണി:
താങ്കള്‍ സാധാരണക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമായി നല്കുന്ന പരിശീലനങ്ങള്‍ ഏതെല്ലാം വിധത്തിലുള്ളവയാണ്?
വര്‍ഗീസ് പോള്‍:
PREM (Promotion of Tural Employment and Marketing) എന്ന പരിപാടിയാണ് പ്രധാനം. വരുമാനം വര്‍ധിപ്പിക്കുക, ചെലവു ചുരുക്കുക സമ്പാദ്യശീലം വളര്‍ത്തുക, തൊഴില്‍ സംരംഭകത്വംവളര്‍ത്തുക, ഉത്പാദന-വിപണനതന്ത്രങ്ങള്‍ പരിചയിപ്പിക്കുക സദേശീയത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ അമ്പതോളം ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന പരിശീലനമാണിത്. ശുചിത്വപൂര്‍ണമായ ജീവിതത്തിനു സഹായകമായ സോപ്പ്, വാഷിങ് പൗഡര്‍, ടൂത്ത് പൗഡര്‍, പെയിന്‍ ബാം മുതലായവ നിര്‍മിക്കാനും വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ സംസ്‌കരിക്കാനും വിപണനം ചെയ്യാനും ആയി രണ്ടുതരം പരിശീലനങ്ങളുണ്ട്. ആവശ്യക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയും ചാലക്കുടിയിലെ CALL ല്‍ വച്ചും പരിശീലനം നല്കാറുണ്ട്. കൂടാതെ ASHA (Alternate Search in Health Action) എന്നൊരു പരിശീലന പരിപാടിയുമുണ്ട്. രോഗം വരാന്‍ കാത്തിരിക്കാതെ, ആശുപത്രികളെ അന്ധമായി ആശ്രയിക്കാതെ, ഡോക്ടറെ അമിതമായി വിശ്വസിക്കാതെ, അനാവശ്യ പരിശോധനകള്‍ ഒഴിവാക്കിക്കൊണ്ട് അപകടകരമായ മരുന്നുകള്‍ ഉപേക്ഷിച്ചുകൊണ്ട് ആരോഗ്യകരമായി ജീവിക്കുന്നതിനുള്ള പരിശീലനമാണിത്. ശരിയായ ആഹാരത്തിലൂടെ രോഗപ്രതിരോധശേഷിനേടിയും ആരോഗ്യ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിച്ചും ജീവിതം എങ്ങനെ സുഖകരമാക്കാമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പരിപാടി.
ജോസാന്റണി:
അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഇവിടെനിന്ന് എന്തെങ്കിലും സഹായങ്ങള്‍ നല്കുന്നുണ്ടോ?
വര്‍ഗീസ്‌പോള്‍:
പുസ്തകങ്ങളും റൈസ് കുക്കര്‍ പോലെയുള്ള ഉത്പന്നങ്ങളും വിപണനംചെയ്യാന്‍ ഇവിടെനിന്ന്് പരിശീലനവും സഹായവും കിട്ടിയിട്ടുള്ളവരുടെ സഹായം ഉത്പന്നങ്ങളുടെ വിപണനത്തില്‍ നിങ്ങള്‍ക്കുപയോഗിക്കാമെങ്കിലും സ്വന്തം വീട്ടിലേക്കുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചശേഷം അവ അയല്‍ക്കാര്‍ക്കും പരിചയപ്പെടുത്തി സാവധാനം വിപണി വിപുലപ്പെടുത്തുന്നതാണ് നല്ലത്. അസംസ്‌കൃവസ്തുക്കള്‍ വാങ്ങാനും ആദ്യമൊക്കെ ഇവിടെനിന്ന് സഹായിക്കും. എങ്കിലും, കൂടുതല്‍ ലാഭകരമായി അവ കിട്ടുന്ന സഥലങ്ങളും കൂടുതല്‍ ലാഭകരമായി ഉത്പന്നങ്ങള്‍ വില്ക്കാന്‍ കഴിയുന്ന സ്ഥലങ്ങളും ഉത്പാദകര്‍ സ്വയം തേടുന്നതായിരിക്കും കൂടുതല്‍ പ്രയോജനപ്രദം.
