2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പഴയിടം പള്ളിമുറ്റത്ത് അന്നു സംഭവിച്ചത്:

ജോർജ് ജോസഫ് K.
(ചെയർമാൻ, KCRM.)
പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനം(KCRM-RegNo.K.152/10) എന്ന സംഘടനയുടെ മുഖപത്രമാണ് സത്യജ്വാല മാസിക. കാനോൻ നിയമം പൗരസ്ത്യസഭകൾക്കുകൂടി ബാധകമാക്കി, ഭാരതസഭയെ റോമിനു അടിമപ്പെടുത്തുന്നതിനെതിരെ കേസുകൊടുത്തുകൊണ്ട്, 1991 മുതൽ പ്രവർത്തനമാരംഭിച്ച സംഘടന, 2009 പകുതിയോടുകൂടി കൂടുതൽ സജീവമായി. അതിന്റെ ഭാഗമായി, 2011 നവംബറിൽ അൽമായശബ്ദം (almayasabdam.blogspot) ബ്ലോഗ് ആരംഭിച്ചു. 2012 ഫെബ്രുവരി മുതൽ സത്യജ്വാല മാസികയും. ഇതൊരു റജിസ്റ്റേർഡ് പ്രസിദ്ധീകരണമാണ്. മുടങ്ങാതെ എല്ലാ മാസവും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ മാസികയിലൂടെ, വിശ്വാസ മൊത്തക്കച്ചവടക്കാർക്ക് അപ്രിയമായ സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഏതെങ്കിലും രാജാക്കളുടെ നീളൻ കുപ്പായത്തിന്റെ കീശയിൽ കിടക്കുന്ന അധോലോകഗുണ്ടാനേതാവല്ല ദൈവമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇവരുടെ തിട്ടൂരമില്ലാതെയും ദൈവത്തിൽ വിശ്വസിക്കാം എന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്. പണം കൊണ്ട് സ്വർഗവും നരവും തീർക്കുന്ന ബിസിനസ് നിർത്തി, അത്മീയതയിലേക്ക് ഇവർ മടങ്ങണമെന്നും അതിനായി സർക്കാർ നിയമമുണ്ടാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ ബ്ലോഗിലൂടെ കിട്ടുന്ന വിവരത്തിന്റെ ഒരു ഭാഗം മാത്രമേ മാസികയിലൂടെ പങ്കുവെയ്ക്കാൻ കഴിയുന്നുള്ളു എന്നത് ഞങ്ങളുടെ പരിമിതിയാണ്. കണക്കു കാണിക്കേണ്ടാത്ത പണമല്ല ഞങ്ങൾ ചെലവിഴിക്കുന്നതെന്നതാണ് കാരണം.
 രണ്ടിലേറെ തവണ ഇന്ത്യാവിഷൻ ചാനലിലെ വാരന്ത്യത്തിൽ സത്യജ്വാല മാസിക പരാമർശിക്കപ്പെട്ടു എന്നത് ഞങ്ങൾ അഭിമാനകരവും പ്രോത്സാഹജനകവുമായിക്കാണുന്നു.
          ഇനി പഴയിടം പള്ളിമുറ്റത്ത് അന്നു സംഭവിച്ചത്:
8 പത്രങ്ങൾ വായിച്ചിട്ടും ദേശാഭിമാനിയിൽമാത്രം കണ്ട വാർത്തയനുസരിച്ചാണ് ഞാനും മാസികയുടെ ചീഫ് എഡിറ്റർ ജോർജ് മൂലേച്ചാലിലും കൂടി, 25/08/13 ഞായറാഴ്ച പഴയിടം പള്ളിയിൽ എത്തുന്നത്. പഴയിടം പള്ളിയിൽ 42 വർഷമായി കപ്യാരായി ജോലി ചെയ്തിരുന്ന ശ്രി കുര്യാച്ചനെ മുന്നറിയിപ്പില്ലാതെയും ആനുകൂല്യങ്ങൾ നൽകാതെയും ജൂൺ 30നു പിരിച്ചുവിട്ടതിന് എതിരെ ഇടവകക്കാർ പള്ളിമുറ്റത്തു പ്രാർഥന പ്രതിഷേധം നടത്തുന്നു എന്നായിരുന്നു വാർത്ത.