ജോസാന്റണി:
ഗുരു നിത്യചൈതന്യയതി പ്രത്യേകം ക്ഷണിച്ചതനുസരിച്ച് കൈത്തറിയുമായി ബന്ധപ്പെട്ട ഒരു പഠനപരിപാടിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തോടൊപ്പം രണ്ടുവര്‍ഷത്തോളം ജീവിക്കാനുള്ള അവസരം എനിക്കു കിട്ടിയത്. അന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസ്സിനസ്സിലും വലിയ താത്പര്യമില്ലായിരുന്നെങ്കിലും സാമൂഹ്യസേവനതത്പരനായിരുന്ന എന്നോട് ലോകസാമ്പത്തിക രംഗത്തുള്ള ചില അശാസ്ത്രീയതകളെപ്പറ്റി പഠിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യമാവുന്നു.
വര്‍ഗീസ് പോള്‍:
GATT, ASIAN എന്നിങ്ങനെയുള്ള ആഗോള കരാറുകളിലൂടെ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ചൂഷണംചെയ്യാന്‍ കരുക്കള്‍ നീക്കിയ വന്‍ശക്തികളോടൊപ്പം നാമും വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. എങ്കിലും, സ്ഥാപിതതാത്പര്യക്കാരാണ് രാഷ്ട്രീയക്കാര്‍ എന്ന ധാരണ നമുക്കുണ്ട്. അവര്‍ പറയുന്നതൊന്നും വിവേകപൂര്‍വം ഉള്‍ക്കൊള്ളാന്‍ നമുക്കിന്നു കെല്പില്ല. ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ ആ രാജ്യങ്ങളുടെ കറന്‍സി മാനദണ്ഡമാക്കുകയും അങ്ങനെ കണക്കാക്കിയ ഉത്പന്നമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തികസ്ഥിതി നിശ്ചയിക്കുകയും ചെയ്യുന്നത് എന്തായാലും അശാസ്ത്രീയമാണ്. അവ വെറുതെ താരതമ്യം ചെയ്ത് രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി നിര്‍ണയിക്കുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ എത്രയോമുമ്പേ തയ്യാറാകേണ്ടതായിരുന്നു.
ജോസാന്റണി:
1982 ല്‍ നടത്തിയ കൈത്തറിയുമായി ബന്ധപ്പെടുത്തി ഗുരു നിത്യചൈതന്യയതി നടത്തിയ ഒരു പഠനപരിപാടിയില്‍ ഞങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. കൂടാതെ സാമ്പത്തിക മേഖലയിലെ പ്രധാന വൈരുദ്ധ്യം വിഭവസമൃദ്ധിയും പണധാരാളിത്തവും (abundance and opulence) തമ്മിലാണെന്ന നടരാജഗുരുവിന്റെ Towards A One world Economics എന്ന പുസ്തകത്തിലെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥത്തില്‍ യാതൊരു ഉപയോഗമൂല്യവുമില്ലാത്ത പണത്തെ എല്ലാ ഉപയോഗമൂല്യവുമുള്ളതായി ധരിച്ച് പണത്തിന് പരമപ്രാധാന്യം നല്കുന്ന നമ്മുടെ മനോഭാവമാണ് വേദാന്തത്തില്‍ പറയുന്ന മായയുടെ ഏറ്റവും നല്ല ഉദാഹരണമെന്ന് നിത്യചൈതന്യയതി പറഞ്ഞതും വളരെ ശ്രദ്ധേയമായിരുന്നു.
വര്‍ഗീസ് പോള്‍:
എനിക്ക് നടരാജഗുരുവിന്റെയോ നിത്യചൈതന്യയതിയുടെയോ സാമ്പത്തികശാസ്ത്രമൊന്നും നിശ്ചയമില്ല. എങ്കിലും നമ്മുടെ നിത്യോപയോഗത്തിനാവശ്യമുള്ള, നമുക്കു വേണ്ടത്രയില്ലാത്ത, ഭക്ഷ്യോത്പന്നങ്ങളും മറ്റും വിദേശനാണ്യത്തിനുവേണ്ടി കയറ്റുമതിചെയ്യുന്നതും ഇവിടെ വേണ്ടത്രയുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതും സാധാരണക്കാരന് നന്മചെയ്യില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്.
ജോസാന്റണി:
ഇതൊക്കെ നടരാജഗുരുവും പറയുന്നൂണ്ടെങ്കിലും, ഓഹരിവിപണിയിലും റിയല്‍ എസ്റ്റേറ്റിലുമൊക്കെ പണമിറക്കി 'കാള'യും 'കരടി'യും കളിച്ച് പണക്കാരാവുന്നവരാണോ രാജ്യത്ത് തൊഴിലവസരങ്ങളും ഉത്പാദനവും വര്‍ധിപ്പിക്കാനായി പണം മുടക്കുന്നവരാണോ ഇക്കാലത്ത് എതിര്‍ക്കപ്പെടേണ്ട മുതലാളിത്ത ശക്തികളെന്നതാണ് നടരാജഗുരു ഉയര്‍ത്തിയ ഒരു പ്രധാന ചോദ്യം.
വര്‍ഗീസ് പോള്‍:
എന്തെല്ലാമാണെങ്കിലും പുതിയ തലമുറ ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് വിവരവിനിമയത്തിലൂടെയും വിനോദോപാധികളിലൂടെയും ലഭ്യമാകുന്ന സന്തോഷത്തിനാണെന്നും അവയിലൂടെതന്നെ അവരെ ബോധവത്കരിക്കാന്‍ എന്നാലാവുന്നതു ചെയ്യുകയാണ് എന്റെ സ്വധര്‍മമെന്നുമാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ത്തന്നെയാണ് ഇവിടെയിരുന്നുകൊണ്ടുതന്നെ ഇ-ടീച്ചിങ് വഴിയും മറ്റും വിദേശങ്ങളിലേക്ക് അവരുടെ വൈഭവങ്ങള്‍ കയറ്റുമതിചെയ്ത് വിദേശനാണ്യം സമ്പാദിക്കാന്‍ ഇന്റര്‍നെറ്റുപയോഗിക്കാന്‍ കഴിയും എന്ന പുതിയ സാധ്യത ചൂണ്ടിക്കാണിച്ചുതന്നപ്പോള്‍ അതിനെക്കുറിച്ചുള്ള പുസ്തകം ഇവിടെനിന്നു പ്രസിദ്ധീകരിക്കാന്‍ എനിക്ക് താത്പര്യം തോന്നിയത്. ഏതായാലും വ്യക്തിപരമായി എനിക്ക് ഏറ്റവുമധികം ചാരിതാര്‍ഥ്യം പകരുന്ന ഒന്നാണ് ജനകീയപുസ്തകങ്ങളുടെ രചനയും പ്രസാധനവും. പുസ്തകപ്രസാധനത്തില്‍ മുഖവിലയുടെ പകുതിവിലയ്ക്ക് പുസ്തകങ്ങള്‍ വില്‌ക്കേണ്ടി വരുന്ന ഒരു സംവിധാനമാണ് പൊതുവേ നിലവിലുള്ളത്. മിക്ക പ്രസാധകരും ഉതിപാദനച്ചെലവിന്റെ നാലിരട്ടി വിലയിട്ടാണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. എന്റെ പുസ്തകം വിതരണം ചെയ്യുന്നവരെയെല്ലാം എന്റെ സഹകാരികളായി കരുതി അവര്‍ക്ക് മാന്യമായ പ്രതിഫലം ലഭ്യമാക്കുകയും രചനയുടെയും പ്രസാധനത്തിന്റെയും പേരില്‍ വളരെ ചെറിയൊരു പ്രതിഫലം മാത്രം കൈപ്പറ്റുകയുമാണ് ഞാന്‍ ചെയ്യുന്നത്. എങ്കിലും എന്റെ പുസ്തകങ്ങളുടെ പ്രധാന വില്പനക്കാരന്‍ ഞാന്‍ തന്നെയായതിനാല്‍ എനിക്ക് സാമാന്യം നല്ല വരുമാനം ഈ സംരംഭത്തില്‍നിന്ന് കിട്ടുന്നുണ്ട്. പത്തു രൂപയ്ക്ക് നൂറു പേജുകളോളമുള്ള പുസ്തകങ്ങള്‍ നല്കാന്‍ കഴിയുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് നമുക്കു പറയാനുള്ള ആശയങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതിലുള്ള കൃതാര്‍ഥതയാണ് എന്റെ ഏറ്റവും വലിയ 
സന്തോഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