രാവിലെ 8.25നു ഞങ്ങൾ പള്ളിമുറ്റത്തേയ്ക്കു കയറുമ്പോൾ കുർബാന കഴിഞ്ഞ് ആളുകൾ പള്ളിയിൽ നിന്നു പുറത്തേയ്ക്കിറങ്ങുകയായിരുന്നു. അവിടെ നടത്തുമെന്നറിഞ്ഞ പ്രതിഷേധയോഗം മാസികയിലേയ്ക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുർബാന കഴിഞ്ഞ് മുറിയിലേയ്ക്കു പോകുന്നതിനിടയിൽ വികാരി ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു; ഞാൻ തിരിച്ചും. എനിക്കു 15 വർഷത്തിലേറെയായി പരിചയമുള്ള അധ്യാപകസുഹൃത്തിനെ അവിടെ കണ്ടുമുട്ടാമെന്നു കരുതിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഫോൺനമ്പർ നഷ്ടപ്പെട്ടതിനാൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. അപരിചിതരായ ആരോടു ചോദിച്ച് കാര്യങ്ങൾ മനസിലാക്കുമെന്നു കരുതി കുറെ സമയം ഞങ്ങൾ അവിടെ നിന്നു. 60 70 ആളുകൾ പിരിഞ്ഞു പോകാതെ അവിടെയും ഇവിടെയും നിന്ന് എന്തൊക്കെയോ പറയുന്നു.
9 മണി കഴിഞ്ഞു. പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടി നടക്കുന്ന മട്ടില്ലല്ലോ. നമുക്ക് തിരിച്ചു പോയേക്കാം എന്നു ഞങ്ങൾ പരസ്പരം പറഞ്ഞുവെങ്കിലും അല്പസമയം കൂടി കാത്തുനിൽക്കാമെന്നു കരുതി. 40-50 പേരടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് മുറ്റത്തിനു താഴെ രണ്ടാമത്തെ തൊട്ടിയിൽ നിൽക്കുന്നതു കണ്ട് ഞങ്ങൾ അവിടെ ചെന്നുനിന്നു. അവർ പ്രതിഷേധയോഗം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക യാണെന്നു ഞങ്ങൾക്കു മനസിലായി.
വീണ്ടുമൊരല്പം കഴിഞ്ഞപ്പോൾ, കൊരട്ടിയിൽ പുരോഹിതതട്ടിപ്പിനിരയായ അറക്കൽ മോനിക്കാ തോമസ് എത്തിയിട്ടുണ്ട് എന്നു ശ്രീ മൂലേച്ചാലിൽ പറഞ്ഞതനുസരിച്ച് ഞങ്ങൾ രണ്ടുപേരും കൂടി പള്ളിമുറ്റത്തുനിൽക്കുന്ന ശ്രീമതി മോനിക്ക തോമസിന്റെ അടുത്തേയ്ക്കു നടന്നു. അപ്പോൾ എന്റെ സുഹൃത്തിന്റെ ഫോൺവിളി വന്നു. ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ട് മോനിക്കയുടെ അടുത്തേയ്ക്കു കയറിച്ചെന്നു. ഏതാണ്ട് 10 മിനിറ്റോളമായി അവിടെ നിന്നിരുന്ന മോനിക്കയുടെ അടുത്തേയ്ക്ക് ഈ സമയത്ത് മൂന്നുനാലു പേർ പാഞ്ഞു ചെന്ന് കേട്ടാലറയ്ക്കുന്ന ചീത്ത വിളിച്ചു. മോനിക്കയും മൂലേച്ചാലിലും പെട്ടെന്നു തന്നെ അവിടെ നിന്നു പിന്തിരിഞ്ഞു കാറിൽ കയറിപ്പോയി. ഇതിനിടയിൽ മദ്യപാനികൾ പോലും പറയാത്തതരം ചീത്തപറഞ്ഞുകൊണ്ട് അഞ്ചെട്ടുപേർ എന്റെ നേരെയും തിരിഞ്ഞു. ഒന്നും പ്രതികരിക്കാതെ മുൻപോട്ടു നടന്ന എന്നെ ഒരാൾ (മണ്ണയ്ക്കനാട്ട് രാജു) പിടിച്ചു നിർത്തി. മറ്റൊരാൾ എന്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചു. രണ്ടുമൂന്നു തവണ വലിച്ചെങ്കിലും ഞാൻ പിടിവിട്ടില്ല. (അല്പം വിലകൂടിയ ക്യാമറയും ഫ്ലാഷും അതിലുണ്ടായിരുന്നു.) എന്നെ കയ്യേറ്റം ചെയ്യുന്നതു കണ്ട് താഴെ നിന്നവർ ഓടിയെത്തി. അവരെ തടഞ്ഞു. എന്നെ രക്ഷിച്ചു. (ഇപ്പോഴും എനിക്ക് അറിയാത്ത ആ സഹോദരങ്ങൾക്ക് എന്റെ നന്ദി; ക്രിസ്തീയത അല്പമെങ്കിലും അവശേഷിക്കുന്നു എന്ന് തെളിയിച്ചല്ലൊ! മാത്രമല്ല, ഒരു അനിഷ്ടസംഭവം ഒഴിവാക്കുകയും ചെയ്തു, വളച്ചൊടിക്കാൻ നിങ്ങൾക്ക് ഒരു ചൂടുവാർത്ത നഷ്ടപ്പെട്ടെങ്കിലും!!)
പിന്നീട് ഇടവകക്കാർ തമ്മിൽ കയ്യാങ്കളിയാകുമെന്നു കണ്ട ഞാൻ, എന്നെ പ്രതി നിങ്ങൾ തമ്മിൽത്തല്ലരുത്. ഇതു നിങ്ങളുടെ പൊതുസ്വത്താണ്. ഏതെങ്കിലും പുരോഹിതന്റെയൊ മെത്രാന്റെയൊ അല്ല. എന്റെയുമല്ല. ഞാനും വികാരിയുമൊക്കെ ഇവിടെ നിന്നു പോകും. പക്ഷെ നിങ്ങൾ ഇവിടെ ജീവിക്കേണ്ടവരാണ്. മാത്രമല്ല, തമ്മിലടിച്ചും തെറിവിളിച്ചുമാണോ ക്രിസ്ത്യാനികളാണെന്നു തെളിയിക്കുന്നത്? ക്രിസ്ത്യാനി എന്ന വാക്കിന്റെ അർഥമെങ്കിലും നമ്മൾ അറിയേണ്ടെ? ഞങ്ങൾ ഈ പ്രശ്നമുണ്ടാക്കാൻ വന്നവരല്ല. ഇവിടത്തെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ വന്നതാണ്. ഞങ്ങൾക്ക് സത്യജ്വാല എന്നൊരു മാസികയുണ്ട്. അതിലേയ്ക്കാണ്. ആഗസ്റ്റിലെ മാസികയിൽ ഇവിടത്തെ സംഭവം പരാമർശിച്ചിട്ടുണ്ട്. (കപ്യാർ പ്രസിദ്ധീകരിച്ച നോട്ടിസ് ഞങ്ങൾക്ക് കിട്ടിയിരുന്നു. അതു മാസികയിൽ ചേർത്തിട്ടുണ്ട്.) നോക്കിക്കോളൂ എന്നു പറഞ്ഞ് മാസികയുടെ 50 കോപ്പികൾ കൊണ്ടു ചെന്നിരുന്നത് വിതരണം ചെയ്തു. (യോഗം നടക്കുന്നിടത്തു വിതരണം ചെയ്യുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.)
അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും ഒറ്റസ്വരത്തിൽ പറഞ്ഞു, ചേട്ടന്മാർ പോകരുത്. ഞങ്ങളുടെ ഈ പ്രശ്നം ലോകത്തിനു മുൻപിൽ എത്തിക്കണം. പടം എടുക്കണം. വാർത്തയും കൊടുക്കണം. മൂടുതാങ്ങികളായ കുറെപ്പേർ ചേർന്ന് ഈ സംഭവം പത്രത്തിലും ചാനലുകളിലും വരാതെ തടഞ്ഞിരിക്കുകയാണ്. നിങ്ങളെങ്കിലും തയ്യാറായല്ലോ. ഇവിടെ ഒരുത്തനും ഒന്നും ചെയ്യില്ല. അല്ലെങ്കിൽ അതൊന്നു കാണട്ടെ. അതോടെ ശാന്തത കൈവന്നു. അവർ ഞങ്ങൾക്ക് കാപ്പി വാങ്ങി തന്നു. ഉച്ചഭക്ഷണം വാഗ്ദാനം ചെയ്തു. സംഭവിച്ചതിനു ചിലർ വന്ന് മാപ്പു പറഞ്ഞു. പിന്നീട് മോനിക്കയോടും മാപ്പു പറഞ്ഞതായി അറിഞ്ഞു.
ഞങ്ങൾ കപ്യാർ കുര്യാച്ചനോട് സംഭവം ചോദിച്ചറിഞ്ഞു. മറ്റു പലരോടും തിരക്കി. ആരും വികാരിയെക്കുറിച്ച് നല്ലതു പറഞ്ഞില്ല. പല ഇടവകയിലും പ്രശ്നമുണ്ടാക്കി പെട്ടെന്നു സ്ഥലംമാറ്റം വാങ്ങുന്ന സ്വഭാവക്കാരനാണെന്നറിയാൻ കഴിഞ്ഞു. പ്രകൃതിഭംഗി നിറഞ്ഞ കുന്നിൻചെരിവ് ഉഴുതു മറിച്ച്, 50-60 ഇഞ്ചുള്ള നൂറോളം തേക്കുകൾ പിഴുതു മാറ്റി. കുളം കുഴിച്ച് പള്ളിക്ക് കടം വരുത്തി. 270 കുടുംബങ്ങൾ മാത്രമുള്ള ഇടവകയിൽ 3 കോടി രൂപയുടെ പാരിഷ് ഹാൾ പണിയുന്നു. പിരിവിനു കണക്കില്ല. പള്ളിക്കു കണക്കൻ പോലുമില്ല. പൊതുയോഗം കൂടുന്നില്ല. കൂടിയാൽ തന്നെ, സ്വന്തം തീരുമാനം നടപ്പില്ലെന്നു കണ്ടാൽ പിരിച്ചുവിടുന്നു. തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മാത്രമേ ഇടവകക്കാർ അറിയുന്നുള്ളു. ഏകാധിപത്യം നടത്തുകയാണ്..........ഒന്നര വർഷമായി. ഞങ്ങൾ മടുത്തു.
ഇതിനിടയിൽ ധർണയ്ക്കു വേണ്ട ഒരുക്കങ്ങൾ നടന്നു. 9.40ഓടുകൂടി ശ്രീ ജോസഫ് പുതുപ്പറമ്പിൽ സാറിന്റെ (എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠസഹോദരൻ) ആമുഖപ്രസംഗത്തോടുകൂടി പ്രതിഷേധ പ്രാർഥന ആരംഭിച്ചു. ഞാൻ കുറച്ച് പടമെടുത്തു. (ശ്രി ജോർജ് മൂലെച്ചാലിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി 9.30നു തിരിച്ചു പോയി.) ഇതിനിടെ സത്യജ്വാലയുടെ സർക്കുലേഷൻ മാനേജർ ശ്രി സി.വി. സെബാസ്റ്റ്യനും എത്തിച്ചേർന്നു. ആരോ പറഞ്ഞറിഞ്ഞ് എന്റെ സുഹൃത്ത് എന്നെ തേടിയെത്തി. കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഞാനും സെബാസ്റ്റ്യനും കൂടി 11മണിയോടുകൂടി തിരികെ പോരാൻ തുടങ്ങിയെങ്കിലും ഇടവകക്കാരുടെ നിർബന്ധത്തിനു വഴങ്ങി 12 മണി വരെ അവിടെ ചെലവഴിച്ചു. 11 മണിയോടടുത്ത് പൊലീസ് എത്തി. സമരക്കാരോട് പിരിഞ്ഞു പോകണമെന്നും പ്രശ്നങ്ങൾ സർക്കിൾ/ ഡി.വൈ.എസ്.പി.യുമായി സംസാരിച്ച് പരിഹരിക്കാമെന്നും പറഞ്ഞു. അവർ അവരുടെ പള്ളിമുറ്റത്തു വികാരിക്കും വികാരി ജനറാളിനും അവരുടെ മണിയടിക്കാർക്കും നല്ല ബുദ്ധിയുണ്ടാകാൻ പ്രാർഥിക്കുക യാണെന്നും അതിനു അവർക്ക് അവകാശമുണ്ടെന്നും പറഞ്ഞതു കേട്ട് എസ്.ഐയും എഎസ്ഐയും പള്ളി മുറിയിലേയ്ക്കു പോയി. വികാരി സെബാസ്റ്റ്യൻ കറിപ്ലാക്കൾ കത്തനാരോടും വികാരി ജനറൽ പായിക്കാട്ട് കത്തനാരോടും സംസാരിച്ചു. തിരികെ പോയി. കുറെ കഴിഞ്ഞ് പൊലീസ് വീണ്ടും വന്നു; പോയി. മഴ പെയ്തതിനെത്തുടർന്ന് ഞങ്ങൾ തിരികെ പോന്നു.
ഞാനെടുത്ത വീഡിയോയും ചിത്രങ്ങളും ഇതിനെല്ലാം തെളിവാണ്.
ഇവിടെ ആരാണ് സംഘർഷമുണ്ടാക്കിയത്? ആരാണാവർക്ക് ഒത്താശ ചെയ്യുന്നത്?
ഈ പ്രശ്നം പരിഹരിക്കാതിരിക്കുന്നതുകൊണ്ട് ആർക്കാണ് ലാഭം/നഷ്ടം?
പള്ളിക്കാര്യം പൊലീസ് ഇടപെട്ടാണോ തീർക്കേണ്ടത്?അങ്ങനെയെങ്കിൽ അതു അധികാരികളുടെ കഴിവുകേടിനെയല്ലേ കാണിക്കുന്നത്?ഇടവകക്കാരെ തമ്മിൽ അടിപ്പിക്കാനാണോ വികാരി ശ്രമിക്കേണ്ടത്? അനൈക്യത്തിനും സംഘർഷത്തിനും സാഹചര്യമൊരുക്കുന്നവരെ ഔദ്യോഗിക സ്ഥാനത്തുനിന്നും മാറ്റി നിർത്തേണ്ടതല്ലേ?ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ടെന്നുള്ളതുകൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ നിഷേധിക്കുന്നത് ഏകാധിപത്യപരമാണെന്നു തെളിയുന്നില്ലേ? ഇടവകക്കാർ അറിയാതെയാണോ ഇടവകക്കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടത്?
ഇരുപത്(?) അല്ല, രണ്ടു പേരാണെങ്കിലും പള്ളിമുറ്റത്തു പ്രതിഷേധിക്കാൻ ഇടയാക്കുന്നതു അധികാരികൾക്കു ഭൂഷണമാണോ? പ്രതിഷേധാർഹമായ കാര്യ്ങ്ങൾ  ഒഴിവാക്കുന്നതല്ലെ കൈകര്യം ചെയ്യുന്നതിലും എളുപ്പവും മഹത്തരവും? പള്ളി മുറ്റത്ത് എന്നല്ല എവിടെയും തെറിപറയാനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുന്നതിനെ മഹത്വവൽക്കരിക്കുന്നത് ശരിയോ?
മോനിക്കയെ ഉദ്ഘാടനത്തിനു ആരു ക്ഷണിച്ചു? ക്ഷണിച്ചെങ്കിൽ അവരെ എന്തിനു ചീത്ത വിളിക്കുകയും ഓടിക്കുകയും ചെയ്തു? ആരും ക്ഷണിക്കാതെ അവർ ഉദ്ഘാടനത്തിനു വന്നതെന്നു ആരു തീരുമാനിച്ചു?
ആർഭാടവും അഹങ്കാരവും പ്രതികാരവും നിറഞ്ഞ പുരോഹിതർ ദാരിദ്ര്യത്തിന്റെയും എളിമയുടെയും ക്ഷമയുടെയും പ്രതീകമായ യേശുവിന്റെ പ്രതിപുരുഷന്മാർ എന്നവകാശപ്പെടുന്നത് തെറ്റല്ലേ?
സഭയെന്നത് മെത്രാനും പുരോഹിതനുമാണെന്നു ആരാണു പറഞ്ഞത്? സ്കൂളെന്നു പറഞ്ഞാൽ അധ്യാപകരും ഹെഡ്മാസ്റ്ററും മാത്രമാണെന്നാണോ?
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരുദ്ധർ എന്നു വിളിച്ചാൽ ആരു വകവെക്കും?
ചോദ്യങ്ങൾ ഇനിയുമുണ്ട്. ഉത്തരമാണു ദുർബലം...
പുരോഹിതർ/സന്യസ്തർ ചരിത്രം (ചാരിത്ര്യവും!) മറന്നാലും പത്രക്കാർ മറക്കാമോ? പതനത്തിനു മുൻപ് യൂറോപ്പിലും സഭാനേതൃത്വം ഇങ്ങനെ ആയിരുന്നല്ലോ!
സൂര്യനെ എത്രനാൾ പഴമുറംകൊണ്ട് മറച്ചുപിടിക്കൻ കഴിയും?! എത്രനാൾ വാർത്തകൾ മൂടിവെക്കാനൊ വളച്ചൊടിക്കാനോ കഴിയും?
പോപ്പ് ഫ്രൻസിസ് പറഞ്ഞത് തന്നെയാണ് ഞങ്ങളും പറയുന്നത്- കാലം മാറിയതു തിരിച്ചറിഞ്ഞ് നിങ്ങൾ ജനത്തോടൊപ്പം നിന്നാൽ ജനം നിങ്ങളുടെ കൂടെ നിൽക്കും.
വിനയത്തോടെ,
ജോർജ് ജോസഫ് K.,
ചെയർമാൻ, KCRM.

2 അഭിപ്രായങ്ങൾ:

  1. പഴയിടം പള്ളിമുറ്റത്ത് സംഭവിച്ചതിന്റെ ഫോട്ടോകള്‍ കാണാന്‍ സന്ദര്‍ശിക്കുക.
    http://almayasabdam.blogspot.in/2013/09/blog-post_5643.html?showComment=1378570765442#c2551513763201814440

    മറുപടിഇല്ലാതാക്കൂ